ADVERTISEMENT

അന്തരിച്ച കലാ സംവിധായകൻ കെ. ശേഖറിനെ അനുസ്മരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സിനിമയിലേക്ക് കലാസംവിധായകനായി ശേഖർ എത്തിയ കഥയും രഘുനാഥ് പലേരി പങ്കുവയ്ക്കുന്നു.

രഘുനാഥ് പലേരിയുടെ കുറിപ്പ് –

ADVERTISEMENT

കുട്ടിച്ചാത്തൻ സിനിമയുടെ ഏതാണ്ടൊരു പൂർണ്ണ കഥാരൂപം ഉണ്ടാക്കിയശേഷം തിരക്കഥ എഴുതാനായി എറണാകുളത്തെ കൽപ്പക ഹോട്ടലിൽ താമസിക്കേ ഒരു ദിവസം ജിജോ ഒരത്ഭുത മനുഷ്യനെ എനിക്കരികിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചങ്ങാത്ത ഗാംഭീര്യം കിരീടമാക്കിയ പുഞ്ചിരിയോടെ ഒരു ഇൻക്രഡിബിൾ മനുഷ്യൻ. നാമം കെ ശേഖർ. കലാവിരുതിന്റെ മാന്ത്രിക സ്പർശമുള്ള വിരൽതുമ്പുകൾ നീട്ടി സ്വീകരിക്കാൻ ഒരുങ്ങിയതും അതൊരു കെട്ടിപ്പിടുത്തമായി മാറി. കുറച്ചു സമയം കൊണ്ടുതന്നെ ആ മനസ്സ് എടുത്തു ഊഞ്ഞാലിൽ ഇരുത്തി ചണ്ടാതിയാക്കി. കുട്ടിച്ചാത്തനിൽ ഒപ്പം കൂട്ടാനായി ജിജോ മുൻപരിചയം വെച്ച് വിളിച്ചു വരുത്തിയതാണെന്ന് അറിഞ്ഞതും, എന്തുകൊണ്ടോ ആ സാമീപ്യം ഒരനുഗ്രഹമായി അനുഭവപ്പെട്ടു.

ജിജോ മുൻപ് ചെയ്ത പടയോട്ടം സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. പോസ്റ്റർ മാത്രമല്ല അതിലെ കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരങ്ങളിലും ശേഖറിന്റെ മാജിക് ടച്ച് ഉണ്ടായിരുന്നു. ജിജോയുടെ ആ അനുഭവമായിരുന്നു അദ്ദേഹത്തെ എനിക്കരികിൽ എത്തിച്ചത്. താമസിക്കാനായി ഹോട്ടലിലെ മറ്റൊരു മുറി നൽകാതെ അദ്ദേഹത്തെ ഒപ്പം കൂട്ടിയത് ഏത് ദേവത പറഞ്ഞിട്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. തുടർന്നുള്ള ദിവസങ്ങളിൽ മനസ്സിൽ തെളിയുന്ന തിരക്കഥയിലെ ഓരോ രംഗങ്ങളും എഴുതിക്കഴിഞ്ഞാൽ ഞാൻ ശേഖറിന് ചുമ്മാ വായിച്ചു കൊടുക്കും. തിളങ്ങുന്ന മുഖത്തോടെ ശേഖർ അത് കേൾക്കും. കടലാസും ചായവും എടുത്ത് ചുരുങ്ങിയ സമയംകൊണ്ട് ശേഖർ അതൊരു ചിത്രമാക്കും. ഞാനവ ചുമരിൽ ഭംഗിയായി നീളത്തിൽ ഒന്നിനു പിറകെ ഓരോന്നായി ഒട്ടിച്ചു വയ്ക്കും.

ADVERTISEMENT

ഒരു സന്ധ്യാനേരത്ത് മുറിയിൽ വന്ന ജിജോ വിസ്മയിപ്പിക്കുന്നൊരു ആർട്ട് ഗാലറിയിലേക്ക് വന്ന സന്ദർശകനായി ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചു നിൽക്കേ, ചിത്രമായി രൂപാന്തരപ്പെട്ട ഓരോ സീനുകളും ഞാനവനോട് വിശദീകരിച്ചു... വിസ്മയത്തോടെ ജിജോ കേട്ടു. വളരെയധികം ആഹ്ളാദം തന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. ഒരേസമയം തിരക്കഥയും, ആ തിരക്കഥയിൽ നിന്നും പിറക്കാൻ പോകുന്ന സിനിമയുടെ കലാപശ്ചാത്തല അന്തരീക്ഷവും, സ്ഥലകാല ഗണനങ്ങളും എല്ലാം എനിക്കു മുന്നിൽ ഭംഗിയായി സൃഷ്ടിക്കപ്പെടുകയായിരുന്നു ആ വരകളിലൂടെ.

