ADVERTISEMENT

യക്ഷിയുടെ വിലാസം മാറിയതാണു 2025 മലയാള സിനിമയിലുണ്ടായ ‘നൂറു കോടി’ മാറ്റം. ‘കരിമ്പനക്കോളനിയിൽ’ നിന്നും ‘പാലമരത്തറവാട്ടി’ൽ നിന്നും യക്ഷി ഇറങ്ങി ബെംഗളൂരു നഗരത്തിലെ ഫ്ലാറ്റില്‍ ‘ചോരകാച്ചി’ താമസം തുടങ്ങി.

അറുപതു വർഷം മുൻപ് ഇറങ്ങിയ ഭാർഗവീ നിലയം ആയിരിക്കാം യക്ഷിയെ വെളളസാരിയുടുപ്പിച്ച ആദ്യ മലയാള സിനിമ. വെള്ള സാരിയെന്നുറപ്പിച്ചു പറയാൻ ആവില്ല. കാരണം ആ സിനിമ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നല്ലോ. ഭാർഗവീനിലയത്തിലെ ‘ഭാർഗവിക്കുട്ടി’യുടെ ഛായയിൽ പിന്നീടങ്ങോട്ട് ഒരുപാടു സിനിമകളെത്തി. വെള്ള സാരി, വെള്ളപ്പുക, ചുണ്ണാമ്പ്,നീണ്ട മുടി, മൂന്നു റൗണ്ട് അലറിച്ചിരി... ആംബിയൻസ് ഫിക്സ്ഡ് ആയിപ്പോയി. ഒരേ അച്ചിലുള്ള ഒരുപാടു യക്ഷികളും അവരുടെ പ്രോപ്പർട്ടീസും തുടർന്നു കൊണ്ടേയിരുന്നു.

ADVERTISEMENT

എന്നാൽ, യക്ഷി അടിമുടി ജെൻ സി ആയത് 2025ലാണ് ലോകയിൽ. ചുണ്ടിന്റെ ഇരുകരകളിൽ നിന്നും ഇറങ്ങി വ‌രുന്ന കൂർത്ത പല്ലുകൊണ്ട് ലൈവായി ചോരകുടിച്ചിരുന്ന കാലത്തു നിന്നു സ്വിഗ്ഗിയും സൊമാറ്റോയും പോലെ വീട്ടുവാതിൽക്കൽ ചതുര ബോക്സിൽ ചോര എത്തിക്കുന്ന കാലം.

കോവിഡിനു ശേഷം തിയറ്ററിൽ‌ നൂറു ദിവസമോടിയ സിനിമയായി ചരിത്രമെഴുതിയ ലോക യക്ഷിയെ അടിമുടിമാറ്റിക്കള‍ഞ്ഞു. എങ്ങനെയാണ് ഈ മാറ്റത്തെക്കുറിച്ച് ആ ലോചിച്ചു തുടങ്ങിയതെന്നു ലോകയുടെ സഹ തിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രൻ പറയുന്നു.

ADVERTISEMENT

‘‘വഞ്ചിക്കപ്പെട്ട, രക്ത ദാഹിയായ, പുരുഷന്മാരെ ഇരക ളാക്കി ചോരകുടിക്കുന്ന ആത്മാവല്ല ലോകയിലെ നീലി. കഥകളിൽ കേട്ട നീലി എന്ന കഥാപാത്രത്തെ ഒരു സൂപ്പർഹീറോ ആയി ലോകയിൽ ഡൊമിനിക് (ലോകയുടെ സംവിധായകനും തിരക്കഥാകൃത്തും) പുനരാവിഷ്ക്കരിക്കുകയിരുന്നു. അതുകൊണ്ടാണു ഞങ്ങൾ നീലിയുടെ ചരിത്രം, കത്തനാരുമായുള്ള ബന്ധം ഒക്കെ പുതുക്കി പണിതത്. അങ്ങനെ ആ കഥാപാത്രം അവളുടെ അമ്മ പറഞ്ഞുകൊടുത്ത നീതിബോധത്തോടെ ജീവിക്കുന്നവൾ ആയി, സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന ഒരാളായി.

