‘‘മിസ്റ്റർ ഉമ്മർ ഞാൻ ജീവിക്കുന്നത് തലയ്ക്ക് അകത്തുള്ള സാധനം കൊണ്ടാണ്... ’’ കെ. പി. ഉമ്മറിന്റെ പിണക്കത്തെക്കുറിച്ച് ബാലചന്ദ്രമേനോൻ ഒാർക്കുന്നു. Reflections on a Half-Century in Cinema: Balachandra Menon's Candid Recollections
Mail This Article
ബാലചന്ദ്രമേനോൻ ജീവിതത്തിലാദ്യമായി മദ്രാസിലേക്ക് വണ്ടി കയറുന്നത് പത്രപ്രവർത്തകനാവാനാണ്. അതു വഴി സിനിമയിലേക്കുള്ള വഴി തുറക്കണം എന്ന ലക്ഷ്യവും മനസ്സിലുണ്ടായിരുന്നു. സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന ബാലചന്ദ്രമേനോൻ ആ കാലം ഓർമിക്കുന്നു.
‘‘സിനിമാ പത്രപ്രവർത്തകനായ കാലം. ഉമ്മുക്കയ്ക്ക് ( കെ.പി. ഉമ്മർ) ഞാൻ ജോലി നോക്കിയിരുന്ന സ്ഥാപനവുമായി അക്കാലത്ത് പിണക്കമുണ്ടായിരുന്നു. അഭിമുഖത്തിനായി ചെന്നപ്പോൾ ആ മുൻധാരണയോടെ അദ്ദേഹം പെരുമാറി. ലൊക്കേഷനിൽ ചെല്ലുമ്പോൾ ഉമ്മുക്കയും നസീർ സാറും അടുത്തടുത്ത് ഇരിക്കുന്നു. എന്നെ കണ്ട ഉടൻ ഉമ്മുക്ക പറഞ്ഞു‘‘മിസ്റ്റർ ബാലചന്ദ്രൻ, നിങ്ങളാണല്ലേ മാസികയുടെ പുതിയ പ്രതിനിധി? മെലിഞ്ഞിട്ടാണല്ലോ, ഒരിടി കൊള്ളാനുള്ള ആരോഗ്യമൊന്നും ഇല്ലല്ലോ?’’
ചിരിയോടെ മറുപടി പറഞ്ഞു, ‘‘ഞാൻ എഴുതാൻ വന്ന ആളാണ് ഗുസ്തി പിടിക്കാൻ വന്നതല്ല.’’ അത് അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെയും പരിഹാസം തുടർന്നു, ഞാൻ മറുപടിയും. ഒരു ഘട്ടത്തില്‍ പിടിവിട്ടു പോയി. അദ്ദേഹം എന്നെ കയ്യേറ്റം ചെയ്യാനൊരുങ്ങി.
നസീർ സാർ ചാടി ഇടയ്ക്കു നിന്നു. ‘‘അസ്സേ... എന്താണിത്, അവിടെയിരിക്കൂ. അതൊരു കുട്ടിയല്ലേ.’’ ഉമ്മുക്ക ദേഷ്യം കൊണ്ടു ജ്വലിക്കുകയാണ്. ഒരു ഡയലോഗ് കൂടി എനിക്ക് പറയണമെന്നു തോന്നി ‘‘മിസ്റ്റർ ഉമ്മർ, എനിക്ക് ത ടി ആവശ്യമില്ല, ഞാൻ ജീവിക്കുന്നത് തലയ്ക്ക് അകത്തുള്ള സാധനം കൊണ്ടാണ്. പക്ഷേ നിങ്ങൾ അങ്ങനെയല്ല. നിങ്ങൾ ജീവിക്കുന്നത് മുഖം കൊണ്ടാണ്. ചുളിവു വരാതെ സൂക്ഷിക്കണം..’’ ഇത്രയും പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു.
എനിക്കു ദേഷ്യം തീർന്നില്ല. ആയിടയ്ക്ക് തിരക്കഥാകൃത്തു കൂടിയായ ഡോ. ബാലകൃഷ്ണൻ ഉമ്മുക്കയ്ക്ക് എതിരെ കേസു കൊടുത്തെന്ന് ഞാനറിഞ്ഞു. ഞാൻ ഫോട്ടോഗ്രഫറെ വിട്ട് ബാലകൃഷ്ണൻ സാർ വിരൽ ചൂണ്ടി നിൽക്കുന്ന ഒരു ഫോട്ടോ എടുപ്പിച്ചു. പിന്നെ ലൈബ്രറിയിൽ നിന്ന് ഉമ്മുക്ക തല താഴ്ത്തിനിൽക്കുന്ന ചിത്രവും സംഘടിപ്പിച്ച് രണ്ടും ചേർത്തു വാർത്ത കൊടുത്തു. ആ പേജ് കണ്ടാൽ കേസിൽ ഉമ്മുക്ക തോറ്റു നിൽക്കുന്നതു പോലെ തോന്നും.
മാസിക പുറത്തിറങ്ങിയ ദിവസം. ഞാൻ താമസിക്കുന്നത് എവിടെയാണെന്ന് ഉമ്മുക്ക തിരക്കിയതായി അറിഞ്ഞു. എനിക്ക് ചെറിയ പേടി തോന്നി. ഇരുട്ടടി തരാനാണോ?
ഒാഫിസിൽ ഒരാൾ വന്നു പറഞ്ഞു ഉമ്മുക്ക അന്വേഷിച്ചു. ലൊക്കേഷനിലേക്ക് പോവുന്നതാണ് നല്ലതെന്നു തോന്നി. ഇടിക്കാൻ വന്നാൽ പിടിച്ചുമാറ്റാൻ ആരെങ്കിലുമൊക്കെ കാണുമല്ലോ. ധൈര്യത്തോടെ ഉമ്മുക്കയുടെ മുന്നിൽ ചെന്നു നിന്നു. അദ്ദേഹം എനിക്ക് ഷേക്ക്ഹാൻഡ് തന്നു ‘‘നിങ്ങൾ മിടുക്കനായ പത്രപ്രവർത്തകനാണ്. വാർത്ത മനോഹരമായി. ചെയ്യുന്ന ജോലി സത്യസന്ധമാണെങ്കിൽ എന്നെ കുറ്റപ്പെടുത്തുന്നതായാൽ പോലും അംഗീകരിക്കും. അഭിനന്ദനങ്ങൾ’’ അന്നു തൊട്ടു ഞങ്ങൾ സുഹൃത്തുക്കളായി. നോക്കൂ, ഒരാളുടെ മനസ്സിലുള്ള പ്രതിച്ഛായ മാറുന്നത്....
