‘എന്റെ മകൻ മരിച്ച സമയം, ഒന്നും ചോദിക്കാതെ ബേസില്‍ 30000 രൂപ അയച്ചു’: നടി കുടശ്ശനാട് കനകം Kudasshanad Kanakam's Emotional Bond with Basil Joseph
Mail This Article
'ജയ ജയ ജയ ജയ ഹേ'യിലെ അമ്മ വേഷത്തിലൂടെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് കുടശ്ശനാട് കനകം. നടൻ ബേസിൽ ജോസഫിന്റെ അമ്മയായി തകര്‍ത്തഭിനയിച്ച കനകം സ്ക്രീനിലെ പോലെ ജീവിതത്തിലും ഹൃദ്യമായ അമ്മ- മകന്‍ ബന്ധം കാത്തുസൂക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തി. മകൻ മരിച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷം താങ്ങായി നിന്നത് ബേസിലാണെന്നും അദ്ദേഹം മകനെപ്പോലെയാണെന്നും കുടശ്ശനാട് കനകം പറയുന്നു.
"എന്റെ മകൻ മരിച്ചപ്പോൾ ബേസിൽ എനിക്ക് പണം തന്നു സഹായിച്ചിരുന്നു. ബേസിൽ ജോസഫ് എനിക്ക് മകനെപ്പോലെയാണ്. ഞാൻ തനിച്ചാണ് ജീവിക്കുന്നത്. നാടകത്തിൽ വർക്ക് ചെയ്തതിന്റെ പെൻഷൻ കിട്ടുന്നുണ്ട്. കയ്യിൽ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ആണ് മകൻ മരിച്ചപ്പോൾ ഉള്ള കാര്യങ്ങൾ എല്ലാം നടത്തിയത്.
കയ്യിൽ ഉള്ളതെല്ലാം തീർന്നപ്പോൾ ഇനി ഞാൻ എങ്ങനെ മുന്നോട്ട് പോകും എന്ന് അന്തം വിട്ടു നിന്നു. ഉടനെ ഞാൻ ബേസിലിനെ വിളിച്ചു. ഒറ്റ വിളിക്ക് എടുത്തു. ‘മോനേ എനിക്ക് ഫെബ്രുവരിയിൽ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയിൽ ഇല്ലെങ്കിൽ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്ന് പറഞ്ഞു. ‘അതിനെന്താ അമ്മേ... നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ബേസിലിന്റെ മാനേജർ വിളിച്ചിട്ട് പറഞ്ഞു, അമ്മയെ ബേസിലിനു ഒരുപാട് ഇഷ്ടമാണ്, അമ്മയുടെ ഗൂഗിൾ പേ നമ്പർ ഇതാണോ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അയ്യോ ഞാൻ പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാൻ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ’ എന്ന് പറഞ്ഞു. പക്ഷേ, അവൻ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ മീഡിയയുടെ മുന്നിൽ പറഞ്ഞാൽ ബേസിൽ എന്നെ വഴക്കു പറയും. എന്റെ മകൻ മരിച്ചു. ഇനി എനിക്ക് ഇവരൊക്കെ തന്നെയാണ് മക്കൾ."- കുടശ്ശനാട് കനകം പറഞ്ഞു.
പതിറ്റാണ്ടുകളോളം പ്രഫഷണൽ നാടക വേദികളിൽ സജീവമായിരുന്നു കുടശ്ശനാട് കനകം. നാടകത്തിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. ‘ഗുരുവായൂർ അമ്പലനടയിൽ’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’, ‘മരണമാസ്’ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇന്ദ്രൻസ് നായകനായ ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ ആണ് കനകത്തിന്റെ ഏറ്റവും പുതിയ ചിത്രം.