സംവിധായകൻ സനൽകുമാർ ശശിധരനെ താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ കോടതിയെ ഏൽപ്പിച്ച് നടി മഞ്ജു വാരിയർ. നടി മാലാ പാർവതിയാണ് ഫെയ്സ്ബുക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവും സഹോദരൻ മധുവും സനലിനെ ശക്തമായി താക്കീത് നൽകുന്നതും ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളാണ് കുടുംബം കോടതിയിൽ സമർപ്പിച്ചത്. എന്നാല്‍ മര്യാദയുടെ പുറത്താണ് ഈ ഓഡിയോ ക്ലിപ്പുകൾ പുറത്തുവിടാത്തതെന്ന് മഞ്ജു വാരിയർ തന്നോട് പറഞ്ഞതായും മാലാ പാർവതി വെളിപ്പെടുത്തി.
മാലാ പാർവതി പങ്കുവച്ച കുറിപ്പ് വായിക്കാം;
‘‘സെക്രട്ടേറിയറ്റ് പടിക്കൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം, കേട്ടുകേഴ്‌വി ഇല്ലാത്തതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന അദ്ദേഹത്തിന്റെ ആവശ്യം, അദ്ദേഹത്തിന്റെ അവകാശമാണ്. എന്നാൽ മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന അയാളുടെ വാദം, ജൽപനം മാത്രമാണ്. സനൽ കുമാർ ശശിധരനെയും മഞ്ജുവിനെയും ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും, അയാൾ പറയുന്നതിന് എതിര് നിൽക്കുന്നവരെല്ലാം 'മാഫിയ' ആണെന്നുമുള്ള ഭ്രാന്ത് എല്ലാ അതിരുകളും കടന്നിരിക്കുന്നു.
ഈ വിഷയത്തിൽ, മഞ്ജുവിന് പറയുവാനുള്ളത് കേൾക്കാൻ, ഞാൻ ഒന്നിൽ കൂടുതൽ തവണ മഞ്ജുവുമായി സംസാരിച്ചു. അതിര് കടന്ന പ്രണയാഭ്യർഥന, സഹിക്കാനാവാതെ, മഞ്ജുവും, സഹോദരനും കർശനമായി സംസാരിച്ച ഫോൺ സംഭാഷണം, മഞ്ജുവിന്റെ കൈവശമുണ്ടെന്നും, അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നും മഞ്ജു പറഞ്ഞു. ‘‘എന്റെ മര്യാദയ്ക്ക് ചേരാത്തത് കൊണ്ട് ഞാനത് പുറത്ത് വിടുന്നില്ല’’ ഇതാണ് മഞ്ജുവുമായി നടന്ന സംഭാഷണത്തിലെ ഒരു പ്രസക്ത ഭാഗം. പക്ഷേ എനിക്കഭ്യർത്ഥിക്കാനുള്ളത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്നാണ്.
ഒരു ഒഴിവുമില്ലാതെ, സനൽ കുമാർ ശശിധരൻ നടത്തുന്ന കളി എല്ലാ പരിധിയും വിടുകയാണ്. സെക്രട്ടേറിയറ്റിന്റെ മുന്നിൽ, സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന ബാനർ വലിച്ചു കെട്ടി, ഏഴ് വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന പഴം പുരാണം ആവർത്തിക്കുകയാണ്. മഞ്ജു വാരിയരെ, അപമാനിക്കാനായി ഒരു തമിഴത്തിയുടെ ശബ്ദം നിരന്തരം കേൾപ്പിക്കുന്നു. അതിലാകട്ടെ നമ്മൾക്ക് കൂടുതൽ കേൾക്കാൻ കഴിയുന്നത് ‘എനിക്ക് പറ്റില്ല’ എന്ന വാക്കാണ്. മഞ്ജു വാരിയരുടെ ശബ്ദമായി പുലബന്ധമില്ലാത്ത ആ ശബ്ദം മഞ്ജുവിന്റേതാണെന്നും, അത് അവർ ശബ്ദം മാറ്റി സംസാരിക്കുന്നതാണ് എന്നും ഇയാൾ ആവർത്തിക്കുന്നു. ഇത് നെറ്റ് കോൾ ആണെന്നും പറയുന്നുണ്ട്.
ഏതായാലും സൈബർ പൊലീസിന്, അന്വേഷിക്കാൻ പറ്റും. തന്റെ ശബ്ദമാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന തമിഴത്തിയുടെ ആരുടെയാണ് എന്നറിയാനും താല്പര്യമുണ്ട് എന്ന് മഞ്ജു, ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു പക്ഷേ മഞ്ജുവിനെ ഈ വിഷയം ബാധിക്കുന്നുണ്ടാവില്ല. ബാലിശമായിട്ടാവും അവർ അത് കാണുന്നത്. പക്ഷേ ഈ ഇന്റർനെറ്റ് യുഗത്തിൽ മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ, സനൽ ശശികുമാർ ശശിധരൻ എന്ന ഈ വ്യക്തി, തന്റെ വാശിക്കായി പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്. അവർ ഇത്രയും നാൾ ചെയ്ത കാര്യങ്ങൾ, റദ്ദ് ചെയ്ത് പോവുകയാണ്. ഇയാളുടെ ഒരു ആരോപണവും, സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ല.
സനൽകുമാർ ശശിധരൻ, ഈ വോയിസ് നോട്ട് എത്രയും പെട്ടെന്ന് പൊലീസിൽ എൽപ്പിക്കണം. ഈ സംസാരം എന്ന് നടന്നു എന്നും, ഏത് മാധ്യമത്തിലൂടെ നടന്നു എന്നും ഇയാൾ തെളിയിക്കണം. നെറ്റ് കോൾ ആണെങ്കിലും യുആർഎൽ വച്ച് Trace ചെയ്യാനാകും. ശബ്ദത്തിന്റെ ആധികാരികതയും, പരാതിക്കാരൻ, കേരള സമൂഹത്തെ ബോധ്യപ്പെടുത്തണം.
Account/user ID
Registered mobile number
Registered email address
Account creation date
Login/access records
Source IP addresses
IP timestamps
Device/session information
User-agent/device details, where retained
Linked accounts or identifiers
Call-related metadata, if retained
Records showing communication between particular accounts
Preservation of available records pending formal legal process
ഇത്രയും കാര്യങ്ങൾ സനൽ സൈബർ പൊലീസിന് കൈമാറണം. സനൽ എന്ന സമർഥനായ സംവിധായകന് ഒരു ശബ്ദം നിർമിച്ചെടുക്കാൻ പറ്റില്ല എന്ന് കരുതാൻ വയ്യ.’’