ADVERTISEMENT

മനോജ് ഭാരതിരാജ വിടപറഞ്ഞിട്ട് ഒരു വർഷം! പക്ഷേ, ആ വിയോഗം അംഗീകരിക്കുവാനോ, മനോജ് ഇല്ലെന്നു വിശ്വസിക്കുവാനോ പ്രിയപ്പെട്ടവർക്ക് ഇപ്പോഴും സാധിക്കുന്നില്ല. അത്രത്തോളം ആ മനുഷ്യൻ അവരുടെയൊക്കെ ജീവിതത്തില്‍ സ്നേഹത്തിന്റെയും കരുതലിന്റെയും നിലാവ് പരത്തിയിരുന്നു. ആ ഓർമകളിങ്ങനെ വിതുമ്പി നിൽക്കുമ്പോൾ മനോജിന്റെ അസാന്നിധ്യം തിരിച്ചറിയുവാൻ അവർക്കാകില്ലല്ലോ.

നടൻ, സംവിധായകൻ, വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ മകൻ, നടി നന്ദനയുടെ ജീവിതപങ്കാളി... വിലാസങ്ങൾ പലതാണ് മനോജിന്. ആ വിലാസങ്ങളിലൊക്കെ അയാൾ തന്റെ ജീവിതം ഏറ്റവും മനോഹരമായും ആത്മാർഥമായും അടയാളപ്പെടുത്തിയതുമാണ്. അതാണല്ലോ, അയാളെ ഓർക്കുമ്പോൾ സ്വയമറിയാതെ ഒരു തുള്ളി കണ്ണുനീരിങ്ങനെ പ്രിയപ്പെട്ടവരുടെ ഹൃദയവാതിലിൽ ഇറ്റുവീഴാൻ വെമ്പി നിൽക്കുന്നത്.

ADVERTISEMENT

2025 മാർച്ച് 25 – നാണ് മനോജ് ഭാരതിരാജ അന്തരിച്ചത്. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മരണത്തിന് ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഞെട്ടലോടെയാണ് ആ വാർത്ത തമിഴകം കേട്ടത്. എക്കാലവും സൗമ്യതയുടെ അടയാളമായിരുന്ന, ചിരിയോടെയല്ലാതെ കണ്ടിട്ടില്ലാത്ത മനോജിന്റെ മരണം തളർത്തിയ മുഖം ആരാധകർക്ക് നോവിന്റെ പര്യായമായി. ആ സത്യത്തെ ഉൾക്കൊള്ളാനാകാതെ മനോജിന്റെ മൃതദേഹത്തിനരികെ പാതിമരിച്ച മനസ്സോടെ ഇരിക്കുന്ന നന്ദനയും മക്കളായ അര്‍ഷിതയും മതിവതനിയും മകന്റെ വേർപാടിൽ ഉലഞ്ഞുപോയ വൻമരം പോലെ തളർന്നു നിന്ന ഭാരതിരാജയും വിങ്ങൽ പടർത്തുന്ന കാഴ്ചയായി...

പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ഷങ്കറിന്റെയും സംവിധാനസഹായിയായി പ്രവർത്തിച്ച മനോജ്, ഭാരതിരാജയുടെ സംവിധാനത്തിലൊരുങ്ങിയ ‘താജ്മഹൽ’ എന്ന സിനിമയിൽ നായകനായതോടെ പ്രേക്ഷകർക്ക് സുപരിചിതനായി. എ.ആർ.റഹ്മാൻ സംഗീതം പകർന്ന അതിലെ ഗാനങ്ങൾ ഇപ്പോഴും സൂപ്പർഹിറ്റാണ്. പക്ഷേ, പടം വേണ്ടത്ര വിജയിച്ചില്ല. തുടർന്നും ചില സിനിമകളിൽ നായക–ഉപനായക വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല. അഭിനയശേഷിയും പാരമ്പര്യവുമുണ്ടായിട്ടും തമിഴകത്തെ താരമത്സരങ്ങളിലെവിടെയും മനോജിനിടം കിട്ടിയില്ല. പിന്നാലെ സംവിധാനത്തിലേക്കും മനോജെത്തി. 2023– ൽ ‘മാര്‍ഗഴി തിങ്കള്‍’ എന്ന സിനിമ ഒരുക്കി. പക്ഷേ, ആ മേഖലയിലും ഏറെയൊന്നും സഞ്ചരിക്കാനായില്ല. സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാനടികന്‍, അന്നക്കൊടി, മാനാട് തുടങ്ങി പതിനെട്ടോളം സിനിമകളിൽ മനോജ് അഭിനയിച്ചിട്ടുണ്ട്. 2022 – ൽ എത്തിയ ‘വിരുമന്‍’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. പരാജയങ്ങളെ പിന്നിലുപേക്ഷിച്ച് ശക്തമായ തിരിച്ചുവരവിനുള്ള കളമൊരുക്കവേയാണ് മരണം ആ ജീവിതത്തിന് ‘കട്ട്’ പറഞ്ഞത്.

