അകാലത്തിൽ അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ.
‘പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാർ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ’ എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. 56വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ, എഴുത്തുകാരൻ എന്നീ മേഖലകളിലും അദ്ദേഹം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
2000-ൽ ‘സത്യമേവ ജയതേ’യിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ‘തെങ്കാശിപ്പട്ടണം’ വഴിത്തിരിവായി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ വക്കീൽ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങൾ മലയാളികളുടെ ചിരിയോർമകളാണ്. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ സാക്ഷ്യങ്ങളായിരുന്നു.
2005 - ൽ ‘അച്ഛനുറങ്ങാത്ത വീട്’ ലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010 - ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാർ സ്വന്തമാക്കി. 2012 - ൽ മികച്ച ഹാസ്യനടനുള്ള (അയാളും ഞാനും തമ്മിൽ) സംസ്ഥാന പുരസ്‌കാരവും നേടി. 2017-ൽ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അർഹമായി. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു.
1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. 1996 സെപ്റ്റംബർ 14-നാണ് സുനിതയെ വിവാഹം കഴിച്ചത്. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.