ADVERTISEMENT

നടൻ അനു ആനന്ദിന്റെ മകൾ ആദിത്യലക്ഷ്മി വെള്ളിത്തിരയിലേക്ക്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് ആദിത്യലക്ഷ്മിയുടെയും സിനിമാപ്രവേശം. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ അനു ആനന്ദ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. മോഹൻലാൽ സ്നേഹത്തോടെ മകളെ ചേർത്തുപിടിച്ചു നിൽക്കുന്നതും വിസ്മയയ്ക്കും മോഹൻലാലിന്റെ കുടുംബത്തിനുമൊപ്പം ആദിത്യലക്ഷ്മി നിൽക്കുന്നതുമായ ചിത്രങ്ങളാണ് അനു ആനന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മകളുടെ സിനിമാപ്രവേശത്തെകുറിച്ചുള്ള അനു ആനന്ദിന്റെ കുറിപ്പും ശ്രദ്ധേയമായിരുന്നു.

ADVERTISEMENT

‘അച്ഛൻ/അമ്മ എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷം! മായ മോഹൻലാലിനും ആ മഹാപ്രതിഭയ്ക്കുമൊപ്പം ‘തുടക്കം’ സിനിമയുടെ പൂജ ചടങ്ങിൽ എന്റെ മകൾ തിളങ്ങിനിൽക്കുന്നു. മനോഹരമായ മലയാള സിനിമാലോകത്തേക്കുള്ള അവളുടെ യാത്ര ആരംഭിക്കുന്നത് കാണുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എല്ലാവിധ വിജയങ്ങളും നേരുന്നു. വെള്ളിത്തിരയിലെ ആ മായാജാലം കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു’– അനു ആനന്ദ് കുറിച്ചു.

1992-ൽ പുറത്തിറങ്ങിയ ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് അനു ആനന്ദ്. പ്രിയദർശൻ സംവിധാനം ചെയ്ത ‘രാക്കുയിലിൻ രാഗസദസ്സിൽ’ സിനിമയിലൂടെയാണ് അനുവിന്റെ തുടക്കമെങ്കിലും കരിയറിലെ ആദ്യ കഥാപാത്രം മോഹൻലാൽ ചിത്രമായ ‘സർവകലാശാലയിൽ’ ആണ്. സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലമാണ് അനു ആനന്ദ് അവതരിപ്പിച്ചത്. പിന്നീട് ‘ചതുരംഗം’, ‘സാഗർ അലിയാസ് ജാക്കി’ തുടങ്ങി നിരവധി സിനിമകളിൽ മോഹൻലാലിനൊപ്പമെത്തി.

ADVERTISEMENT

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന തുടക്കം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്.

ADVERTISEMENT
ADVERTISEMENT