ഒരു എന്റർടൈനിങ് സിനിമ എന്നതിൽ ഉപരി ഇത്തരം ‘സോഷ്യോ-പൊളിറ്റിക്കൽ ലെയേഴ്സ്’ തിരക്കഥയിൽ ഉൾപ്പെടുത്താൻ ഉള്ള ഇടം ഡൊമിനിക് ഉണ്ടാക്കി. കൂടാതെ, ജെൻ സി തലമുറയുടെ മനസ്സ് അറിഞ്ഞു ഡൊമിനിക്കിന്റെ നർമബോധം ഉള്ള എഴുത്തിന്റെ ഭംഗി ലോകയിൽ കാണാം. സന്ദർഭത്തിന് അനുസരിച്ചുള്ള, ഒ നെഗറ്റീവ് ബ്ലഡിന് ടേസ്റ്റ് കൂടുതൽ എന്നുള്ള തമാശകൾ ഒക്കെ അങ്ങനെ വന്നതാണ്. തിരക്കഥയ്ക്ക് അനുസരിച്ചു, ഒരു അർബൻ സാഹചര്യത്തിൽ താരങ്ങളെ അവതരിപ്പിക്കാനും ക്രിയേറ്റീവ് ടീം ശ്രമിച്ചു. അങ്ങനെയാണ് എഴുത്ത്, കോസ്റ്റ്യൂം, പെർഫോമൻസ് എന്നിവയിലൂടെ ഞങ്ങളുടെ നീലിക്കു പുതിയ രൂപവും ഭാവവും കിട്ടിയത്.’’ ശാന്തി പറയുന്നു.

SanthibalachandranRakhunathpaler
ശാന്തി ബാലചന്ദ്രൻ, രഘുനാഥ് പലേരി
ADVERTISEMENT

ചാത്തൻ ചങ്ങാതി

എന്നാൽ, ലോകയ്ക്കു മുൻപു വ്യത്യസ്തത കൊണ്ടു മലയാളസിനിമയിൽ ചരിത്രമായ ഒരു കുട്ടിച്ചാത്തനുണ്ടായിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ. ‘എയ്റ്റീസ് കിഡ്സിനെ’ ത്രീഡി കൊണ്ടു ‍ഞെട്ടിച്ചു കളഞ്ഞ മൈ ഡിയർ കുട്ടിച്ചാത്തൻ അന്നു തിയറ്ററിൽ കുട്ടികളുടെ പ്രിയ കൂട്ടുകാരനായി. കുട്ടിച്ചാത്തനൊക്കെ പേടിപ്പിക്കുന്ന കഥാപാത്രമായി നിറഞ്ഞു നിന്ന കാലമായിരുന്നു. അപ്പോഴാണ് ‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി’ കുട്ടികളുടെ ചങ്ങാതിയായി ചാത്തനെത്തിയത്.

ആ കഥ പിറന്നതിനെക്കുറിച്ചു തിരക്കഥാകൃത്ത് രഘുനാഥ് പ ലേ രി ഒാർത്തെടുക്കുന്നു. ‘‘എഴുതിക്കഴിഞ്ഞ കഥ പഠനവിധേയമാക്കാനോ ഇഴകീറി പരിശോധിക്കാനോ നിൽക്കാത്ത ആളാണ് ഞാൻ. കഥയെ അതിന്റെ രസത്തിനു വിടുക. അതല്ലേ വേണ്ടത്.മൈഡിയർ കുട്ടിച്ചാത്തനെയും അ തുപോലെ തന്നെയാണു കാണുന്നത്.

