‘അച്ഛൻ ഞങ്ങളെ വളർത്തിയത് സ്വതന്ത്രരായി. വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ ആരുമൊന്നും ചോദിച്ചിട്ടില്ല.’- വിവാദങ്ങള്‍ക്ക് മറുപടിയുമായി വിസ്മയ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിസ്മയയുടെ തുറന്നു പറച്ചില്‍. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാൽ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. സിനിമയിലേക്ക് ഇറങ്ങാൻ ധൈര്യം നൽകിയത് കുടുംബത്തിന്റെ പിന്തുണയാണെന്നും വിസ്മയ വെളിപ്പെടുത്തി.
ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി മലയാളം പറയുക എന്നതായിരുന്നു എന്ന് വിസ്മയ പറയുന്നു. ഭാഷാപരമായ പരിമിതികളും തനിമയോടെ മലയാളം സംസാരിക്കാനുള്ള ബുദ്ധിമുട്ടുമായിരുന്നു അഭിനയത്തേക്കാൾ തന്റെ ഏറ്റവും വലിയ ആശങ്ക. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ ഡയലോഗുകൾ കൃത്യമായി പറയാൻ കഴിയാതെ ബുദ്ധിമുട്ടി. മലയാളം സംസാരിക്കുന്നതിലെ പരിമിതികളും തടസ്സമായി. എന്നാൽ ജൂഡ് ആന്റണിയുടെ സമീപനം കാര്യങ്ങൾ എളുപ്പമാക്കിയെന്നും വിസ്മയ പറയുന്നു.
വിസ്മയയുടെ വാക്കുകൾ:
എന്റെ അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസ്സിലുള്ളതെല്ലാം തുറന്നുപറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നതും അമ്മയായിരുന്നു.
എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഏട്ടനോട് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിങ് സെറ്റിൽ വച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു.
കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസ്സിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.
ആദ്യ ദിവസം ഞാൻ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഒരു വരി ഡയലോഗ് പോലും ശരിയായി പറയാൻ കഴിഞ്ഞില്ല! ‘അയ്യോ ഞാൻ എങ്ങനെ ഈ സിനിമ മുഴുവൻ ചെയ്യും’ എന്ന് ചിന്തിച്ചു. ജൂഡേട്ടന്‍ പറഞ്ഞു, ‘സ്ക്രിപ്റ്റ് തൽക്കാലം മാറ്റി വയ്ക്ക്, ഞാൻ ഒരു സാഹചര്യം തരാം, അതിനനുസരിച്ച് അഭിനയിക്ക്. താനേ മലയാളം വന്നാൽ മലയാളം പറയൂ, ഇല്ലെങ്കിൽ ഇംഗ്ലിഷ്... അല്ലെങ്കിൽ അർത്ഥമില്ലാത്ത വാക്കുകൾ പറയൂ... പക്ഷേ, ആ സാഹചര്യം മനസ്സിലാക്കി അഭിനയിക്കൂ..’ എന്ന്.
അതെന്നെ കൂടുതൽ സ്വതന്ത്രയാക്കി. തുടക്കത്തില്‍ ഉണ്ടായിരുന്ന പേടിയും തടസ്സങ്ങളും മാറാൻ അത് സഹായിച്ചു. ഞാൻ ഇത്രയും കാലം പല മലയാളം വാക്കുകളും തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്! ചെറിയ ചെറിയ വ്യത്യാസങ്ങൾ ഞാൻ മനസ്സിലാക്കി. പിന്നെ, ഇവിടെ ജീവിക്കാത്തതു കൊണ്ട് എനിക്ക് നഷ്ടപ്പെട്ട വലിയ സംസ്‌കാരത്തെ തിരികെ പിടിക്കുന്നത് പോലെ വളരെ മനോഹരമായി തോന്നി ആ ദിവസങ്ങൾ.
ബോഡി ടൈപ്പ് വച്ച് ആളുകളെ വിലയിരുത്തുന്ന കാലം കുറച്ചൊക്കെ മാറിയെന്നു തോന്നുന്നു. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നു കരുതിയ കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ മാറ്റമുണ്ടാകുന്നുണ്ട്. എല്ലാ പ്രേക്ഷകരും അങ്ങനെ ചിന്തിക്കണമെന്നില്ല. അക്കാര്യവും ഞാൻ മനസ്സിലാക്കുന്നു. സത്യത്തിൽ ശരീരത്തിന്റെ ഭാരവും ഫിറ്റ്നസും തമ്മിൽ ബന്ധമില്ല. 90 കിലോ ഭാരമുള്ള ആൾക്കും ഫിറ്റ്നസ് ഉണ്ടാകാം.
ഞാൻ ഏകദേശം 100 കിലോ ഭാരം വരെയൊക്കെ എത്തിയിരുന്നു. ചെറിയ പടവുകൾ വരെ കയറാൻ ബുദ്ധിമുട്ടിയിരുന്നു. എന്റെ ഈ ബുദ്ധിമുട്ട് കാണുമ്പോൾ സുഹൃത്തുക്കൾ അദ്ഭുതപ്പെടും! തായ്‍ലൻഡിൽ ആയിരുന്നു ഞാനപ്പോൾ. ഞാൻ മൗ തായി പരിശീലിക്കാൻ തുടങ്ങി. അതു തുടങ്ങിയ സമയത്ത് ഞാനൊട്ടും മാർഷൽ ആർട്ട് ആസ്വദിച്ചിരുന്നില്ല. നല്ല കടുപ്പമായിരുന്നു തുടക്കത്തിൽ. അപ്പോഴാണ് കോവിഡ് വരുന്നത്. ഞാൻ നാട്ടിലേക്ക് വന്നില്ല. തായ്‍ലൻഡിൽ തന്നെ തുടർന്നു. പതിയെ ഞാൻ മൗ തായ് ആസ്വദിക്കാൻ തുടങ്ങി. എന്റെ ശരീരഭാരത്തിൽ വലിയ വ്യത്യാസം കൊണ്ടുവരാന്‍ കഴിഞ്ഞു.
ഞാനൊരു ശ്രദ്ധാകേന്ദ്രമാണെന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ, അധികകാലം കേരളത്തിൽ ജീവിക്കാത്തതുകൊണ്ടായിരിക്കാം. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് അനുകൂലമായി പോസ്റ്റ് ചെയ്തതിനെക്കുറിച്ച് വീട്ടിലാരും ഒന്നും പ്രതികരിച്ചില്ല. പക്ഷേ, എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവർ ഒരു പോസ്റ്റ് ഇടുന്നതു പോലെയല്ല ഞാൻ ഒരു പോസ്റ്റ് ഇടുന്നത് എന്ന്. ഞങ്ങളെ സ്വതന്ത്രമായിട്ടാണ് അച്ഛൻ വളർത്തിയത്. ഒന്നും ഇങ്ങനെ ചെയ്യണമെന്നെന്നൊന്നും നിർബന്ധം പിടിക്കാറില്ല. സ്വയം കണ്ടെത്താനാണ് അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് അദ്ദേഹം പറയാറുള്ളത്.’