സ്പൂൺ ഫീഡിങ് സ്വഭാവമുള്ള സിനിമയല്ല ‘ഇത്തിരി നേരം’, ഇത്തരത്തിലുള്ള സിനിമകളേ ചെയ്യൂ എന്ന വാശിയുമില്ല: പ്രശാന്ത് വിജയ് സംസാരിക്കുന്നു Why 'Itthiri Neram' Resonated with Audiences Post-Theatrical Release
Mail This Article
പകുതിയിൽ ഒഴുക്കു നിലച്ച പുഴ പോലെയാണ് ചില പ്രണയങ്ങൾ. തെളിവെയില്‍ പോലെ ഓർമകളതില്‍ വെട്ടിത്തിളങ്ങിക്കിടക്കും, ഒരു ജീവിതം നിറയേ... ഒരു നിമിഷത്തിന്റെ പതർച്ചയില്‍ എന്നെന്നേക്കുമായി പിരിഞ്ഞു പോയ പ്രണയിയെ ഹൃദയത്തിന്റെ കോണിലൊരു നൊമ്പരം പോലെ സൂക്ഷിക്കുന്നവർ എപ്പോഴെങ്കിലും ആ സാന്നിധ്യം ഒരു നിമിഷത്തേക്കെങ്കിലും തന്നിലേക്കു തിരികെയെത്തണമെന്നു കൊതിക്കുന്നുണ്ട്. ആ അനുഭവത്തിന്റെ മനോഹരമായ ദൃശ്യാവിഷ്കാരമാണ് ‘ഇത്തിരി നേരം’ എന്ന സിനിമ.
സറിൻ ഷിഹാബിനെയും റോഷൻ മാത്യുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ മികച്ച സിനിമയെന്ന അഭിപ്രായം നേടിയെങ്കിലും തിയറ്ററുകളിൽ വേണ്ടത്ര വിജയം നേടിയില്ല. പക്ഷേ, ഒ ടി ടി റിലീസ് സിനിമയ്ക്കു പുതുജീവൻ നൽകി. പ്രായഭേദമന്യേ എല്ലാ വിഭാഗം പ്രേക്ഷകരും ഇത്തിരി നേരം ഏറ്റെടുത്തു, തിയറ്ററിൽ പോയി കാണാനായില്ലല്ലോ എന്ന തെല്ലുകുറ്റബോധത്തോടെ....
റോഷൻ മാത്യു അനീഷായും സറിൻ ഷിഹാബ് അഞ്ജനയായും വേഷമിടുന്ന ഇത്തിരി നേരം തിരുവനന്തപുരത്തെ ഒരു വൈകുന്നേരത്തിൽ തുടങ്ങി, നഗരത്തിന്റെ രാത്രി കാഴ്ചകളിലൂടെ വികസിച്ച്, കന്യാകുമാരിയിലെ ഒരു പകൽ വരെയുള്ള ഇത്തിരി നേരത്തെ യാത്രയിൽ സംഭവിക്കുന്ന പ്രണയ–സൗഹൃദ കാഴ്ചകളാണ്.
‘അതിശയങ്ങളുടെ വേനൽ’, ‘അംഗലീചാലിതം’, ‘ദായം’, എന്നീ ഫെസ്റ്റിവൽ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശാന്തിന്റെ ആദ്യ കൊമേഴ്സ്യൽ ശ്രമം കൂടിയാണ് ‘ഇത്തിരി നേരം’. മാധ്യമപ്രവർത്തകനായ അബ്ജോത് വർഗീസിന്റെ ‘നിർത്താതെ ഓടിയ ഓട്ടങ്ങൾ’ എന്ന കുറിപ്പിനെ അവലംബമാക്കി വിശാഖ് ശക്തിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘ആട്ട’ത്തിലെയും ‘രേഖാചിത്ര’ത്തിലെയും ശ്രദ്ധേയമായ വേഷങ്ങൾക്കു ശേഷം സറിൻ ഷിഹാബിന്റെ മറ്റൊരു മികച്ച കഥാപാത്രമാണ് ‘ഇത്തിരി നേര’ത്തിലേത്. സങ്കീർണതകൾ ഏറെയുള്ള നായകവേഷം റോഷനും മനോഹരമാക്കി. നന്ദു, ആനന്ദ് മൻമഥൻ, ജിയോ ബേബി എന്നിവരുടെ പ്രകടനവും ഗംഭീരം. ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച സി.ജെ. ബേസിലാണ് ‘ഇത്തിരി നേര’ത്തിലെ മറ്റൊരു താരം.