പ്രകൃതി മാത്രമേ മാറാത്തതുള്ളൂ. മഴ അന്നും ഇന്നും ഒരുപോലെയാണ്. കാറ്റ് അന്നും ഇന്നും ഒരുപോലെയാണ്. പക്ഷേ, അതിനെ പശ്ചാത്തലമാക്കി ആലോചിക്കുന്ന സിനിമയിൽ‌ ഒാരോ കാലത്തും പുതുമ എങ്ങനെ കൊണ്ടുവരാം എന്നാണ് എല്ലാവരും നോക്കുന്നത്. പപ്പടം വട്ടത്തിലാണെന്ന് എല്ലാവർക്കും അറിയാം. അതു നീളത്തിലാണെന്ന് തോന്നിപ്പിക്കണം. അതിനാണു ശ്രമിക്കുന്നത്. അതുപോലെയായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തനും.’’

പേടിപ്പിക്കാത്ത യക്ഷി

മലയാളത്തിൽ വിജയത്തിന്റെ കപ്പടിച്ച പ്രേതപ്പടങ്ങളുടെ വർഷമായിരുന്നു കഴിഞ്ഞു പോയത് ലോക, സർവം മായ സുമതിവളവ്,ഡീയസ് ഈറെ,വടക്കൻ, ഒടിടിയിൽ ഇൻസ്പെക്‌ഷൻ ബംഗ്ലാവ്. ഇതിനുപുറമേ അതീന്ദ്രിയ ശക്തികളെക്കുറിച്ചു പറയുന്ന വടക്കനും വളയും പടക്കളവും...

പ്രേതങ്ങളെ പേടിയുള്ള സംവിധായകൻ പ്രേതപ്പടമെടുത്താൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് നിവിൻ പോളി നായകനായ ‘സർവംമായ’ എന്ന സിനിമ. സംവിധായകൻ അഖിൽ സത്യൻ സിനിയിലെ മായയെക്കുറിച്ചു പറയുന്നു എനിക്ക് ഇപ്പോഴും പ്രേതങ്ങളെ ഭയങ്കര പേടിയാണ്. കഴിയുന്നതും പ്രേതസിനിമകൾ കാണാറില്ല. ഭാര്യ ഏതെങ്കിലും പ്രേതപ്പടം കണ്ടാൽ ചെവിപൊത്തി കണ്ണടച്ചിരിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടു തന്നെ സർവം മായയിലൂടെ പേടിപ്പിക്കാനുള്ള ഉദ്ദേശം തീരെയില്ല.

NivinpaulyAkhilsathayn
സർവം മായയുടെ ഷൂട്ടിനിടെ നിവിൻ പോളിയും അഖിൽ സത്യനും

‘അന്നു രാത്രി ഞാൻ ഒറ്റയ്ക്ക് ആ വഴി പോയപ്പോൾ’... എന്നു പറഞ്ഞു തുടങ്ങുമ്പോഴേ മുതിർന്നവർ ആയാലും കുട്ടികൾ ആയാലും കേട്ടിരിക്കാൻ തുടങ്ങും. ആ കൗതുകം തന്നെയാണു സർവംമായയിലും ഉണ്ടാവുക. പേടിപ്പിക്കാത്ത പ്രേതത്തെ എങ്ങനെ ഉണ്ടാക്കാം എന്നതു വലിയ ചാലഞ്ച് ആയിരുന്നു. നമുക്കു വേണ്ടപ്പെട്ട ഒരാൾ പ്രേതമായി വന്നാൽ എങ്ങനെയായിരിക്കും എന്ന ആലോചനയിൽ നിന്നാണു സർവം മായ ഉണ്ടാവുന്നത്. നിവിൻ പോളിയും അജുവും പിന്നെ പ്രേതവും... ഈ ബാധ എന്നും ഒപ്പമുണ്ടാവാൻ ആഗ്രഹിക്കുന്ന രീതിയിലാണു മുന്നോട്ടു പോവുന്നത്.’’ പേടിപ്പിക്കാത്ത പ്രേതത്തെക്കുറിച്ച് അഖിൽ സത്യൻ.

