‘എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി, സ്നേഹം മാത്രം മഞ്ജുച്ചേച്ചി’; പ്രിയതാരത്തെ ചുംബിച്ച ആരാധിക പറയുന്നു Manju Warrier Responds to Viral Fan Kiss Incident
Mail This Article
പ്രിയതാരം മഞ്ജു വാരിയരെ കണ്ട ആവേശത്തിൽ കടന്നുപിടിച്ച് ചുംബിച്ച ആരാധികയുടെ വിഡിയോ വൈറലായിരുന്നു. സംഭവത്തിൽ യുവതിക്കെതിരെ വലിയ വിമർശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ അന്നു നടന്നത് തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് യുവതി.
‘‘കുട്ടിക്കാലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ്. അപ്പോള്‍ മുതൽ മനസ്സിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ. ആ ഇഷ്ടവും വളരുന്നതിനു അനുസരിച്ച് ഒരുപാട് വലുത് ആയിരുന്നു. എന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ കൂടെ ജോലി ചെയ്യുന്നവർ അവരോടൊക്കെ പറയും, മഞ്ജു ചേച്ചിയെ നേരിട്ട് കാണണം. കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ.
അന്ന് നടക്കില്ല എന്ന് അറിയാം എന്നാലും അത്രമേൽ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ്. പക്ഷേ, അത് ജീവിതത്തിൽ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി. ഞാൻ മനസ്സിൽ ആഗ്രഹിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ.. സംഭവിച്ചു പോയതാണ്... സ്നേഹം മാത്രം മഞ്ജുച്ചേച്ചി.’’- വൈറല്‍ വിഡിയോ പങ്കുവച്ച് യുവതി കുറിച്ചു. മഞ്ജു വാരിയരും യുവതിയുടെ കുറിപ്പിന് മറുപടിയുമായി എത്തി. ഒരുപാട് സ്നേഹം നന്ദി എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
പാലക്കാട് ജ്വല്ലറി ഉദ്ഘാടനത്തിനിടെയാണ് മഞ്ജുവിനെ അപ്രതീക്ഷിതമായി ഒരു യുവതി ചുംബിച്ചത്. ഉടൻ തന്നെ ബൗൺസേഴ്സ് എത്തി അവരെ വേദിയിൽ നിന്നും മാറ്റുകയായിരുന്നു. അവതാരക മീര അനിൽ ഉൾപ്പടെ സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ സ്തബ്ധരായി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം.
ഇത് ശരിയായ പെരുമാറ്റമല്ലെന്ന് അവതാരക സൂചിപ്പിക്കുകയും ചെയ്തു. ‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’ യുവതി വിളിച്ചു പറയുന്നുണ്ടായിരുന്നു. വേദിയിൽ നിന്നുതന്നെ യുവതിയുടെ കൈപിടിച്ച് മഞ്ജു ആശ്വസിപ്പിച്ചിരുന്നു.