മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെക്കുറിച്ച് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കൊച്ചിൻ ഹനീഫയുടെ കുടുംബം സ്വന്തം വീട്ടിലേക്കു താമസം മാറിയപ്പോൾ മമ്മൂട്ടിയും സുൽഫത്തും അതിഥികളായി എത്തിയിരുന്നു. നിമിഷങ്ങളിൽ താൻ കണ്ട സുൽഫത്തിന്റെ പെരുമാറ്റവും എളിമയുമാണ് ഫിറോസ് പങ്കുവച്ചത്.
‘മമ്മൂക്കയും കുടുംബവും കൊച്ചിൻ ഹനീഫയുടെ വീട് സന്ദർശിച്ചപ്പോൾ എല്ലാവരും മമ്മൂക്കയെ ശ്രദ്ധിച്ചപ്പോൾ എന്റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരനായ നടന്റെ ഭാര്യ നിഴൽ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്നതും, അവരുടെ എളിമ, അവരുടെ വസ്ത്രധാരണം, അവരുടെ സംസാരം, അവരുടെ കെയർ, ഒന്നും പറയാൻ വാക്കുകളില്ല.
എന്നെ കണ്ട ഉടൻ തന്നെ പെങ്ങളെ ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു. മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അറിയാതെ എന്റെ ക്യാമറ അവരിലേക്ക് പോയി. കാരണം അവർ പറയുന്നുണ്ടായിരുന്നു മക്കളെ ഒന്നുകൂടി ചേർത്ത് പിടിക്കൂ എന്ന്. മമ്മൂക്ക സെൽഫി എടുക്കുന്ന സമയത്ത് ഓടി വന്നു മക്കളെ ചേർത്ത് പിടിച്ചു കൂടെ നിന്നു.
എന്റെ പെങ്ങളോട് പറഞ്ഞു കൂടെയുണ്ടാകും, ഞാനും മമ്മൂക്കയും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആന്റോ എന്ന വ്യക്തി ഭാഭി എന്ന് വിളിച്ചപ്പോൾ എന്റെ ഉള്ളും വിളിച്ചുപോയി ഭാഭി ശ്രദ്ധിച്ച് ഇറങ്ങണം എന്ന്.
മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, ‘‘അമ്മയെപ്പോലെ തന്നെ നമ്മുടെ ഭാര്യയെയും നമ്മൾ റെസ്‌പെക്ട് ചെയ്യണം, സ്നേഹിക്കണം. ഭാര്യയാണ് പിന്നീട് അമ്മയാകുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സുന്ദരിയായ സ്ത്രീ എന്റെ ഭാര്യയാണ്.’’ എന്ന്. അവരുടെ സ്നേഹവും കെയറും കണ്ടപ്പോൾ എനിക്കും തോന്നി മമ്മൂക്കയുടെ ഭാഗ്യം അവർ തന്നെയാണ് എന്ന്. രണ്ടുപേർക്കും ദീർഘായുസ് നേരുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ഫിറോസ് പറഞ്ഞത്.