ഹൈ വോൾട്ടേജ് പടങ്ങൾ ലോഡിങ്...സൂപ്പർതാരങ്ങളും യുവനായകൻമാരും ഒപ്പത്തിനൊപ്പം...2026 പ്രതീക്ഷ കാക്കുമോ ?
Mail This Article
2025– ൽ മലയാള സിനിമ വ്യവസായത്തിന്റെ നഷ്ടം 530 കോടി രൂപയാണെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്ക്. ആകെ മുതൽമുടക്ക് 860 കോടി. റിലീസായ 185– ൽ 150 ചിത്രങ്ങളും പരാജയമത്രേ. അതിൽ ഒൻപത് ചിത്രങ്ങൾ സൂപ്പർ ഹിറ്റ് എന്ന ഗണത്തിലും, പതിനാറോളം ചിത്രങ്ങൾ ഹിറ്റ് എന്ന ഗണത്തിലും വിലയിരുത്താം. തിയറ്റർ റിലീസിൽ ആവറേജ് കളക്ഷൻ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം നേടുകയും ചെയ്ത പത്തോളം ചിത്രങ്ങൾക്ക് മുടക്ക് മുതൽ തിരികെ ലഭിച്ചതായാണ് കണക്ക്. എട്ട് പഴയ സിനിമകൾ റീ റീലീസ് ചെയ്തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചത്.
ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് 2026 – ലെ റിലീസുകളിലേക്ക് ഇൻഡസ്ട്രിയും പ്രേക്ഷകരും കൗതുകത്തോടെ ശ്രദ്ധ തിരിക്കുന്നത്. അതിൽ സൂപ്പർതാരങ്ങളുടെയും യുവനായകൻമാരുടെയും വൻ റിലീസുകളുണ്ടാകുമെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ‘പാട്രിയറ്റ്’, മോഹൻലാലിന്റെ ‘ദൃശ്യം – 3’, സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’, പൃഥ്വിരാജ് സുകുമാരന്റെ ‘ഖലീഫ’, ജയസൂര്യയുടെ ‘കത്തനാർ’, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്നിവയാണ് ഈ വർഷം റിലീസ് നിശ്ചയിച്ചിട്ടുളള വൻ സിനിമകൾ.
മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പാർട്രിയറ്റ്’ന്റെ ഏറ്റവും വലിയ കൗതുകം 17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ്. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വൻതാരങ്ങളുമുണ്ട്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിലാണ് ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിങ്.
വൻ വിജയമായ ‘ദൃശ്യം’ പരമ്പരയിലെ മൂന്നാമത്തെ സിനിമയമാണ് ‘ദൃശ്യം – 3’. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 100 കോടിക്കു മുകളിൽ പ്രീ റിലീസ് ബിസിനസ്സ് നേടിയെന്നാണ് റിപ്പോർട്ട്. മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം – 3’ ഈ വർഷം മലയാളത്തിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന റിലീസാണ്.
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ഈ സിനിമയ്ക്കായി മൂന്നു വർഷത്തിലധികമാണ് ജയസൂര്യ മാറ്റി വച്ചത്. അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളുമുണ്ട് ചിത്രത്തിൽ.
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ഒരു ആക്ഷൻ ത്രില്ലറാണ്. ജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ചിത്രത്തിൽ ദുൽഖർ. സൗത്ത് ഇന്ത്യയിലെ വൻ താരനിരയും ചിത്രത്തിലുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ടാഗ് ലൈൻ ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ്. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇതൊരു ആക്ഷൻ എന്റർടെയ്നറാണ്.
സൂപ്പർഹിറ്റായ ‘ആട്’ സീരീസിന്റെ മൂന്നാം ഭാഗമായ ‘ആട് 3’ 2026ൽ റിലീസ് പ്രതീക്ഷിക്കുന്നു. ജയസൂര്യയാണ് നായകൻ. ഒരു എപിക്-ഫാന്റസി ചിത്രമായിരിക്കും ‘ആട് 3’. മിഥുൻ മാനുവൽ തോമസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിയുടെ മാസ് എന്റർടെയ്നറാണ്. വലിയ മുതൽമുടക്കിൽ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ദ്രജിത്ത്, ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ് എന്നിവരും താരനിരയിലുണ്ട്.
ഇതോടൊപ്പം ചത്ത പച്ച: റിങ് ഓഫ് റൗഡീസ്, അതിരടി, ബത്‌ലഹേം കുടുംബ യൂണിറ്റ്, ബാലൻ, വല, പള്ളിച്ചട്ടമ്പി, ടിക്കി ടാക്ക എന്നിങ്ങനെ പ്രതീക്ഷ സമ്മാനിക്കുന്ന വേറെയും റിലീസുകൾ ഈ വർഷമുണ്ട്.
പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നറാണ് ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’. അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരുമുണ്ട്.
ബേസിൽ ജോസഫ്, ടൊവീനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിരടി’ ഒരു മാസ്സ് എന്റർടെയ്നറാണ്. അരുൺ അനിരുദ്ധൻ ആണ് സംവിധാനം.
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ൽ മമിത ബൈജുവും നിവിന്‍പോളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിദംബരം ഒരുക്കുന്ന ‘ബാലൻ’ പുതുമുഖങ്ങളുടെ സിനിമയാണ്. ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന. ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’ താരത്തിന്റെ കരിയറിലെ വൻ റിലീസാണ്. ജഗതി ശ്രീകുമാറിനെ പ്രധാന കഥാപാത്രമാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് ‘വല’. ടൊവീനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. സംവിധായകനൊപ്പം സുരേഷ് ബാബുവും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
എന്തായാലും ഈ ലൈനപ്പ് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ആവേശം പകരുന്ന വാർത്തകളാണ് വരുന്നതും...ഈ വർഷം മലയാള സിനിമയ്ക്ക് നേട്ടത്തിന്റേതാകട്ടേ എന്നാഗ്രഹിക്കാം...