സുമതിവളവ് യക്ഷിയും ഒടിടി ബംഗ്ലാവും

ഭയവും ആകാംക്ഷയും സമാസമം ചേർത്താണ് എന്നും യ ക്ഷിക്കഥകൾ മനസ്സിൽ വേരോടിക്കൊണ്ടിരുന്നത്. ഇരുട്ടും നിഴലും വെളിച്ചവും നിലാവുമൊക്കെ ഈ കഥകൾക്ക് വെള്ളവും വളവുമായി. നിലാവില്‍ കുളിച്ചു നിൽക്കുന്ന രാത്രികളും ഒഴുകിയെത്തുന്ന പാലപ്പൂ മണവുമെല്ലാം കഥയിലെ യക്ഷികളെ ത്രില്ലടിപ്പിച്ചു കളഞ്ഞു. ഇടവഴികളിൽ നിന്ന് അവർ ചുണ്ണാമ്പ് ചോദിച്ചു. സാരിത്തുമ്പ് ഒരു കയ്യിൽ പിടിച്ചു മോഡലുകളെ പോലെ റാംപ്‍വാക്ക് ചെയ്തു. പിന്നെ, വലയിലാവുന്നവരുടെ കഴുത്തിലേക്ക് കോന്ത്രമ്പല്ലിന്റെ സ്ട്രോ ഇറക്കി ചോര വലിച്ചു വലിച്ചു കുടിച്ചു.

കാലം മാറിയാലും ഭയത്തിന് ഒരേ ഭാവമാണ്. അതുകൊണ്ടാണ് തലമുറ മാറിയാലും ആ ഭാവത്തിനു മാറ്റമില്ലാതെ നിലനിൽക്കുന്നത്. പ്രേതവളവുകൾ കടന്നു കഥ സുമതിവളവിലെത്തിയ യാത്രയെക്കുറിച്ച് അഭിലാഷ് പിള്ള

‘‘ഏതു തലമുറയിലുള്ളവർക്കും പേടിക്കാൻ ഇഷ്ടമാണ്. ഏതു രീതിയിൽ പേടിപ്പിക്കണം ഏറ്റവും വലിയ ചാലഞ്ച്. കുട്ടിക്കാലം തൊട്ടേ യക്ഷിക്കഥകളും പ്രേത സിനിമകളും ഇഷ്ടമായിരുന്നു. ആ കാലത്തു കേട്ട ഒരു കഥയാണു സുമതി വളവ്. അസമയത്ത് ആ വളവിലെത്തുന്നവർ പല രൂപങ്ങളെയും കാണുമത്രേ. യക്ഷിയുണ്ടെന്നു വിശ്വസിക്കുന്ന സ്ഥലത്തു ചെല്ലുമ്പോൾ ഒാരോന്ന് ആലോചിച്ചു കൂട്ടി നമ്മൾ തന്നെ ക്രിയേറ്റ് ചെയ്യുന്ന രൂപമാണു യക്ഷി.

വെളുത്ത സാരിയുടുത്തു യക്ഷിയെ സിനിമയിൽ കാണിക്കേണ്ട എന്നു തീരുമാനിച്ചിരുന്നു. യഥാർഥത്തിൽ സുമതി വളവാണ് ഇവിടെ യക്ഷി. അവിടെയെത്തുന്നവർ അവരുടെ രൂപത്തെ തന്നെ, അവരുമായി ബന്ധമുള്ളവരുെട രൂപത്തെ തന്നെ യക്ഷിയായി കാണുന്നു.’’ സുമതിയുള്ള വളവിനെക്കുറിച്ച് അഭിലാഷ് പിള്ള.