‘‘രണ്ടോ മൂന്നോ ഘടകങ്ങൾ ഒത്തുവന്നിട്ടാണ് ‘ഇത്തിരി നേരം’ ഇപ്പോള്‍ കാണുന്ന ഫോർമാറ്റിലേക്കെത്തിയത്. അതിന്റെ തുടക്കം തീർച്ചയായും അബ്ജോത് വർഗീസ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ്. അതായത്, സിനിമയിൽ കാണുന്ന രാത്രിയിലെ സംഭവവും തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും യാത്രയും. അതു മാത്രമായി ഒരു സിനിമ ചെയ്യാതെ, ഏറെക്കാലമായി മനസ്സിലുള്ള പ്രണയകഥ കൂടി അതിനോടു ചേർത്തുവച്ചാണ് കഥ തയാറാക്കിയത്. വിശാഖ് ശക്തിയുമായി ചേർന്നാണ് തിരക്കഥ ഒരുക്കിയത്. കോൺവർസേഷൻസ് എഴുതുന്നത് വിശാഖിന്റെ ഒരു സ്ട്രോങ് ഏരിയ ആണ്. അങ്ങനെയാണ് തിരക്കഥ ഇപ്പോഴുള്ളതു പോലെ രൂപപ്പെട്ടത്. ഫ്ലാഷ് ബാക്കുകൾ സീനുകൾ ഇല്ലാതെ കഥ പറയുക എന്നതായിരുന്നു തീരുമാനം. കാണുന്ന ഓരോരുത്തർക്കും അവരുടെ ജീവിതത്തിലെ സമാനമായ അനുഭവം മനസ്സിലേക്കെത്തിക്കാനാകണം എന്ന ആശയമാണ് പരീക്ഷിച്ചത്. സ്പൂൺ ഫീഡിങ് അല്ല ഇത്തിരി നേരത്തിന്റെ രീതി’’.– പ്രശാന്ത് വിജയ് ‘വനിത ഓൺലൈനോട്’ പറയുന്നു.
പണ്ടൊരിക്കൽ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവം തീർന്നപ്പോൾ അവിടെ കണ്ട സുവര്‍ണ്ണ ചകോര ത്തിന്റെ 'കട്ട് ഔട്ട്' എടുത്തു വീട്ടില്‍ കൊണ്ടു വച്ച, തന്റെ സിനിമയുമായി എന്നെങ്കിലും ഈ മേളയില്‍ വരണം എന്നു കൊതിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ മറന്നിട്ടില്ല. അതെങ്ങനെ എന്നു നിശ്ചയമില്ലായിരുന്നുവെങ്കിലും എല്ലാ കൊല്ലവും അവൻ മുടങ്ങാതെ മേളയില്‍ എത്തി. അപ്പോഴൊക്കെയും ‘എന്നെങ്കിലും ഞാന്‍ എന്റെ സിനിമയുമായി ഈ മേളയില്‍ വരും’ എന്ന മോഹത്തിനു മങ്ങലേറ്റിരുന്നില്ല. ആ മോഹം അവൻ സാധ്യമാക്കിയത് 2017 ൽ. ഇരുപത്തി രണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘അതിശയങ്ങളുടെ വേനൽ’ എന്ന സിനിമയാണിത്. പ്രശാന്ത് വിജയിന്റെ ചലച്ചിത്രയാത്രയെ ഇങ്ങനെ മനോഹരമായി സംഗ്രഹിക്കാം.
