സമാന്ത–രാജ് നിദിമോരു പ്രായ വ്യത്യാസം ചർച്ചയാക്കി ആരാധകർ; കുറിപ്പുമായി രാജിന്റെ സഹോദരി Samantha and Raj’s Wedding Sparks Age Debate
Mail This Article
തെന്നിന്ത്യയുടെ പ്രിയപ്പെട്ട സാമിന് മനസു നിറഞ്ഞ് വിവാഹാശംസ നേരുകയാണ് ആരാധകലോകം. സമാന്തയുടെയും ഭർത്താവ് രാജ് നിദിമോരുവിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. അതേസമയം വിവാഹത്തെ ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. വിവാഹ ചടങ്ങുകൾക്കു തൊട്ടുപിന്നാലെ രാജ് നിദിമോരുവിന്റെ പ്രായത്തെ ചൂണ്ടിക്കാട്ടിയാണ് ചൂടുപിടിച്ച ചർച്ചകൾ.
സമാന്തയുടെ ആരാധകർ ഉൾപ്പെടെയുള്ളവർ രാജ് നിദിമോരുവിനെക്കുറിച്ച് ഗൂഗിളിൽ തിരയുന്നതിന് പിന്നിലുള്ള മുഖ്യകാരണവും രാജിന്റെ പ്രായവ്യത്യാസമാണെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം 50 വയസ്സാണ് രാജ് നിദിമോരുവിന്റെ പ്രായം. സമാന്തയ്ക്കാകട്ടെ പ്രായം മുപ്പത്തിയെട്ടും. 38 വയസ്സുമാത്രം പ്രായമുള്ള സാമന്ത 12 വയസ്സ് പ്രായക്കൂടുതലുള്ള രാജിനെ വിവാഹം കഴിച്ചതാണ് ആരാധകരുടെ ഇടയിൽ ചർച്ച. ഗൂഗിൾ അനലിറ്റിക്സ് പ്രകാരം ട്രെൻഡ് ചാർട്ടുകളിൽ ഒന്നാമത് എത്തിയിരിക്കുന്നതും ‘രാജ് നിദിമോരുവിന്റെ പ്രായം’ എന്ന അന്വേഷണമാണ്. 1975 ഓഗസ്റ്റ് 4-ന് തിരുപ്പതിയിലാണ് രാജ് നിദിമോരു ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം സമാന്ത–രാജ് വിവാഹച്ചിത്രം പങ്കുവച്ച് രാജിന്റെ സഹോദരി ശീതൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പും ശ്രദ്ധേയമായി.
‘‘ഈ നിമിഷം ഞാൻ അനുഭവിക്കുന്ന ശാന്തിക്ക് നന്ദി, ഞങ്ങളുടെ കുടുംബത്തിൽ വന്നുചേർന്ന വ്യക്തതയ്ക്ക്, പിന്നെ രാജിന്റെയും സമാന്തയുടെയും യാത്രയിലെ സൗമ്യമായ ചേർച്ചയ്ക്കും.
ഒരു കുടുംബം എന്ന നിലയിൽ, അവർ മുന്നോട്ട് പോകുന്ന രീതിയിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്…ശാന്തതയോടെയും, സത്യസന്ധതയോടെയും, രണ്ട് ഹൃദയങ്ങൾ ഒരേ പാത ബോധപൂർവം തിരഞ്ഞെടുക്കുമ്പോൾ മാത്രം ലഭിക്കുന്ന ഒരുറപ്പോടെയുമാണ് ആ മുന്നേറ്റം.
ഒരു കുടുംബമായി ഞങ്ങൾ ഒരുമിച്ച്, പൂർണമായി, സന്തോഷത്തോടെ, വൈമുഖ്യവുമില്ലാതെ അവർക്കൊപ്പം നിലകൊള്ളുന്നു, എല്ലാ രീതിയിലും അവരെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ചില ബന്ധങ്ങൾ വെറുതെ സംഭവിക്കുന്നതല്ല…അവ ശാന്തിയോടെ വന്നുചേരുന്നതാണ്.’’–ശീതളിന്റെ വാക്കുകൾ.
ഡേറ്റിങ് അഭ്യൂഹങ്ങൾക്കിടയിലാണ് രാജും സമാന്തയും വിവാഹിതരാകുന്നത്. 2024-ൽ ഇരുവരും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും സമാന്ത അത് നിഷേധിച്ചിരുന്നു. എന്നാലിപ്പോൾ വിവാഹത്തോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്.
കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ ലിംഗ ഭൈരവി ദേവിയുടെ സന്നിധിയിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ സമാന്തയും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.