‘സമരത്തിനു പിന്തുണ തേടിയാണ് അന്ന് ഉമ്മൻചാണ്ടി വീട്ടിലെത്തിയത്’; അരനൂറ്റാണ്ട് പൂർത്തിയായ സിനിമാ ജീവിതത്തിൽ കണ്ട കഥകൾ ബാലചന്ദ്രമേനോൻ പറയുന്നു Balachandra Menon's 'Prathichaya' and the Oommen Chandy Connection
Mail This Article
‘പ്രതിഛായയിൽ’ ഞാൻ അവതരിപ്പിച്ച എം.കെ. വർഗീസ് എന്ന മുഖ്യമന്ത്രിക്കഥാപാത്രത്തിന് ഉമ്മൻചാണ്ടിയുടെ ഛായയുണ്ടെന്ന് ഒരുപാടു പേർ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ ഉമ്മൻചാണ്ടിയെ ആദ്യമായി കാണുന്നത്...
പ്രതിഛായ സിനിമയുടെ വിജയത്തിനു ശേഷം വനിതയോടു സംസാരിക്കവെ ബാലചന്ദ്രമേനോൻ ഉമ്മൻചാണ്ടിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഇങ്ങനെ. ജീവിതത്തിലും സിനിമയിലും കണ്ട പ്രതിഛായകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബാലചന്ദ്രമേനോൻ.
‘‘അദ്ദേഹം എന്റെ വീട്ടിലേക്ക് വന്നത് എന്നെ കാണാനല്ല, ചേച്ചിയെ കാണാനായിരുന്നു. ഞാനും ചേച്ചിയും ഇടവ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായിരുന്നു ചേച്ചി. അടങ്ങി ഒതുങ്ങി ‘ജീവിക്കുന്ന’, പഠിക്കുന്ന കുട്ടികളെയാണ് അന്ന് സ്കൂൾ ലീഡറാക്കുന്നത്. ആ സമയത്ത് സ്കൂളിൽ ഒരു സംഘർഷമുണ്ടായി. കെ എസ്‍യു അതേറ്റെടുത്തു. സമരം പ്രഖ്യാപിച്ചു.
സമരത്തി നു തലേന്നാൾ വീട്ടിൽ വന്നു ചേച്ചിയെ കണ്ടു സമരത്തിനു പിന്തുണ തേടാനാണ് ഉമ്മൻചാണ്ടി വീട്ടിലെത്തിയത്. സിനിമയിലെത്തിയ ശേഷവും നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട്.
ഇതിനിടയിൽ എനിക്കു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ചികിത്സയ്ക്കായി മകൻ അവന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് എന്നെ കൊണ്ടു പോയി. നാട്ടിൽ പല വാർത്തകൾ പരന്നു. അവശതയിലാണെന്നും ഏതുനിമിഷവും മരിക്കാമെന്നും എന്റെ ചോറുണ്ടു വളർന്നവർ തന്നെ പ്രചരിപ്പിച്ചു.
അന്നു ഞാൻ തീരുമാനിച്ചു, തിരിച്ചുവരവ് എല്ലാവരെയും അറിയിക്കണം. ഹൈദരാബാദ് കാലത്തെഴുതിയ കുറിപ്പുകൾ പുസ്തകരൂപത്തിലാക്കി. പ്രകാശനം നിർവഹിച്ചത് ഉമ്മൻചാണ്ടി സാറും ഗുരുകൂടിയായ ഒ.എൻ.വി. കുറുപ്പുസാറുമാണ്.
അന്ന് ഉമ്മൻചാണ്ടി സാർ പറഞ്ഞു ‘‘ബാലചന്ദ്ര മേനോൻ, എന്തു വലിയ കാര്യം ചെയ്താലും അതുകൊണ്ടു മാത്രം കാര്യമില്ല. ആളുകൾ മറക്കാതിരിക്കാൻ അത് ഒാർമിപ്പിച്ചുകൊണ്ടേയിരിക്കണം’’. അതാണ് രാഷ്ട്രീയം. ഏതു കാലത്തും പ്രതിച്ഛായ നിലനിർത്താൻ പ്രവർത്തിച്ചു കൊണ്ടിരിക്കണമെന്ന രാഷ്ട്രീയതന്ത്രം.’’
