നിങ്ങൾ റെഡി ആണോ എന്നു ദുൽഖർ: ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് വരുന്നു
Mail This Article
‘ആര്‍ ഡി എക്സ്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുന്നുവെന്ന അറിയിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. തോക്ക് പിടിച്ചുനില്‍ക്കുന്ന കൈ മാത്രമുള്ള, ഇരുണ്ട പശ്ചാത്തലത്തിലുള്ള പോസ്റ്ററാണിത്. ‘തയ്യാറാണോ...?’ എന്നാണ് പോസ്റ്ററിനൊപ്പം താരം കുറിച്ചത്. ചിത്രത്തിന്റെ ആദ്യലുക്ക് വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് പുറത്തുവിടും.
തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന ദുൽഖർ ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ‘ഐ ആം ഗെയിം’. ചിത്രീകരണം പുരോഗമിക്കുകയാണ്.
വെയ്ഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ, എസ്.ജെ. സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത വർഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.