പത്താം വിവാഹ വാർഷികത്തിൽ ക്യൂട്ട് സർപ്രൈസ്: അസിന്റെ അപൂർവ ചിത്രം പങ്കുവച്ച് ഭർത്താവ് രാഹുൽ
Mail This Article
വിവാഹത്തോടെ അഭിനയത്തിന് അവധി നൽകി വെള്ളിത്തിരയിൽ നിന്നും മാഞ്ഞുപോയ താരം. അസിനെന്നാൽ ഇന്നും ആരാധകർക്ക് വലിയൊരു ‘മിസിങ്’ ആണ്. സോഷ്യല്‍ മീഡിയയിൽ പോലും അസിന്റെയോ കുടുംബത്തിന്റെയോ ചിത്രങ്ങളൊന്നും കാണാനാകില്ല. ഇപ്പോഴിതാ ആരാധകർക്ക് വിരുന്നായി താരത്തിന്റെ ഹൃദ്യമായൊരു ചിത്രം പുറത്തു വരികയാണ്. പത്താം വിവാഹ വാർഷിക വേളയിൽ അസിനുമായുള്ള അപൂർവ ചിത്രങ്ങൾ പങ്കുവച്ച് ഭർത്താവും ബിസിനസുകാരനുമായ രാഹുൽ ശർമ എത്തിയിരിക്കുകയാണ്.
വിവാഹദിനത്തിൽ നിന്നുള്ള അസിന്റെ രസകരമായ ചിത്രവും ഇരുവരും ഒന്നിച്ചുള്ള ഒരു സ്വകാര്യ നിമിഷവുമാണ് രാഹുൽ എക്സിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെയെല്ലാം പിന്നിലെ ചാലകശക്തി അസിനാണെന്ന് കുറിപ്പിലൂടെ രാഹുൽ വ്യക്തമാക്കി. മൈക്രോമാക്സ് സഹസ്ഥാപകനാണ് രാഹുൽ ശർമ.
‘‘ആനന്ദഭരിതമായ 10 വർഷങ്ങൾ. എന്റെ ജീവിതത്തിൽ വിലപ്പെട്ട എല്ലാത്തിന്റെയും അതിശയിപ്പിക്കുന്ന സഹസ്ഥാപകയാണ് അവൾ. അവളുടെ ജീവിതത്തിൽ ഒരു സഹതാരമായി അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.
വിവാഹവാർഷിക ആശംസകൾ എന്റെ പ്രിയേ. ഒരു ഹൈ-ഗ്രോത്ത് സ്റ്റാർട്ടപ്പിനെ എന്നപോലെ നീ നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും എന്നെന്നും നയിക്കട്ടെ. നിന്റെ ജീവിതത്തിന്റെ സെറ്റിൽ എല്ലാ ദിവസവും ഞാൻ ഹാജരുണ്ടാകും. വിസ്മയകരമായ ഒരു ഭാവി നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം.’’ രാഹുൽ ശർമ കുറിച്ചു.
മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തനിലൂടെ സിനിമാരംഗത്തെത്തിയ മലയാളി താരമാണ് അസിൻ തോട്ടുങ്കൽ. കോളിവുഡിൽ കമല്‍ ഹാസൻ, വിജയ്, വിക്രം, രവി മോഹൻ തുടങ്ങിയവർക്കൊപ്പം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അസിൻ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു. തമിഴിൽ സൂര്യയ്ക്കും ഹിന്ദിയിൽ ആമിർ ഖാനുമൊപ്പം അഭിനയിച്ച 'ഗജിനി' എന്ന ചിത്രം താരത്തിന് വലിയൊരു ബ്രേക്ക് നൽകി. തുടർന്ന് റെഡി, ഹൗസ്‌ഫുൾ 2, ഖിലാഡി 786, ബോൽ ബച്ചൻ തുടങ്ങി നിരവധി സൂപ്പർഹിറ്റുകളിൽ അസിൻ നായികയായി. 2015-ൽ പുറത്തിറങ്ങിയ 'ഓൾ ഈസ് വെൽ' ആയിരുന്നു അസിന്റെ അവസാന ചിത്രം.
2016 ജനുവരിയിൽ വിവാഹിതയായതിനെത്തുടർന്ന് അഭിനയരംഗത്ത് നിന്ന് പൂർണമായും വിട്ടുനിന്ന അസിൻ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താൽപ്പര്യപ്പെട്ടത്. 2017-ൽ ഇവർക്ക് ആരിൻ റയ്ൻ എന്ന മകൾ ജനിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത താരം പൊതുപരിപാടികളിലും അധികം പ്രത്യക്ഷപ്പെടാറില്ല.