SuneeshVaranadAbhilashPillai
സുനീഷ് വാരനാട്, അഭിലാഷ് പിള്ള

ഒടിടിയിലും പ്രേതം ഹിറ്റ് ആണ്. യക്ഷിക്കുണ്ടോ സിനിമയെന്നോ സീരീസ് എന്നോ ഉള്ള വ്യത്യാസം? ഇൻസ്പെക്‌ഷൻ ബംഗ്ലാവ് എന്ന സീരിസിലും പ്രേതമാണു താരം. ഒ ഴിഞ്ഞു കിടന്ന ബംഗ്ലാവിലേക്ക് ഒരു പൊലീസ് സ്റ്റേഷൻ സ്ഥലം മാറി എത്തുന്നതാണു സംഭവം. ഇൻസ്പെക്‌ഷൻ ബംഗ്ലാവിന്റെ തിരക്കഥാകൃത്തും സ്റ്റാൻഡ് അപ് കൊമേഡിയനുമായ സുനീഷ് വാരനാട് തിരക്കഥയിലേക്കു യക്ഷിയെ ആവാഹിച്ചിരുത്തുന്നതിന്റെ തന്ത്രം പറഞ്ഞു.

‘‘ലോകത്തെങ്ങും ഭാഷാവ്യത്യാസമില്ലാതെ പേടിക്ക് നല്ല മാർക്കറ്റാണ്. അതിൽ എൺപതുകളുടെ വസന്തമെന്നോ െജൻ സി എന്നോ ഒന്നുമില്ല. ഭാർഗവീനിലയം, ലിസ, ശ്രീകൃഷ്ണ പരുന്ത് തുടങ്ങി എത്രയോ സിനിമകളിലെ യക്ഷികളെ കണ്ടു പേടിച്ചു കയ്യടിച്ച തലമുറ ഇവിടെയുണ്ട്. ഇന്നു നല്ല കഥയുണ്ടെങ്കിൽ സാങ്കേതിക വിദ്യയെ കൂട്ടു പിടിച്ചു പേടിപ്പിക്കാൻ എളുപ്പമാണ്. മാറാതെ നിൽക്കുന്നത് ഒന്നേയുള്ളൂചോരകുടിക്കാനുള്ള കോമ്പല്ല്.

ഭയത്തിന്റെ പരമ്പരാഗത രൂപങ്ങൾ മാറി. പക്ഷേ, ഭയം മാറുന്നില്ല. അതുകൊണ്ടാണ് കോൺജ്റിങ് പോലുള്ള സിനിമകൾ ഇന്നും ഹിറ്റാവുന്നത്. കോട്ടയം പുഷ്പനാഥിന്റെയും ഏറ്റുമാനൂർ ശിവകുമാറിന്റെയും നോവലുകൾ വീണ്ടും വീണ്ടും വായിക്കുന്നത്. സിനിമകളും സീരീസും മാത്രമല്ല. ഗോസ്റ്റ് സ്പോട്ട‍ഡ് വിഡിയോകളും സോഷ്യല്‍ മീഡിയയിൽ ഹിറ്റാണ്. ’’ പ്രേതങ്ങളെ ‘കാണുന്ന’ സ്ഥലങ്ങൾ സുനീഷ് ചൂണ്ടിക്കാണിക്കുന്നു.

ഇന്നും രക്തരക്ഷസ്

നാടകത്തിലുമുണ്ടു യക്ഷിയുടെ സാന്നിധ്യം, അതും കഴിഞ്ഞ 52 വർഷമായിട്ട്. ജഗതി എൻ.കെ. ആചാരി എഴുതി കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത രക്തരക്ഷസിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് നാടകം ഇപ്പോൾ വേദിയിൽ എത്തുന്നത്. കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭനാണ് ക്രിയേറ്റീവ് ഡയറക്ടർ. ഇപ്പോഴും നാടകത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലെ രസതന്ത്രം അനന്ത പത്മനാഭൻ പറയുന്നു

‘‘1973 ലാണ് അച്ഛൻ ആദ്യമായി രക്തരക്ഷസ് വേദിയില്‍ എത്തിക്കുന്നത്. കഥയിലെ പുതുമ മാത്രമല്ല രംഗപടത്തിലെ വിസ്മയങ്ങൾ കൊണ്ടും ആൾക്കാരെ ഭയപ്പെടുത്തി. അന്നു നാടകം കണ്ടു പേടിച്ചു വീട്ടിൽ പോവാതെഅവിടെ തന്നെ കിടന്നുറങ്ങിയവരെക്കുറിച്ചു കേട്ടിട്ടുണ്ട്.