അതൊരു സ്റ്റോറിബോർഡ് വര ആയിരുന്നില്ല. ചുമ്മാ മനസ്സ് തുറന്ന് പറയുന്ന സംഭവദൃശ്യങ്ങളിൽ നിന്നും ശേഖറിൽ കൌതുകം ജനിപ്പിക്കുന്ന ഫ്രെയിമുകൾ കയ്യിലുള്ള ചായം പുരട്ടി അവൻ കടലാസിൽ നിമിഷനേരംകൊണ്ട് വരക്കുന്നു എന്നു മാത്രം. പക്ഷെ എനിക്കതൊരു അവാച്യമായ പ്രസരിപ്പും ഉൾചെതന്യവും നൽകിയിരുന്നു.

ADVERTISEMENT

അങ്ങിനെയിരിക്കേ ഒരു ദിവസം മന്ത്രവാദിയാൽ ബന്ധനസ്ഥനായ കുട്ടിച്ചാത്തനെ, ഓം ഹ്രീം ഐസ്ക്രീം എന്ന കഠിനമന്ത്രം ജപിച്ച്, കുട്ടിത്ത പൂജ ചെയ്ത് കഥയിലെ മൂന്നു കുട്ടികളും തിരക്കഥക്കുള്ളി ൽ തുറന്നു വിട്ടു. സ്വാതന്ത്ര്യം കിട്ടിയ കുട്ടിച്ചാത്തൻ കുട്ടികൾക്കൊപ്പം വീട്ടിൽ എത്തി തൻറെ വികൃതികളുടെ കെട്ടഴിച്ചു. അതിലൊരു മഹാകുരുത്തക്കേടായിരുന്നു കുട്ടിച്ചാത്തൻറെ ചുമരിലൂടെയുള്ള നടത്തം. ആ ഭാഗം എഴുതിക്കഴിഞ്ഞ് ജിജോയെ വായിച്ചു കേൾപ്പിക്കേ അരികിൽ ഇരുന്ന ശേഖർ പറഞ്ഞു.

‘നമുക്കിത് റിവോൾവിങ്ങ് സെറ്റിലുടെ ചെയ്യാം’

വളരെ മുൻപ് കണ്ട ഹോളിവുഡ് സിനിമയായ 2001 സ്പേസ് ഒഡീസി എന്ന സിനിമയിൽ, സ്പേസിലൂടെ സഞ്ചരിക്കുന്നൊരു സ്പേസ് ക്രാഫ്റ്റിൽ, ഒരു സ്ത്രീ കഥാപാത്രം വട്ടത്തിലുള്ളൊരു മുറിയുടെ ചുമരിലൂടെ നടന്ന് മുകളിലെത്തി തിരിക വട്ടം കറങ്ങി വരുന്നൊരു ദൃശ്യം അപ്പോൾ മനസ്സിൽ വന്നു. അത് റിവോൾവിങ്ങ് സെറ്റ് ഉപയോഗിച്ച് സെറ്റ് മൊത്തം കറക്കിയാണ് ചിത്രീകരിച്ചതെന്ന് വായിച്ച ഓർമ്മയും വന്നു. അത് വട്ടത്തിലുള്ള മുറിയാണെന്നും ഇത് ചതുരത്തിലുള്ള മുറിയാണെന്നും ശേഖറിനോട് പറഞ്ഞപ്പോൾ ശേഖറിന് അതിനും ഉത്തരമുണ്ടായിരുന്നു.

‘മുറിയുടെ ഡിസൈൻ ഇത്തിരി ഒന്നു മാറ്റിയാൽ മതി’.

കേട്ടതും ജിജോ എന്നോട് പറഞ്ഞു.

‘തിരക്കഥയിൽ രഘു അത് കൃത്യമായി തന്നാൽ നമുക്ക് പപ്പയോട് പറയാം. പപ്പ സമ്മതിച്ചാൽ എന്ത് റിവോൾവിംങ്ങ് ആണെങ്കിലും നമുക്ക് നോക്കാം’.