തിരുവനന്തപുരത്തെ എഞ്ചിനീയറിങ് പഠനത്തിനു ശേഷം എം ബി എ പഠനത്തിനു പൂനെയില്‍ എത്തി. പിന്നീട് പലയിടങ്ങളില്‍ ജോലി. ശേഷം ജോലി ഉപേക്ഷിച്ചു സിനിമയില്‍ സജീവമായി.
‘‘ഞാൻ സിനിമ പഠിച്ചിട്ടോ, ആരുടെയെങ്കിലും സഹായിയായി പ്രവർത്തിച്ചിട്ടോ ഇല്ല. പൂർണമായും ഒരു സ്വതന്ത്ര്യ സിനിമക്കാരൻ എന്ന നിലയിലാണ് എന്റെ കടന്നുവരവ്. 2016 – ൽ ആദ്യ സിനിമ ‘അതിശയങ്ങളുടെ വേനൽ’ ചിത്രീകരിച്ചു. 2017 – ൽ അതു ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. നല്ല അഭിപ്രായങ്ങൾ നേടി. ആദ്യ സിനിമ ഒരുക്കുമ്പോൾ ഒരു ഷോർട് ഫിലിം ചെയ്ത പരിചയമേ ഉണ്ടായിരുന്നുള്ളൂ. കൊമേഴ്സ്യൽ റൂട്ടിൽ പോകാനായിരുന്നില്ല അക്കാലത്തെ എന്റെ താൽപര്യം. എന്റെതായ ഒരു സിനിമ ഉണ്ടാക്കുക എന്നതിനായിരുന്നു പ്രാധാന്യം.
എന്റെ ഓരോ സിനിമയും ഇമോഷൻസാണ് കൈകാര്യം ചെയ്യുന്നത്. റിലേഷൻഷിപ്പിനെക്കുറിച്ചാണ് അവയെല്ലാം പറയുന്ന്. അതാണ് എന്നെ എക്സൈറ്റ് ചെയ്യിക്കുന്നതും. ‘ഇത്തിരി നേര’ ത്തിലെത്തുമ്പോഴും അതിനു മാറ്റമില്ല. ട്രീറ്റ്മെന്റിൽ മാത്രമാണ് വ്യത്യാസം. കഥ പറയുന്ന രീതിയിലേയുള്ളു കൊമേഴ്സ്യൽ സ്വഭാവം. കഥ പറയാൻ ഈ സങ്കേതമാണ് നല്ലതെന്നു തോന്നിയതുകൊണ്ടാണത്.
ഇന്ന തരത്തിലുള്ള സിനിമകളേ ഉണ്ടാക്കൂ എന്ന അജണ്ട എനിക്കില്ല. ഇത്തരത്തിലുള്ള സിനിമകളേ ചെയ്യൂ എന്ന വാശിയുമില്ല. ഓരോ സിനിമയ്ക്കും യോജിക്കുന്ന ട്രീറ്റ്മെൻറ് കൊടുക്കുക, അതേറ്റവും ഇഫക്ടീവായി പറയാനാകുന്ന ഒരു ശൈലി സ്വീകരിക്കുക എന്നേയുള്ളൂ’’. – പ്രശാന്ത് പറയുന്നു.
തിയറ്ററിൽ എന്തു സംഭവിച്ചു ?
തിയറ്റർ റിലീസിലും ‘ഇത്തിരി നേരം’ നല്ല അഭിപ്രായം നേടിയിരുന്നു. പക്ഷേ, വ്യാപകമായ ഒരു സ്വീകാര്യത ലഭിച്ചില്ല. എന്നിട്ടും ചില തിയറ്ററുകളിലെങ്കിലും നാലാഴ്ചയിലധികം പ്രദർശിപ്പിച്ചിട്ടുണ്ട്.
