ADVERTISEMENT

മകന്റെ ആഗ്രഹങ്ങൾക്കൊപ്പം മനസ്സുറപ്പിച്ചു നിന്ന ഒരച്ഛൻ. അവന്റെ ലക്ഷ്യങ്ങളെ തന്റേതെന്നു കൂടി പരിഗണിച്ച്, ആകും വിധം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും കരുത്തു പകർന്നയാൾ... ആ സ്നേഹസാന്നിധ്യം ഇനിയില്ലെന്ന തിരിച്ചറിവിനെ പൂർണമായും ഉൾക്കൊള്ളാനാകാതെ നെഞ്ചു നീറി ദിവസങ്ങൾ തള്ളിനീക്കുകയാണ് അരുൺ.

അരുണിനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ടതില്ല. ‘ഒളിമ്പ്യൻ അന്തോണി ആദ’ത്തിലെ സ്കേറ്റിങ് കമ്പക്കാരനായ വിക‍ൃതിക്കുട്ടിയായി വന്ന്, ബാലനടനായി തിളങ്ങി, പിന്നീടു സഹനായക – നായക നിരയിലേക്കുയർന്ന യുവതാരം. ഈ ജീവിത വഴിയിലൊക്കെയും അരുണിന്റെ തണൽമരമായിരുന്ന അച്ഛൻ അനിൽ കുമാർ എസ്. ഒരുമാസം മുമ്പാണ് മരണത്തിന്റെ വാതിൽ കടന്നു പോയത്.

ADVERTISEMENT

‘‘67 വയസ്സായിരുന്നു അച്ഛന്. കാലങ്ങളായി കടുത്ത പ്രമേഹത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്നു കൊല്ലമായി വൃക്ക രോഗവും വലച്ചിരുന്നു. കഴിഞ്ഞ വർഷം രോഗം കൂടി അച്ഛൻ ഐ സി യുവില്‍ ആയി. തിരിച്ചു വരില്ലെന്നു കരുതിയതാണ്. പക്ഷേ, അതൊക്കെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത്. മരിക്കുന്നതിനു കുറച്ചു ദിവസം മുൻപ് ശരീരത്തിൽ അങ്ങിങ്ങ് ചെറിയ ചുവപ്പ് കണ്ടപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ അച്ഛന് കാർഡിയാക് അറസ്റ്റ് ഉണ്ടായി. ഞാൻ വീട്ടിലായിരുന്നു. അമ്മ അറിയിച്ചതനുസരിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോഴേക്കും...’

പറഞ്ഞു വന്നതു പൂർത്തിയാക്കാനാകാതെ അരുണിനെ സങ്കടം പൊതിഞ്ഞു...വാക്കുകളിടറി...

ADVERTISEMENT

എന്റെ സ്നേഹത്തണൽ

തിരുവനന്തപുരം പൂജപ്പുരയിലാണ് ഞങ്ങളുടെ വീട്. അവിടെയടുത്ത് നാൽപ്പത് വർഷത്തിലേറെയായി ഒരു ഹാർഡ് വെയർ കട നടത്തുകയാണ് അച്ഛൻ. കുട്ടിക്കാലം തൊട്ടേ എന്റെ എല്ലാ ആഗ്രഹങ്ങൾക്കും പൂർണ പിന്തുണ നൽകി ഒപ്പം നിന്നയാളാണ്. സ്കേറ്റിങ് പഠിക്കാൻ ചേർത്തതും സിനിമയില്‍ അവസരം വന്നപ്പോൾ എല്ലായിടത്തും കൊണ്ടു പോയിരുന്നതുമൊക്കെ അച്ഛനാണ്. സിനിമാ പ്രവർത്തകരായ നിരവധി സുഹൃത്തുക്കളുണ്ടെങ്കിലും അച്ഛൻ ഒരു സിനിമ പ്രേമിയൊന്നും ആയിരുന്നില്ല. അധികം സിനിമകളും കാണാറുണ്ടായിരുന്നില്ല.

ADVERTISEMENT

സിനിമയ്ക്കായുള്ള എന്റെ എല്ലാ ശ്രമങ്ങളെയും നിശബ്ദമായി പിന്തുണച്ചിരുന്നത് അച്ഛനാണ്. ഒരു ഘട്ടത്തിലും മറ്റെന്തെങ്കിലും ജോലിക്കു ശ്രമിച്ചൂടേ എന്നു അച്ഛൻ ചോദിച്ചിട്ടേയില്ല. ഞങ്ങളുടെ ബിസിനസ്സിൽ ഞാനും എന്നെക്കൊണ്ടാകും വിധം ശ്രദ്ധ കൊടുത്തിട്ടുണ്ട്. അതിൽ മാത്രമായി നിൽക്കാൻ‌ അച്ഛൻ പറഞ്ഞിട്ടില്ല. എന്താണോ ഇഷ്ടം, അതു ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നെ സംബന്ധിച്ച് സിനിമയില്‍ തന്നെ തുടരാൻ അതു നൽകിയ ആത്മവിശ്വാസം ചെറുതല്ല. അഭിനയത്തിൽ എന്റെ പ്രധാന ക്രിട്ടിക് അച്ഛനാണ്. കൃത്യമായ അഭിപ്രായങ്ങൾ പറയും. അതൊക്കെയുമാണ് അച്ഛൻ പോകുന്നതോടെ എനിക്കു നഷ്ടമാകുന്നത്.

മിസ് യൂ അച്ഛാ...

ഞാനും അമ്മ സുധയും ഒരു കുഞ്ഞിനെയെന്ന പോലെയാണ് അവസാനകാലത്ത് അച്ഛനെ നോക്കിയിരുന്നത്. നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ എടുത്താണ് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കൊണ്ടുപോയിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി, അച്ഛന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചും ഒക്കെയും കൃത്യമായി ചെയ്തും മുന്നോട്ടു പോയിരുന്ന ഒരു ദിനചര്യയായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഭയങ്കര സങ്കടം വരും. വാക്കുകളാൽ വിവരിക്കാനാകില്ല ആ വേദന...അച്ഛനെ വളരെയേറെ മിസ് ചെയ്യുന്നു...’’

അച്ഛൻ വിടപറഞ്ഞ് 41 ആം ദിവസം അതിന്റെ വേദനയെല്ലാം ഉറഞ്ഞു കൂടിയ ചില വരികൾ അരുൺ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ –

അച്ഛാ...അങ്ങില്ലാത്ത 41 ദിവസം. ഇത്രയും സ്പെഷ്യൽ ആയ ഒരച്ഛനെ ലഭിച്ച ഞാൻ എത്ര ഭാഗ്യവാനാണ്. അത്രയധികം ഓരോ നിമിഷവും അങ്ങയെ മിസ് ചെയ്യും, ആ മാർഗനിർദേശങ്ങളും...അങ്ങയുടെ സ്നേഹം എപ്പോഴും ഞങ്ങളിൽ ജീവിക്കുന്നു. എന്റെ ഹൃദയത്തിൽ എന്നും അങ്ങയെ സ്നേഹിക്കുന്നു അച്ഛാ...

ഈ വാക്കുകളിലുണ്ട് അരുൺ പറയാതെ പോയതെല്ലാം...

Arun's Heartfelt Tribute to His Late Father:

Father's love and support: Arun remembers his father, Anil Kumar S, who passed away recently. Arun shares heartfelt memories of his father's unwavering support for his acting career and the void his absence has created.

ADVERTISEMENT