അതൊരു വെല്ലുവിളിയായിരുന്നു. വെറും സന്ദർശകനായി മുന്നിൽ വന്ന ശേഖറിനെ ഈ ത്രീഡിയിൽ എത് കസേരയിലാണ് ജിജോ ഇരുത്തുക എന്നറിയാതെ, മനസ്സിൽ തെളിയുന്ന മണ്ടത്തര ചിന്തകളെല്ലാം വിളമ്പി, അതിലെല്ലാം പങ്കെടുപ്പിച്ച് പിന്നീടദ്ദേഹത്തെ വേദനിക്കാൻ വിടാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. അതുകൊണ്ട് ഒരുദിവസം ജിജോയോട് ചോദിച്ചു.

‘ആരാണ് നമ്മുടെ ആർട്ട് ഡയറക്ടർ’

ജിജോ ഉത്തരം പറഞ്ഞില്ല.

പക്ഷെ അടുത്ത ദിവസം ആർട് ഡയറക്ടർ എത്തി. സ്റ്റൂഡിയോ ഫ്ലോറിൽ അദ്ദേഹം സിനിമയുടെ സെറ്റ് വരക്കാൻ തുടങ്ങി. ഞാൻ ചെന്നു. മനോഹരമായ വരകൾ. തലങ്ങും വിലങ്ങും വരകൾ. എനിക്കൊന്നും മനസ്സിലായില്ല. ജിജോ എനിക്കെല്ലാം പറഞ്ഞു തന്നു. പക്ഷെ എനിക്ക് സത്യം പറയേണ്ടി വന്നു. ഈ വരകളൊന്നും എൻറെ തിരക്കഥയിൽ ഇല്ലല്ലൊ ജിജോ. ജിജോ അമ്പരന്നു. വീണ്ടും എനിക്ക് പറയേണ്ടി വന്നു. ഈ വരകളൊ ക്കെ തിരക്കഥയിൽ വേണമെങ്കിൽ ഈ വരകൾക്ക് പറ്റിയൊരു കഥ ചിന്തിക്കണം. ഇതുവരെ എഴുതിയത് മാറ്റി എഴുതണം. അതെനിക്ക് സാധിക്കുമോ. സംശയമാണ്.

എന്തോ ചുറ്റും പെട്ടന്നൊരു പ്രകാശം പരന്നതുപോലെ ജിജോ ഒന്നു പുഞ്ചിരിച്ചു. ഫ്ളോറിൽ സെറ്റ് വരക്കാൻ വന്ന ആർട്ട് ഡയറക്ടറെ ആദരവോടെ ഞങ്ങൾ യാത്രയാക്കി. അടുത്ത ദിവസം അദ്ദേഹം മറ്റൊരു സിനിമയുടെ വരകളിൽ വ്യാപൃതനായി.

ജിജോയോട് എനിക്ക് പറയേണ്ടി വന്നു.

‘കലാസംവിധാനം ശേഖർ ചെയ്യട്ടെ ജിജോ. സത്യത്തിൽ അവസാനത്തെ ഷോട്ട് ജിജോ എടുക്കുംവരെ എന്തെല്ലാം മാറ്റങ്ങൾ തിരക്കഥയിൽ വരുമെന്ന് എനിക്കുപോലും അറിയില്ല. ഒപ്പത്തിനൊപ്പം നിൽക്കാൻ ഒരു ശക്തി നമുക്കുണ്ടെങ്കിൽ ജിജോക്ക് ഈ ത്രിഡി ഭംഗിയായി ഉണ്ടാക്കാൻ സാധിക്കില്ലേ’.

ജിജോ ശേഖറെ കുട്ടിച്ചാത്തൻ ത്രീഡിയുടെ ആർട്ട് ഡയറക്ടറായി പ്രഖ്യാപിച്ചു. അത് കേട്ട ശേഖറിൽ ഒരത്ഭുതവും ഞാൻ കണ്ടില്ല. അതെയോ എന്നൊരു അതിശയംപോലും പുറത്തു വന്നില്ല. അതുവരെ കേൾക്കാത്ത ഒരിഗ്ലീഷ് വാക്കിൽ നന്ദി പറഞ്ഞ് ആ നമുക്ക് നോക്കാം എന്നുമാത്രം ശേഖർ പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു.

എങ്ങിനെയെങ്കിലും തിരക്കഥ പൂർത്തിയാക്കണം.

ആദ്യമായി കലാസംവിധാനം ചെയ്യാൻ പോകുന്ന ശേഖറിന് റിവോൾവിംങ്ങ് സെറ്റ് ചെയ്യാൻ സാധിക്കണം. കടലാസിൽ കുട്ടിച്ചാത്തനെ ആവാഹിച്ച് ഞാൻ കാര്യം പറഞ്ഞു.