ADVERTISEMENT

നന്ദനയെ പ്രണയിച്ച് സ്വന്തമാക്കിയതാണ് മനോജ്. മലയാളത്തിലും തമിഴിലും ശ്രദ്ധേയയായിരുന്ന നന്ദന കോഴിക്കോട് സ്വദേശിനിയാണ്. ‘സാദുരിയാന്‍’ സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നതിനിടെയാണ് ഇവർ പ്രണയത്തിലായത്. 2006 ഡിസംബറിലായിരുന്നു വിവാഹം. രണ്ട് വര്‍ഷത്തെ പ്രണയവും 19 വര്‍ഷത്തെ ദാമ്പത്യ ജീവിതവും...നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനോജ് പറഞ്ഞിരുന്നു. എന്നാൽ പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് യാത്രയായി.

നന്ദനയോട് തനിക്ക് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ആയിരുന്നു എന്ന് മനോജ് പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

‘ആദ്യ ദിവസത്തെ ഷൂട്ട് ഒരു വീട്ടിലായിരുന്നു. നായികയെ തിരിഞ്ഞു നോക്കരുത്, സംവിധായകൻ പരിചയപ്പെടുത്തുമെന്ന് മനസിൽ കരുതി. പക്ഷേ, തിരിഞ്ഞു നോക്കി. നന്ദനയെ കണ്ടപ്പോൾ തന്നെ എനിക്ക് പ്രണയം തോന്നി’ എന്നാണ് മനോജ് പറഞ്ഞത്. ആ ഷൂട്ടിങ് തീരുമ്പോഴേക്കും രണ്ടാളും ഇഷ്ടത്തിലായി. സൗഹൃദം തുടർന്നു. ആ സൗഹൃദം പ്രണയത്തിലൂടെ വിവാഹത്തിലെത്തി. ഇരുവരുടെയും വീടുകളിൽ തുടക്കത്തിൽ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അതു മനോജിനെ മാത്രമെന്നു നന്ദന വാശി പിടിച്ചു. മനോജും ഉറച്ചു നിന്നു. ഒടുവിൽ‌ രണ്ടു കുടുംബങ്ങളും തമ്മിൽ സംസാരിച്ചതോടെ മഞ്ഞുരുകി. ആ മനോഹരമായ പ്രണയയാത്രയാണ് മരണത്തിൽ തട്ടിവീണത്...

സ്നേഹിതൻ, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന. നാലോളം തമിഴ് ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ നന്ദന അഭിനയം ഉപേക്ഷിച്ചു. സോഷ്യൽമീഡിയയിലും സജീവമായിരുന്നില്ല. മനോജിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്.

വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. താരജാഡകളില്ലാത്ത മനുഷ്യൻ. ചിരിതൂവുന്ന മുഖം. പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത പ്രകൃതം...മനോജ് നിങ്ങൾ ഇപ്പോഴും ജീവിക്കുന്നു, പ്രേക്ഷകരുടെ മനസ്സിൽ...

Remembering Manoj Bharathiraja: A Year Since His Passing:

Manoj Bharathiraja, a beloved actor, director, son of acclaimed filmmaker Bharathiraja, and husband of actress Nandana, is remembered one year after his passing. His departure left a void, with loved ones struggling to accept his absence, a testament to the love and care he spread.

ADVERTISEMENT