‘കളം’ കൈവിടാതെ മമ്മൂട്ടി, ‘തുടരും’ എന്നു മോഹൻലാൽ...2025 ആർക്കൊക്കെ നേട്ടമായി ?
Mail This Article
2025 മലയാള സിനിമയെ സംബന്ധിച്ച് വലിയ വിജയങ്ങളുടെയും വൻ പരാജയങ്ങളുടെയും കാലമാണ്. സൂപ്പർതാരങ്ങളും യുവനായകൻമാരും കളം നിറഞ്ഞപ്പോൾ, കൊമേഴ്സ്യല്‍ പാക്കേജുകൾക്കൊപ്പം സമാന്തര – ആർട്ട് ഹൗസ് സിനിമകൾക്കും സ്വീകാര്യത ലഭിച്ചു.
മോഹൻലാൽ നായകനായ ‘തുടരും’, കല്യാണി പ്രിയദർശന്‍ നായികയായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’, നിവിൻ പോളി നായകനായ ‘സർവം മായ’ എന്നിവയാണ് ഈ വർഷത്തെ കംപ്ലീറ്റ് ഹിറ്റുകൾ. എല്ലാവിഭാഗം പ്രേക്ഷകരെയും തിയറ്ററുകളിലെത്തിക്കാനും മികച്ച അഭിപ്രായം സ്വന്തമാക്കാനും ഈ സിനിമകൾക്കായി. കലക്ഷനിലും ഇവ മുന്നിലെത്തി.
സമ്മിശ്ര അഭിപ്രായം നേടിയ മോഹൻലാലിന്റെ ‘എൽ 2 – എമ്പുരാൻ’, നസ്‌ലന്റെ ‘ആലപ്പുഴ ജിംഖാന’ എന്നീ സിനിമകൾ സാമ്പത്തികമായി നേട്ടമുണ്ടാക്കിയപ്പോൾ മോഹൻലാലിന്റെ ‘ഹൃദയപൂർവം’ കുടുംബപ്രേക്ഷകർ സ്വീകരിച്ചു. ആസിഫ് അലി നായകനായ ‘രേഖാചിത്രം’, കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓണ്‍ ഡ്യൂട്ടി’, പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഈറെ’, സന്ദീപ് പ്രദീപ് നായകനായ ‘എക്കോ’, മമ്മൂട്ടി നായകനായ ‘കളംകാവൽ’ എന്നിവയാണ് മറ്റു മികച്ച വിജയങ്ങൾ.
‘ലോക: ചാപ്റ്റർ 1– ചന്ദ്ര’ മലയാള സിനിമയെ സംബന്ധിച്ച് പുതിയൊരനുഭവമായി. ഹോളിവുഡിൽ കണ്ടു പരിചയിച്ച സൂപ്പർഹീറോ സിനിമകളെ ഓർമിപ്പിക്കുന്ന ഒരു നീറ്റ് ത്രില്ലറാണ് സംവിധായകൻ ഡൊമിനിക് അരുൺ മോളിവുഡിൽ സാധ്യമാക്കിയത്. അതിന്റെ ഫലം തിയറ്ററിൽ ലഭിച്ചു.
മോഹൻലാലിന്റെ കൊമേഴ്സ്യൽ സാധ്യതയെ കൃത്യമായി ഉപയോഗിച്ചു എന്നതാണ് ‘തുടരും’ നേടിയ വിജയത്തിന്റെ പ്രധാന കാരണം. കുടുംബപ്രേക്ഷകരെ വൈകാരികമായി തൊടുന്ന തിരക്കഥയും ഗുണമായി. പുതുമകളില്ലാത്ത കഥയെങ്കിലും അവതരണത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു സംവിധായകന്‍ തരുൺ മൂർത്തി. നിവിൻ പോളിയുടെ സാധ്യതകളെ മനസ്സിലാക്കി, അദ്ദേഹത്തിന്റെ ആരാധകരിലേക്കും കുടുംബപ്രേക്ഷകരിലേക്കും കൃത്യമായി ചെന്നെത്തുകയെന്ന ലക്ഷ്യമാണ് ‘സർവം മായ’യിലൂടെ സംവിധായകൻ അഖിൽ സത്യൻ പൂർത്തിയാക്കിയത്. അതൊരു മികച്ച തീരുമാനമായിരുന്നുവെന്ന് ചിത്രം നേടുന്ന വലിയ വിജയം തെളിയിക്കുന്നു.
മോഹൻലാൽ – സത്യൻ അന്തിക്കാട് കോംബോ ‘ഹൃദയപൂർവ’ത്തിനു ഗുണമായി. സത്യന്റെ സിനിമകൾക്കുള്ള പ്രേക്ഷകസമൂഹം ഒന്നൊഴിയാതെ തിയറ്ററുകളിലെത്തിയതും നേട്ടമായി.
മികച്ച സിനിമകളെന്ന അഭിപ്രായവും ഹിറ്റ് സ്റ്റാറ്റസും സ്വന്തമാക്കിയ സിനിമകളാണ് ബേസിൽ ജോസഫ് നായകനായ ‘പൊൻമാൻ’, സന്ദീപ് പ്രദീപ് നായകനായ ‘പടക്കളം’, ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’, ദിലീപ് നായകനായ ‘പ്രിൻസ് ആൻഡ് ഫാമിലി’, അനശ്വര രാജൻ നായികയായ ‘വ്യസനസമേതം ബന്ധുമിത്രാധികൾ’, ഷെയ്ൻ നിഗം നായകനായ ‘ബൾട്ടി’, ഷറഫുദ്ദീൻ നായകനായ ‘ദി പെറ്റ് ഡിറ്റക്ടീവ്’ എന്നിവ.
ദിലീഷ് പോത്തന്‍ നായകനായ ‘റോന്ത്’, റോഷൻ മാത്യു നായകനായ ‘ഇത്തിരി നേരം’, ജോജു ജോർജും സുരാജ് വെഞ്ഞാറമൂടും നായകൻമാരായ ‘നാരായണീന്റെ മൂന്നാൺമക്കൾ’, മമ്മൂട്ടി നായകനായ ‘ഡൊമനിക് ആൻഡ് ദി ലേഡീസ് പഴ്സ്’, സൈജു കുറുപ്പ് നായകനായ ‘അഭിലാഷം’, ആസിഫ് അലി നായകനായ ‘സർക്കീട്ട്’, യുവതാരങ്ങളുടെ ‘മൂൺ വാക്ക്’ എന്നീ സിനിമകളും ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.
ചുരുക്കത്തിൽ മമ്മൂട്ടിയും മോഹൻലാലും മുന്നിൽ നിന്നു നയിക്കുകയും യുവതാരങ്ങൾ അതിനു കരുത്തുറ്റ പിന്തുണ നൽകുന്നതുമായ ഒരു വർഷം കൂടി മലയാള സിനിമയിൽ കടന്നു പോകുന്നു...