മനോഹരമായ പുഞ്ചിരിയും വിടര്‍ന്ന കണ്ണുകളുമുള്ള ‘കുബേര’നിലെ സുന്ദരിയായ നായികയെ ആരും മറന്നു കാണില്ല. നടി ഉമ ശങ്കരിയാണ് അന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ ആ നായിക. ഇന്ന് ഉമ ശങ്കരി സ്തനാർബുദത്തോട് പോരാടുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചികിത്സയുടെ വിവരങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘‘കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും, സ്നേഹവും പിന്തുണയും നല്‍കിയ എന്റെ ആരാധകർക്കും നന്ദി.’’- ഉമ ശങ്കരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കീമോതെറാപ്പിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണെന്നും താരം അറിയിച്ചു.
കുബേരൻ, വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഉമ ശങ്കരി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്നിരുന്ന താരം, ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുന്നത്.
സ്തനാർബുദം സ്ഥിരീകരിച്ച ആദ്യ നിമിഷങ്ങളിൽ വലിയ മാനസികാഘാതം അനുഭവപ്പെട്ടെന്നും ഉമ ശങ്കരി പറയുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? എന്ന ചോദ്യങ്ങളാണ് ആദ്യം മനസ്സിൽ അലട്ടിയതെന്നും താരം പറഞ്ഞു. എന്നാൽ പിന്നീട് യാഥാർഥ്യം ഉൾക്കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തീരുമാനിച്ചതായും ഉമ ശങ്കരി അറിയിച്ചു.