‘കത്തിക്കൽ’ റിപ്പീറ്റ്....മീശ പിരിച്ചുള്ള ചിത്രവുമായി ലാലേട്ടൻ വീണ്ടും, ആഘോഷമാക്കി ആരാധകർ
Mail This Article
മീശ പിരിച്ചുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ താരം എത്തിയത് ഈ സർപ്രൈസ് ലുക്കിലായിരുന്നു. അതിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
‘ഒടിയൻ’ എന്ന ചിത്രത്തിനു ശേഷം താടിയില്ലാതെയുള്ള മോഹൻലാലിന്റെ ലുക്ക് പുറത്തിറങ്ങിയിരുന്നില്ല. വർഷങ്ങൾക്കു ശേഷം മീശ പിരിച്ചുള്ള ചിത്രങ്ങളുമായി വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഈ ലുക്കിലുള്ള തന്റെ ഒരു മനോഹരചിത്രം കൂടി മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ താരത്തിന്റെ ഗെറ്റപ്പാണിത്.
വമ്പൻ വിജയമായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടേതാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - ജേക്സ് ബിജോയ്, സഹസംവിധാനം - ബിനു പപ്പു, എഡിറ്റിങ് -വിവേക് ഹർഷൻ. ചിത്രത്തിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഹിറ്റാണ്.