ADVERTISEMENT

ജീവിതം നൽകിയ പരീക്ഷണങ്ങളെ മനക്കരുത്തിനാലും ആത്മവിശ്വാസത്താലും പൊരുതിത്തോൽപ്പിക്കുമ്പോൾ അമൃതയുടെ മനസ്സിൽ കെടാത്ത വിളക്കായി തെളിഞ്ഞു കത്തിയ ഒരു ആഗ്രഹമുണ്ടായിരുന്നു, സ്വന്തമെന്നു പറയാൻ ഒരു വീട് വേണം. വാടക വീടുകളുടെ പരിമിതികളിലൂടെയും താൽക്കാലികതകളിലൂടെയുമുള്ള യാത്രയവസാനിപ്പിച്ച്, അമ്മയ്ക്കും അമ്മൂമ്മയ്ക്കും അനിയനുമൊപ്പം സ്വാതന്ത്ര്യത്തോടെ പാർക്കാൻ ഒരിടം. ആ വലിയ ആഗ്രഹം ഒടുവിൽ അമൃത യാഥാർത്ഥ്യമാക്കി, ‘ആഗ്രഹം’ എന്ന വീടിലൂടെ...

മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നായ ‘കുടുംബവിളക്കി’ലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവതാരമാണ് അമൃത നായർ. ശീതൾ അമൃതയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.

ADVERTISEMENT

ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലൂടെ കടന്നു വന്ന്, ചെറിയ പ്രായത്തിലേ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്, ഒരു കുടുംബത്തിന്റെ നാഥയായ പെൺകുട്ടിയാണ് അമൃത. ആ യാത്രയിലെ ആദ്യത്തെ വലിയ നേട്ടമായ വീടിന് ‘ആഗ്രഹം’ എന്നല്ലാതെ മറ്റൊരു പേരും അമൃതയുടെ മനസ്സിൽ വന്നില്ല.

‘‘സ്വന്തമായി ഒരു വീടെന്നത് ഇരുപത്തിയെട്ട് വർഷത്തെ ആഗ്രഹമാണ്. ഒരുപാട് കഷ്ടപ്പെട്ടു ഇതു യാഥാർത്ഥ്യമാക്കാൻ. രണ്ട് പ്രാവശ്യം പണി തുടങ്ങി പല കാരണങ്ങളാൽ നിർത്തി വച്ചതാണ്. വീട് വേണ്ട എന്ന തീരുമാനത്തിലേക്കു വരെ എത്തിയതാണ്. പക്ഷേ, ഉള്ളിലുള്ള അടങ്ങാത്ത മോഹത്താൽ വീണ്ടും പണി തുടങ്ങി, പ്രതിസന്ധികൾ പലതും താണ്ടി മനസ്സിനിണങ്ങിയതു പോലെ ഒരു വീട് പൂർത്തിയാക്കുകയായിരുന്നു. അപ്പോൾ ആഗ്രഹം എന്ന പേരല്ലാതെ മറ്റെന്താണ് ചേരുക’’.– അമൃത ‘വനിത ഓൺലൈനോട്’ സംസാരിച്ചു തുടങ്ങിയതിങ്ങനെ.

amrutha-nair-house-special-2
ADVERTISEMENT

ആഡംബരമല്ല, ആവശ്യം

ജൻമനാടായ പത്തനാപുരം പുന്നലയിലാണ് വീട് പണിഞ്ഞിരിക്കുന്നത്. 1200 സ്ക്വയർ ഫീറ്റാണ് വലുപ്പം. ചെറിയ, മിനിമലായ, ആവശ്യത്തിനൊത്തുള്ള ഒരു വീടെന്നതായിരുന്നു എന്റെ മോഹം. സൗകര്യത്തിനുള്ള ഇടം വേണമെന്നാല്ലാതെ മറ്റൊരു ആഡംബരവും മനസ്സിലുണ്ടായിരുന്നില്ല.

ADVERTISEMENT

ഇരുപതു വർഷത്തോളമായി ഞങ്ങൾ തിരുവനന്തപുരത്താണ്. വാടകയ്ക്കാണ് താമസം. സ്വന്തമായി വീടില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ധാരാളം നേരിട്ടിട്ടുണ്ട്. ജീവിത്തിൽ ഒരുപാട് കഷ്ടപ്പെട്ടും പൊരുതിയുമാണ് ഇവിടെ വരെ എത്തിയത്. എന്റെ സമ്പാദ്യം ഉപയോഗിച്ച്, സ്വന്തമായി ഒരു വീടുണ്ടാക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. അതാണ് ഇപ്പോൾ സാധ്യമായത്.

അതുപോലെ, വീട്ടിലെ ഓരോ സാധനങ്ങളും ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് വാങ്ങിയിരിക്കുന്നത്. എന്നുവച്ച് വലിയ പണച്ചെലവുള്ള ഒന്നും അക്കൂട്ടത്തിലില്ല. എല്ലാം കൂടി 32 ലക്ഷം രൂപയാണ് വീടിന്റെ മൊത്തം ചെലവ്.

amrutha-nair-house-special-3

കൂട്ടിവച്ച മോഹം

അമ്മ, അമ്മൂമ്മ, അനിയൻ എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്. ഞാൻ അഭിനയരംഗത്തെത്തിയിട്ട് പത്ത് വർഷത്തോളമായി. അക്കാലം മുതൽ സ്വരുക്കൂട്ടി വച്ച പണമാണ് വീടിനായി ചെലവഴിച്ചിരിക്കുന്നത്. എന്റെ മറ്റു പല ആവശ്യങ്ങളും മാറ്റിവച്ചാണ് വീടിനായുള്ള സമ്പാദ്യം ഉണ്ടാക്കിയത്. സിംപിൾ ലൈഫ് ആഗ്രഹിക്കുന്ന ആളാണ് ഞാൻ അതിനാൽ വീടും സിംപിളായിരിക്കണം എന്നുണ്ടായിരുന്നു.

വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് പാല് കാച്ചലിനു ക്ഷണിച്ചിരുന്നത്. പക്ഷേ, മീഡിയാസ് ഒക്കെ വന്നതോടെ അതൊരു വലിയ ആഘോഷമായി.

ചെറുപ്പത്തിലേ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തയാളാണ് അമൃത.

‘‘ഡിഗ്രി കഴിഞ്ഞ്, 19 വയസ്സിൽ ജോലിക്ക് കയറിയതാണ്. അപ്പോൾ അത് വളരെ അത്യാവശ്യമായിരുന്നു. കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു വന്നത്. വലിയ പാടായിരുന്നു ജീവിതം. ആദ്യം കിട്ടിയ ജോലി യിൽ നിന്നുള്ള വരുമാനം വച്ച് കുടുംബം മുന്നോട്ടു കൊണ്ടു പോകാനാകില്ലായിരുന്നു. ജോലി വിട്ട് സീരിയല്‍ മേഖലയിലെത്തിയിട്ടും തുടക്കത്തിൽ വളരെ പ്രസായമായിരുന്നു. വരുമാനം തീരെ കുറവായിരുന്നു. കോസ്റ്റ്യൂം വാങ്ങാൻ പോലും തികയില്ല. അനിയന്‍ ആ സമയത്ത് പഠിക്കുകയാണ്. കുടുംബം നോക്കണം. അവനെ പഠിപ്പിക്കണം. ഇതെല്ലാം എന്റെ ഉത്തരവാദിത്വമായിരുന്നു. ഭയങ്കര പാടായിരുന്നു. എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു.

യാദൃശ്ചികമായാണ് അഭിനയ രംഗത്തെത്തിയത്. ഓഡിഷൻ വഴിയാണ് ആദ്യ സീരിയല്‍ ‘ഡോക്ടർ റാം’ ൽ അവസരം കിട്ടിയത്. ഞാന്‍ പഠനം കഴി‍ഞ്ഞ്, ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് ഈ അവസരം വന്നത്.

‘സ്റ്റാർ മാജിക്’ എന്ന പ്രോഗ്രാമിൽ എത്തിയതോടെയാണ് കൂടുതൽ ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. അതിനിടെയാണ് കുടുംബവിളക്കിലേക്ക് വിളിച്ചത്. പ്ലസ് ടൂ വിന് പഠിക്കുന്ന കഥാപാത്രമാണ് ശീതൾ. ഒരാൾ ചെയ്ത ക്യാരക്ടർ മറ്റൊരാൾ ചെയ്യുന്നത് പ്രേക്ഷകർ അംഗീകരിക്കാൻ വളരെ പാടാണ്. ആ ക്യാരക്ടറിന് വേണ്ടി ഒരു മേക്കോവർ വേണമായിരുന്നു. ആദ്യത്തെ എപ്പിസോഡ് വന്നപ്പോള്‍ തന്നെ നല്ല പ്രതികണങ്ങൾ കിട്ടി. ഇതിനോടകം ധാരാളം സീരിയലുകൾ ചെയ്തെങ്കിലും കുടുംബവിളക്കിലെ ശീതൾ ആണ് ബ്രേക്ക് ആയത്’’.– അമൃത പറയുന്നു.

എന്തായാലും ഈ വർഷം അമൃതയെ സംബന്ധിച്ച് പുതിയ തുടക്കങ്ങളുടേതാണ്. ജനുവരിയിലായിരുന്നു വീടിന്റെ ഗൃഹപ്രവേശനചടങ്ങുകൾ. സീരിയലുകളിൽ നിന്നു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. ടോം ആൻഡ് ജെസി എന്ന സീരിസിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വീട് എന്ന വലിയ മോഹം സാധിച്ചതിനു പിന്നാലെ മറ്റു ചില തീരുമാനങ്ങൾ കൂടി മനസ്സിലുണ്ട്.

‘‘ഈ വർഷം എല്ലാ രീതിയിലും ലൈഫ് സെറ്റിൽ ആക്കണമെന്നുണ്ട്’’.– അമൃതയുടെ സ്വരത്തിൽ സന്തോഷത്തിന്റെ തുടിപ്പ്.

Amritha Nair's Dream Home 'Aagrah' Becomes Reality:

Amritha Nair, the beloved actress known for her role as Sheethal in 'Kudumbavilakku,' has finally realized her lifelong dream of owning a home named 'Aagrah.' Overcoming numerous life challenges and financial struggles since a young age, Amritha's new 1200 sq ft house in Pathanapuram, Kottayam, is a testament to her perseverance and hard work, built with her own savings.

ADVERTISEMENT