തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ വിക്രവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ യുവനടനും നടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു ഷമ്മി തിലകൻ.
വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ (ചിയാൻ 63) ഷമ്മി തിലകനും അഭിനയിക്കുന്നുണ്ട്. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് ഷമ്മി തിലകനും വിക്രമും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് വർഷങ്ങൾക്കു ശേഷം അഭിമന്യു വിക്രമിനെ നേരിൽ കണ്ടത്.
താൻ വിക്രമിനെ അവസാനമായി കാണുമ്പോൾ വെറും 6 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നുവെന്ന് അഭിമന്യു ഓർക്കുന്നു. വിക്രമും തന്റെ അച്ഛൻ ഷമ്മി തിലകനും ഒന്നിച്ച് അഭിനയിച്ച സ്ട്രീറ്റ് എന്ന മലയാള സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത്.
‘എടാ നിനക്ക് എന്നെ ഓർമ്മയുണ്ടോ..? ഇന്നലെ ചിയാൻ വിക്രം സാറിൽ നിന്നും ഈ വാക്കുകൾ കേട്ടത് എനിക്ക് ജീവിതാവസാനം വരെ നെഞ്ചേറ്റാൻ ഉള്ളൊരു നിമിഷമാണ്. ഞങ്ങൾ അവസാനമായി കണ്ടപ്പോൾ, അദ്ദേഹം എന്റെ അച്ഛനോടൊപ്പം അഭിനയിച്ച ‘സ്ട്രീറ്റ്’ എന്ന മലയാള സിനിമയുടെ സെറ്റിൽ വെച്ച് വെറും 6 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു ഞാൻ. അവർ ആദ്യമായി ഒന്നിച്ചഭിനയിച്ചത് ‘ധ്രുവം’ സിനിമയിലായിരുന്നു, ഇപ്പോൾ ഇതാ 30 വർഷങ്ങൾക്കുപ്പുറം ചിയാൻ 63ലൂടെ അവർ വീണ്ടും ഒന്നിക്കുകയാണ്.!
‘ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നാണത്തോടെ, വികാരഭരിതമായി ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തികച്ചും ഒരു മാജിക് പോലെ തോന്നുന്നു. മലയാളത്തിലെ ക്ലാസിക്കുകളിൽ നിന്ന് ഒരു വലിയ തമിഴ് പ്രോജക്റ്റിലേക്ക്... ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളൂ’.– അഭിമന്യു കുറിച്ചു.
ഇരുമുഖന് ശേഷം വിക്രമും സംവിധായകൻ ആനന്ദ് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ‘ചിയാൻ63’.