ADVERTISEMENT

മകൾ ഇളയുടെ ഇരുപത്തിയെട്ടുകെട്ടു ചടങ്ങിൽ തന്റെ പൊന്നോമനയ്ക്കുള്ള സമ്മാനമായി ബീയാർ പ്രസാദ് ഒരു പാട്ടെഴുതി. ഉറ്റസുഹൃത്തും സംഗീതജ്ഞനുമായ പുളിപ്പറമ്പിൽ മധുവിനെക്കൊണ്ട് സംഗീതം പകർന്നു പാടിച്ചു റെക്കോർഡ് ചെയ്തു. ‘ശ്രീലക്ഷ്മിയെന്നോ...രാധയെന്നോ...’ എന്നാരംഭിക്കുന്ന ഈ മനോഹരമായ പാട്ട് വർഷങ്ങൾക്കു ശേഷം വീണ്ടും മുഴങ്ങിയത് ഇളയുടെ വിവാഹച്ചടങ്ങിലാണ്...

‘ശ്രീലക്ഷ്മിയെന്നോ രാധയെന്നോ

ADVERTISEMENT

ശ്രീപാർവതിയെന്നോ ഗൗരിയെന്നോ

പേരെന്തു ചൊല്ലി വിളിക്കുെമൻ ആദ്യത്തെ

ADVERTISEMENT

പ്രേമമന്ദാരത്തിൻ പൂമകളെ....

നറു തിങ്കളേ.... എന്റെ നിറപുണ്യമേ...

ADVERTISEMENT

എന്നിൽ ഉരുവാർന്ന ജീവന്റെ തളിർവല്ലി നീ...’

എന്ന വരികളിൽ മകളോടുള്ള അച്ഛന്റെ സ്നേഹമൊക്കെയും തുളുമ്പിക്കിടന്നു.

പക്ഷേ...ആ നിമിഷത്തിനു സാക്ഷിയാകാൻ, സന്തോഷത്തിന്റെ നറുമലരുകൾ ചൊരിയാൻ മകൾക്കൊപ്പം പ്രസാദുണ്ടായിരുന്നില്ല. ജീവിതത്തിൽ അപശ്രുതി പോലെ കടന്നു വന്ന വൃക്കരോഗം ബീയാറിനെ അകാലത്തിൽ മരണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി, മൂന്നു വർഷം മുമ്പ്...

കഴിഞ്ഞ ദിവസമായിരുന്നു ബീയാർ പ്രസാദിന്റെ മകൾ ഇളയുടെ വിവാഹം. അടൂർ ഏനാത്ത് സ്വദേശികളായ രാധാകൃഷ്ണൻ ബി.യുടെയും മോനി ഷാജിയുടെയും മകൻ അനൂപ് രാധാകൃഷ്ണനാണ് വരൻ. ചങ്ങനാശ്ശേരിയിലെ വർണാഭമായ കല്യാണ രാവിൽ ബീയാർ പ്രസാദിന്റെ സാന്നിധ്യം നിറഞ്ഞു തുളുമ്പുകയായിരുന്നു, അദ്ദേഹമെഴുതിയ പാട്ടുകളിലൂടെ...

‘‘അച്ഛന്റെ പാട്ടുകളായിരുന്നു വിവാഹച്ചടങ്ങുകളുടെ പശ്ചാത്തലത്തിൽ മുഴങ്ങിയത്. അച്ഛന്റെ പാട്ടുകൾ കോർത്തിണക്കിയ ഗാനമേളയും അച്ഛന്റെ പാട്ടിനൊപ്പം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടവുമൊക്കെയുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളിലൂടെ, ആ പാട്ടുകളിലൂടെ, അച്ഛന്റെ സാന്നിധ്യം അവിടെയൊക്കെ നിറഞ്ഞിരുന്നു. ‘കുഞ്ഞമ്മണീ’യെന്നു വിളിച്ച് അച്ഛനെന്റെ നെറുകയിൽ അനുഗ്രഹത്തിന്റെ ചുംബനം പകർന്നതായി തോന്നി.