അച്ഛൻ മരിച്ച ശേഷം രക്തരക്ഷസിനെ വീണ്ടും സ്റ്റേജിലേക്കെത്തിക്കാൻ നോക്കിയപ്പോൾ എനിക്കു ഭ്രാന്താണോ എന്നു ചോദിച്ചവരുണ്ട്. എന്നാൽ‌, ജെൻ സി കാലത്തും രക്തരക്ഷസ് വിജയകരമായി തുടരുന്നു. ഇന്നു കുട്ടികളുടെ കയ്യിലുള്ള മൊബൈലിൽ‌ പോലും ലോകത്ത് എങ്ങുമുള്ള കാഴ്ചകളുടെ വിസ്മയങ്ങളുണ്ട്. അവർക്കു മുന്നിലേക്കാണു രക്തരക്ഷസുമായി എത്തുന്നത്. രണ്ടു തലമുറയേയും ഒരുപോലെ സ്വാധീനിക്കുന്ന രീതിയിലാണു നാടകം ഒരുക്കിയിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടർ എന്ന രീതിയിലുള്ള ഏറ്റവും വലിയ ചാലഞ്ച് അതാണ്.

ഇന്നു ഭയം കൊണ്ടു മാത്രം കാണികളെ പിടിച്ചിരുത്താനാവില്ല. അദ്ഭുതവും വിസ്മയവും അമ്പരപ്പും വേണം. ആ കാഴ്ചപ്പാടിൽ വീണ്ടും രക്തരക്ഷസിനെ പുതുക്കി. രണ്ടു ചാപ്റ്റർ ആക്കി മാറ്റി. ദൃശ്യ വിസ്മയമൊരുക്കി. 7.1 സൗണ്ട് സിസ്റ്റം ആക്കി. പുഷ്ബാക്ക് സീറ്റുകൾ കൊണ്ടു വന്നു. സ്റ്റേജിൽ നിന്ന് ഒരു നിമിഷം പോലും ശ്രദ്ധ മാറാത്ത രീതിയിൽ ഒാരോ രംഗവും ഒരുക്കി. പണ്ടു സ്റ്റേജിൽ വിമാനം ലാൻഡ് ചെയ്യും. ഇപ്പോൾ പ്രേക്ഷകരുടെ തലയ്ക്കു മുകളിലൂടെ പോയാണ് അതു ലാൻഡ് ചെയ്യുന്നത്.’’ തലമുറകളെ ഭയവും വിസ്മയവും കൊണ്ടു പിടിച്ചു നിർത്തുന്നതിലെ മാന്ത്രികവിദ്യ അനന്തപദ്മനാഭൻ പറഞ്ഞു.

Ananthapadmanabhandr-AmmuGnair
അനന്തപത്മനാഭൻ, ഡോ. അമ്മു ജി. നായർ

ഭയത്തിന്റെ മന:ശാസ്ത്രം

യക്ഷി,പ്രേതം... ഇത്തരം സംഭവങ്ങളൊന്നും നാട്ടിലേയില്ലെന്നു ഭൂരിപക്ഷം ജെൻ സി യും ഉറപ്പിച്ചു പറയും. എന്നിട്ടും ഹൊറർ വിഷയത്തിന് എ ങ്ങനെയാണ് ഇത്രയും സ്വീകരണം കിട്ടുന്നത്? ചിന്മയ വിശ്വവിദ്യാപീഠത്തിലെ ഫിലോസഫി, സൈക്കോളജി ആന്റ് സയന്റിഫിക് ഹെറിറ്റേജ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ അമ്മു ജി. നായർ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ– ‘‘സിനിമയിലെ ഹൊററും വയലൻസും നല്ലൊരു വിഭാഗം കുട്ടികളെയും സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകള്‍ അവരുടെ മ നസ്സിലുണ്ടാക്കുന്ന ചില മാറ്റങ്ങളുണ്ട്. അതാണ് അവരെ ഇത്തരം സിനിമകളുടെ ഇഷ്ടക്കാരാക്കുന്നത്. അതിനെക്കുറിച്ചു കുട്ടികൾ പറഞ്ഞതിങ്ങനെ

