‘ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവിന്’: മനോജ് കെ. ജയന് കുഞ്ഞാറ്റയുടെ പിറന്നാൾ ആശംസ Daughter's Emotional Birthday Tribute to Manoj K Jayan
Mail This Article
നടൻ മനോജ് കെ. ജയന് പിറന്നാൾ ആശംസ നേർന്ന് മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് മകൾ കുഞ്ഞാറ്റ (തേജലക്ഷ്മി).
‘ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവിന്, ജീവിതത്തെ ഗൗരവത്തോടെ കാണാനും എന്നാൽ അതേസമയം ലഘുവായി എടുക്കാനും എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകൾ. കാര്യങ്ങൾ കൃത്യമായി ചെയ്യാനും, ദയയും സഹാനുഭൂതിയുമുള്ളവനായിരിക്കാനും, ശാന്തനായിരിക്കുന്നതോടൊപ്പം തന്നെ ആഘോഷിക്കാനും, പോകുന്നിടത്തെല്ലാം വെളിച്ചവും പോസിറ്റിവിറ്റിയും പടർത്താനും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്.
പക്ഷേ, അതിലൊക്കെയുപരി, ഭയമില്ലാത്തവളായിരിക്കാനും കരുത്താർജ്ജിക്കാനുമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്. എന്റെ ഈ ജീവിതം തന്നെ നിങ്ങൾക്ക് കടപ്പെട്ടതാണ് അച്ഛാ. എനിക്കുവേണ്ടി എപ്പോഴും കൂടെ നിന്നതിന് നന്ദി പറഞ്ഞുതീർക്കാൻ എനിക്കാവില്ല. നിങ്ങൾ എന്നെ വളർത്തിയ രീതിയെ ഞാൻ അത്രമേൽ വിലമതിക്കുന്നു. ഞാൻ വളർന്നതിനുശേഷം, അമിയെയും ചിന്നുവിനെയും നിങ്ങൾ ഇത്രയധികം സ്നേഹത്തോടെ വളർത്തുന്നത് കാണാൻ എനിക്ക് സാധിച്ചു.
ഓരോ തവണ കാണുമ്പോഴും അത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. അച്ഛനോടുള്ള എന്റെ സ്നേഹം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. വാക്കുകൾക്ക് അതിനെ ഉൾക്കൊള്ളാനാവില്ല. ജന്മദിനാശംസകൾ അച്ഛാ...എന്റെ പൂർണ ഹൃദയത്തോടെ ഞാൻ അച്ഛനെ സ്നേഹിക്കുന്നു’എന്നാണ് കുഞ്ഞാറ്റ കുറിച്ചത്.
അച്ഛനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു മോളെ...നിന്റെ ഈ വാക്കുകൾ എന്റെ ഹൃദയത്തെ അത്രമാത്രം ആഴത്തിൽ സ്പർശിച്ചു, ഒരുപാട് നന്ദി മോളെ’ എന്നാണ് മനോജ് കെ. ജയൻ മകൾക്ക് നൽകിയ മറുപടി.