പല ഇടികളുടെയും പിന്നിലായിരുന്നു ഇതു വരെ അബു സലിം. ഇനിയിപ്പോൾ സ്ഥാനം മുൻനിരയിലാണ്. അറുപത്തിയേഴാം വയസ്സിൽ അബു സലിം നായകനാകുന്ന ചിത്രമാണ് അർനോൾഡ് ശിവശങ്കരൻ. എ.കെ. സാജനാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ ശരത്കൃഷ്ണ.
കൊണ്ടും കൊടുത്തും മലയാള സിനിമയുടെ ‘ഇടി’മുഴക്കത്തിന്റെ ഭാഗമായി അബു സലിം മാറിയിട്ട് നാലര പതിറ്റാണ്ട് കഴിഞ്ഞു. വില്ലനും കൊമേഡിയനുമായി വിവിധഭാഷകളിൽ തിളങ്ങിയ താരത്തിന്റെ നായകനായുള്ള അരങ്ങേറ്റമാണ് ചിത്രം. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസനെഗറുടെ കടുത്ത ആരാധകനായ അബു സലീം 1984 മിസ്റ്റർ ഇന്ത്യ കൂടിയാണ്. വർഷങ്ങൾക്കൊപ്പം മസിൽകരുത്ത് വളർന്നതല്ലാതെ പ്രായം തൊട്ട മാറ്റങ്ങളൊന്നും അബുസലീമിനില്ല. വ്യത്യസ്തമായ കഥാപാത്രമായി അബു സലിം വെള്ളിത്തിരയിലെത്തുന്നത് കാത്തിരിക്കുകയാണ് സിനിമാലോകം. 1978ൽ രാജൻ പറഞ്ഞ കഥയിലൂടെയാണ് അബുസലിമിന്റെ സിനിമാജീവിതത്തിന്റെ തുടക്കം.