ഹൊററും വയലൻസുമെല്ലാം ത്രില്ലടിച്ചു കാണുമ്പോൾ അഡ്രിനാലിൽ ലെവൽ ഉയർന്ന നിലയിലേക്കെത്തും. അതിന്റെ ഏറ്റവും ഉന്നതിയിലെത്തിക്കഴിഞ്ഞു ക്ലൈമാക്സ് കഴിയുമ്പോൾ കിട്ടുന്ന ആശ്വാസമുണ്ട്. പിരിമുറുക്കത്തിൽ‌ നിന്നു ലഭിക്കുന്ന ആശ്വാസം. അതുലഹരിപോലെയാണ്. ഇതാണ് ഇത്തരം സിനിമകളുടെ ആരാധകരാക്കി മാറ്റുന്ന കാര്യം.’’

‌∙വാൽക്കഷ്ണം എെഎ ചാത്തന്മാരോടു പറഞ്ഞു, ഈ ഫീച്ചറിനു പറ്റുന്ന സുന്ദരിയായ യക്ഷിയെ കളത്തിൽ കൊണ്ടു വന്നിരുത്ത്. പ്രോംപ്റ്റ് വഴി മന്ത്രങ്ങൾ ചൊല്ലി. അ തുവരെ പടപടായെന്ന് ഉത്തരം തന്നിരുന്ന ജെമിനിബ്രോ ഒന്നു കിടുങ്ങി. പിന്നെ കറങ്ങി. ഒടുവിലതു നിന്നു. പതുക്കെ ഹാങ് ആയി. സ്ക്രീന്‍ അണഞ്ഞു. പണി പാളിയോ? തമാശകളിക്കാനുള്ള സാധനമല്ലിതെന്നു മനസ്സിൽ ആരോ പറഞ്ഞു. പക്ഷേ, സ്ക്രീൻ മിന്നിത്തെളിഞ്ഞു. അതിൽ സുന്ദരിയായ യക്ഷി വിരിഞ്ഞു നിൽക്കുന്നു. കാൽപാദം നിലത്തു തൊട്ടിട്ടില്ല.. അതാണ് ഫീച്ചറിൽ കൊടുത്ത ചിത്രം.

ഒരു ന്യൂജെൻ ആളെ കിട്ടിയാൽ കുറച്ചു കൂടി നന്നായെന്നും വെള്ളസാരി വേണ്ടെന്നും പറഞ്ഞു നോക്കി. ഉത്തരം ഞെട്ടിച്ചു ഇങ്ങനെയല്ലാതെ എനിക്ക് ആ ചിത്രം സൃഷ്ടിക്കാൻ കഴിയില്ല. പ്രേതരൂപത്തിലുള്ളതോ സ്പെക്ട്രൽ ചിത്രീകരണങ്ങളോ സംബന്ധിച്ച നയനിയന്ത്രണങ്ങള്‍ കാരണം ഇതു സുരക്ഷിതമല്ലെന്നു ഫ്ളാഗ് ചെയ്യപ്പെട്ടു...

ജെമിനിത്തെരുവിൽ പാല പൂത്ത പോലെ. സിസ്റ്റം ഒാ ഫ് ചെയ്ത് കളം മായ്ച് എസ്കേപ്പ് ആവാം...

Recent Trends in Malayalam Horror Cinema:

The article explores the evolution of the Yakshi concept in Malayalam cinema, focusing on its modern representation in the movie 'Lokaa.' It also discusses other horror and supernatural themes in recent Malayalam films and dramas.

ADVERTISEMENT