‘എഴുത് ചാത്താ’.

ചാത്തൻ എന്നെക്കാൾ എത്രയോ ഭംഗിയായി എഴുതി.

എഴുത്തിനിടയിൽ പാട്ടുപാടി.

ആ പാട്ട് കേട്ട് ബിച്ചുതിരുമല അക്ഷരങ്ങൾ പെറുക്കി.

‘ആലിപ്പഴം പെറുക്കാൻ..

പീലിക്കുട നിവർത്തി..’

റിവോൾവിംങ്ങ് സെറ്റിടാൻ ജിജോയുടെ പപ്പ സിഗ്നൽ തെളിച്ചു.

കുട്ടിച്ചാത്തനും ചങ്ങാതിമാർക്കും ചുമരിലൂടെ നടന്നു കളിക്കാനുള്ള മുറിയുടെ സെറ്റിടാനുള്ള എഞ്ചിനീയർമാർ തെയ്യാറാക്കിയ നാല് ലക്ഷം രൂപയുടെ ഇരുമ്പ് ചട്ടക്കൂട് പതിയെ കറക്കി നിർത്തിയതും, കൌണ്ടർ വെയ്റ്റിൽ ബാലൻസ് കിട്ടാതെ വലിയ ഇരുമ്പ് പിവറ്റുകളിൽ അതിശീഘ്രം തിരികെ കറങ്ങിക്കറങ്ങി ഞാനിപ്പം ഉരുണ്ടു വീഴുമേ...ന്ന് നിലവിളിച്ചപ്പോൾ, ആ കറക്കം കണ്ടുകൊണ്ട് അചഞ്ചലനായി നിന്ന ജിജോയുടെ പപ്പ ശ്രീ അപ്പച്ചന്റെ മുഖം ഞാനീ ജന്മം മറക്കൂല. അടുത്ത ജന്മത്തിലും ഓർക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഓർക്കുമോ എന്നും അറിയൂല.

കുട്ടിച്ചാത്തൻ പൂർത്തിയാകും വരെ കെ.ശേഖർ ആയിരുന്നു ജിജോയുടെ കരുത്തിന്റെ പിവറ്റ്. അത് അവർക്കിട യിലെ ശക്തമായ ഒരു ആത്മബന്ധമായി മാറുന്നത് കണ്ടുനിൽക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശേഖർ ജിജോക്ക് ഒരു ചങ്ങാതിക്കപ്പുറം മറ്റെന്തോ ആയിരുന്നു.

കുട്ടിച്ചാത്തനു ശേഷം ഒന്നുമുതൽ പൂജ്യംവരെയിലേക്ക് കടന്നപ്പോഴും ഫ്ളോറിൽ വരക്കാൻ ശേഖറല്ലാതെ മറ്റൊരു പ്രകാശം എൻറ മനസ്സിൽ വന്നില്ല. ഒന്നു മുതൽ പൂജ്യംവരെയിലെ കലാസംവിധാന ത്തിന് ശേഖറിന് കേരളാസ്റ്റേറ്റ്, അവനെ സിനിമയിലെ കലാസംവിധാന പുരസ്ക്കാരം നൽകി ആദരിച്ചു.

ഇത്രയും ഓർക്കാനും ഇതെല്ലാം അക്ഷരമാകാനും ഉള്ള കാരണക്കാരനും ഇപ്പോൾ ശേഖറാണ്. ശേഖർ കഴിഞ്ഞ ദിവസം ഇവിടം വിട്ടു മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി. പിറകെ ഞാനും പോകും.

എത്തുന്നിടത്ത് അവനുണ്ടാകുമോ എന്തോ. ഉണ്ടായാലും ഇല്ലെങ്കിലും അവൻ കറക്കി വിടുന്ന കറങ്ങുന്ന പ്രതലങ്ങളിലെ ല്ലാം കയറിക്കയറി വേണം യാത്ര തുടരാൻ.

സ്വസ്തി, പ്രിയ ശേഖർ

ചിത്രത്തിൽ താടിവെച്ച് നിൽക്കുന്നത് ശേഖർ. താടിയില്ലാതെ നിൽക്കുന്നത് ശേഖറിന്റെ ചങ്ങാതി.

Remembering K. Shekar: The Art Director of 'My Dear Kuttichathan':

K. Shekar, the renowned art director, is remembered by Raghunath Paleri. Paleri shares the story of how Shekar became the art director for the iconic movie 'My Dear Kuttichathan'.

ADVERTISEMENT