നേരത്തേ പറഞ്ഞല്ലോ, സ്പൂൺ ഫീഡിംങ് സ്വഭാവത്തിലുള്ള ഒരു സിനിമയല്ല ‘ഇത്തിരി നേരം’. കാണിയുടെ സജീവ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്ന ശൈലിയിലാണ് അവതരണം. ഇത്തരം സിനിമകൾ, അതായത് റൊമാന്റിക് – ഡ്രാമ ഴോണറിലുള്ളവ, കൊമേഴ്സ്യൽ സ്പെയിസിൽ കുറഞ്ഞതിന്റെ കുഴപ്പവും നേരിട്ടു. ഈസി എന്റർടെയ്മെന്‍റ് സിനിമകൾക്കാണ് ഇപ്പോൾ സാധ്യത കൂടുതൽ. അതും മറ്റൊരു കാരണമായി.
പാസീവ് ആയി കാണുന്നവർക്കല്ല, ഇൻവോൾവ്ഡ് ആയി കാണുന്നവർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് ‘ഇത്തിരി നേരം’. കാഷ്വൽ ആയി കാണുന്നവർക്ക് എന്താണ് സിനിമയുടെ പോയിൻറ് എന്നു പോലും മനസ്സിലാകില്ല.
പെർഫക്ട് കാസ്റ്റിങ്
തിരക്കഥ പൂർത്തിയായപ്പോൾ സംവിധായകൻ ജിയോ ബേബിക്കു വായിക്കാൻ കൊടുത്തു. അദ്ദേഹത്തിനിഷ്ടപ്പെട്ടു. സുഹൃത്തുക്കളുമായി ചേർന്നു നിർമിക്കാം എന്നു സമ്മതിച്ചു. നായകന്റെ റോളിലേക്ക് റോഷൻ അല്ലാതെ മറ്റൊരു ചോയിസ് ആലോചിച്ചില്ല. കഥ പറഞ്ഞപ്പോഴേ സമ്മതിച്ചു. നായികയായി ആദ്യം മറ്റൊരാളെ പരിഗണിച്ചെങ്കിലും പിന്നീട് ഡേറ്റ് ക്ലാഷ് വന്നു. ആയിടെയാണ് ഞാൻ ‘ആട്ടം’ കണ്ടത്. അതിലെ സെറിന്റെ പ്രകടനം ഇഷ്ടപ്പെട്ട് ഈ വേഷത്തിനായി ക്ഷണിക്കുകയായിരുന്നു. അതു പോലെ നന്ദു ചേട്ടനും ആനന്ദും. ഇതിലും നല്ലൊരു കാസ്റ്റിങ് ഈ സിനിമയ്ക്കില്ല എന്നാണ് എന്റെ അഭിപ്രായം.
പാട്ടും നഗരവും
ബേസിലാണ് എന്റെ ആദ്യ സിനിമ ‘അതിശയങ്ങളുടെ വേനലി’ന്റെ സംഗീതം ഒരുക്കിയത്. അസാമാന്യ കഴിവുള്ള മ്യൂസിക് ഡയറക്ടറും കവിയുമൊക്കെയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ബേസിലിന് ഒരു നല്ല ആൽബത്തിനുള്ള ഇടം കൊടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് മൂന്ന് പാട്ടെന്നത് അഞ്ചായത്. ഈ അഞ്ച് പാട്ടുകള്‍ എഴുതിയതും അദ്ദേഹമാണ്. ഉള്ളിൽ കൊള്ളുന്ന വരിയും സംഗീതവും. പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെടുമെന്നുറപ്പായിരുന്നു. ‘നീയൊരിക്കൽ’ എന്ന പാട്ട് സിനിമയുടെ ആകെത്തുകയുമാണ്.
അതുപോലെ സിനിമയുടെ പശ്ചാത്തലം. തിരുവനന്തപുരം എന്റെ പ്രിയനഗരമാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ള ഇടം. ആദ്യത്തെ ഷോർട്ഫിലിം മുതൽ തിരുവനന്തപുരത്തെ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. തിരക്കഥ എഴുതുമ്പോഴേ ഏതൊക്കെ സ്പോട്ടിൽ എന്തൊക്കെ സീൻ എന്നു നിശ്ചയിച്ചിരുന്നു. മൊത്തത്തിൽ നഗരത്തെ മനോഹരമായി പകർത്താനായതിൽ വലിയ സന്തോഷം.
