ധ്യാൻ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി വിമല ടീച്ചർ, ചേർത്തുപിടിച്ച് വീണാ ജോർജ്; പുരസ്‌കാര വേദിയിൽ വൈകാരിക നിമിഷങ്ങൾ
Mail This Article
മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങാനെത്തി കുടുംബം. അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ശ്രീനിവാസന്റെ ഭാര്യ വിമലയും മകൻ ധ്യാൻ ശ്രീനിവാസനും എത്തിയത്.
പുരസ്‌കാര വേദിയിൽ അരങ്ങേറിയ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യന്‍ മീഡിയയില്‍ വൈറലാകുന്നത്. 2025 ഡിസംബർ 20ന് ശ്രീനിവാസൻ അന്തരിച്ചതിന് ശേഷം കുടുംബം പങ്കെടുത്ത ആദ്യത്തെ പ്രധാന പൊതുചടങ്ങുകളിൽ ഒന്നായിരുന്നു ഇത്. പുരസ്‌കാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം വിമല ടീച്ചർ സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടിയത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
ധ്യാൻ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് വിതുമ്പലടക്കാൻ പാടുപെട്ട വിമല ടീച്ചറെ മന്ത്രി വീണാ ജോർജ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ശ്രീനിവാസന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രിയ കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്.