‘ശ്രീലക്ഷ്മിയെന്നോ...രാധയെന്നോ...’ എന്ന പാട്ടിന്റെ പഴയ റെക്കോർഡ‍് നഷ്ടപ്പെട്ടിരുന്നു. പിന്നീട് അതിന്റെ ലിറിക്സ് കണ്ടെടുത്ത് റീ ക്രിയേറ്റ് ചെയ്താണ് വിവാഹച്ചടങ്ങിൽ ഉപയോഗിച്ചത്. താലി കെട്ടിനു ശേഷം ആ പാട്ടായിരുന്നു. അതു കേട്ടതും എല്ലാവരും ഇമോഷനലായി. ഞാനും അമ്മയും അനിയനുമുൾപ്പടെ ആ നിമിഷത്തില്‍ കരയാത്തവരായി ആരുമുണ്ടായിരുന്നില്ല അവിടെ. എനിക്ക് അച്ഛനെ ഭയങ്കരമായി മിസ് ചെയ്തു. അച്ഛനെ കാണണമെന്നും കെട്ടിപ്പിടിക്കണമെന്നുമൊക്കെ തോന്നി...’’.– വിവാഹ വിശേഷങ്ങളെക്കുറിച്ച് ‘വനിത ഓൺലൈനോട്’ പറയുമ്പോൾ ഇള ഒരു നിമിഷം ആ പഴയ കുഞ്ഞമ്മണിയായി....ശബ്ദത്തിൽ സങ്കടത്തിന്റെ നിഴൽ പതിഞ്ഞു...

ila-prasad-2

നാല് വർഷത്തെ സൗഹൃദമാണ് അനൂപിന്റേതും ഇളയുടെയും വിവാഹത്തിലേക്കെത്തിയത്. എറണാകുളത്ത് ഒരു എജ്യൂക്കേഷൻ കൺസൾട്ടൻസി കമ്പനിയുടെ ഉടമയാണ് അനൂപ്. ഇള പഠനത്തിനായി ചെക്ക് റിപ്പബ്ലിക്കിലേക്കു പോയത് അനൂപിന്റെ കമ്പനി വഴിയാണ്. ഇടയ്ക്ക് അതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ വന്നപ്പോൾ പരാതി പറയാൻ ഓണറുടെ മോബൈൽ ഫോൺ നമ്പർ ഓഫീസിൽ നിന്നു വാങ്ങി വിളിച്ചു സംസാരിച്ചതാണ്. പ്രശ്നം ഉടൻ പരിഹരിക്കപ്പെട്ടു. ആ പരിചയം മെല്ലെ സൗഹൃദമായി. പതിയെപ്പതിയെ രണ്ടാളുടെയും മനസ്സിൽ പ്രണയം മുളപൊട്ടി. അനൂപാണ് ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത്. അപ്പോഴേക്കും പഠനം കഴിഞ്ഞ് പഠിച്ച യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് ലക്ചറർ ആയി ഇള ജോലി നേടിയിരുന്നു. വിവാഹം കഴിക്കാം എന്നു തീരുമാനിച്ചതോടെ ഇരുവരും തങ്ങളുടെ വീടുകളിൽ കാര്യം പറഞ്ഞു. ഫെബ്രുവരിയിൽ കസിന്റെ വിവാഹത്തിനായി നാട്ടിലെത്തിയ ഇള അനൂപിനെ വീട്ടുകാർക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തി. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. രണ്ടു കുടുംബങ്ങളും കാര്യങ്ങൾ സംസാരിച്ചുറപ്പിച്ച് വിവാഹത്തിലേക്കെത്തി. ബീയാർ പ്രസാദ് – വിധു ദമ്പതികളുടെ മൂത്ത മകളാണ് ഇള. കവി പ്രസാദാണ് ഇളയുടെ അനിയൻ. ഇനി നാട്ടിൽ അനൂപിന്റെ സ്ഥാപനങ്ങളിൽ ചേർന്നു പ്രവർത്തിക്കാനാണ് ഇളയുടെ തീരുമാനം. രണ്ടാളും കൊച്ചിയിലാണ് താമസം.

ila-prasad-3

‘‘കല്യാണത്തിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുമ്പോൾ എനിക്ക് അച്ഛനെ വളരെയധികം മിസ് ചെയ്തു. എന്റെ കല്യാണത്തെക്കുറിച്ച് അച്ഛന് വലിയ സങ്കൽപ്പങ്ങളുണ്ടായിരുന്നു. എന്നോടത് പറഞ്ഞിട്ടുണ്ട്. ലളിതമായ ആഘോഷങ്ങളോടെ, പരമ്പരാഗത രീതിയിൽ രാത്രിയിൽ വേണം വിവാഹച്ചടങ്ങുകളെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛൻ ഇല്ലെങ്കിലും കല്യാണത്തിന്റെ കാര്യങ്ങൾ തീരുമാനിച്ചപ്പോൾ എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് വന്നത്. അതൊരു വലിയ സന്തോഷമായി. ഓപ്പൺ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ. അച്ഛന്റെ അടുത്ത സുഹൃത്തുക്കളൊക്കെ എത്തിയിരുന്നു’’.– ഇള പറയുന്നു.

മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഒരുപിടി മനോഹരഗാനങ്ങളാണ് ബീയാർ പ്രസാദ് എഴുതിയിട്ടുള്ളത്. ഒന്നാംകിളി പൊന്നാണ്‍കിളി വണ്ണാംകിളി മാവിന്‍മേല്‍, കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്, മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി, ഒരു കാതിലോല ഞാന്‍ കണ്ടീലാ, കേരനിരകളാടും ഒരു ഹരിത ചാരു തീരം എന്നിങ്ങനെ കവിത്വം നിറയുന്ന പാട്ടുകള്‍ പകർന്നു നൽകിയ ആ കലാകാരൻ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞത് 2023 ജനുവരി 4 – നാണ്.

2019 – ലാണു അദ്ദേഹത്തിനു വൃക്കരോഗം തിരിച്ചറിയുന്നത്. ഡയാലിസിസ് തുടങ്ങി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. സുഹൃത്തുക്കളും ആരാധകരും സഹായിച്ചു. വൃക്ക മാറ്റിവയ്ക്കലായിരുന്നു ഏക പോംവഴി. പാരലൽ കോളജിലെ സഹഅധ്യാപകനാണു വൃക്ക നൽകിയത്. ‘എനിക്ക് ആറു സഹോദരിമാരാണ്. ഒരു കൂടപ്പിറപ്പ് കൂടിയായി എന്നു ഞാനങ്ങു കരുതിക്കോളാം. പ്രസാദിനു എന്റെ വൃക്ക വേണ്ടെങ്കിൽ വേണ്ട ഞാനിത് വേറെ ആർക്കെങ്കിലും കൊടുക്കും.’ അദ്ദേഹം പറഞ്ഞു. അങ്ങനെയാണു പ്രസാദ് സർജറിക്കു സമ്മതിക്കുന്നത്. അതിനുശേഷം എഴുത്തിലും വായനയിലും കൂടുതൽ സജീവമായി. ജീവിതം വീണ്ടും തളിരിട്ടു എന്നു കരുതി. പക്ഷേ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. എല്ലാവരെയും സങ്കടത്തിലാഴ്ത്തി അദ്ദേഹം പോയി...

അച്ഛന്റെ പാട്ടുകളിൽ ഇളയ്ക്ക് ഏറെയിഷ്ടം ഒരു കാതിലോല ഞാന്‍ കണ്ടീലാ..., കുളിരില്ലം വാഴും..., കേരനിരകളാടും..., മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ...എന്നീ പാട്ടുകളാണ്...

അച്ഛന്റെ സർഗരചന പൂർത്തിയാക്കാനുള്ള നിയോഗവും കാലം ഇളയ്ക്കു വേണ്ടി കാത്തുവച്ചിരുന്നു. പ്രസാദിന്റെ അവസാന രചനയായ ‘പ്രിയ മാനസം’ ഇളയാണ് പൂർത്തിയാക്കിയത്. നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായിവാരിയരുടെ ജീവിതം പറയുന്ന നോവലാണിത്. 29 അധ്യായങ്ങൾ എഴുതിയെങ്കിലും നോവൽ പൂർത്തിയാക്കുന്നതിനു മുൻപ് ബീയാർ രോഗബാധിതനായി. നായകൻ അനന്തപുരിയിലേക്ക് എന്ന് എഴുതി 29–ാം അധ്യായം പൂർത്തിയാക്കിയതിനു പിന്നാലെ ചികിത്സയ്ക്കായി ബീയാറിനു തിരുവനന്തപുരത്തേക്കു പോകേണ്ടിവന്നു. നോവൽ സംബന്ധിച്ചു മകളുമായും കുടുംബാംഗങ്ങളുമായി അദ്ദേഹം ചർച്ച ചെയ്തിരുന്നു. ആ ആത്മവിശ്വാസത്തിലാണു നോവൽ പൂർത്തിയാക്കാൻ സാധിക്കുമെന്നു മകൾക്കു തോന്നിയത്. അച്ഛന്റെ മരണം ഏൽപിച്ച ആഘാതത്തിൽ നിന്നു മോചിതയാവാത്തതിനാൽ നോവൽ പൂർത്തിയാക്കാൻ വൈകി. ഉപരിപഠനത്തിനായി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്കു പോയ ഇള 5 മാസത്തിനു ശേഷം ‘പ്രിയ മാനസം’ പൂർത്തിയാക്കുകയായിരുന്നു.

A Father's Love in Song: Ela's Wedding Celebration:

A father's love is evident through a song written for his daughter Ela's wedding, composed and recorded by his friend Alappuzha Vidhu. Although B.R. Prasad couldn't be present due to kidney disease, his presence was felt through his songs at the wedding.

ADVERTISEMENT