Saturday 11 November 2023 12:25 PM IST : By സ്വന്തം ലേഖകൻ

ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരി’ന്റെ സെറ്റിലെത്തി മോഹൻലാൽ; തരംഗമായി ചിത്രങ്ങള്‍

kathanar-mohanlal-jayasurya

നടന്‍ ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ച് മോഹൻലാൽ. വളരെ അപൂർവമായാണ് മോഹൻലാൽ മറ്റ് സിനിമകളുടെ സെറ്റുകളില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ വരവ് ജയസൂര്യയും സംവിധായകൻ റോജിൻ തോമസും ആഘോഷമാക്കി. 

മലയാളത്തിലെ രണ്ടു ബിഗ് ബജറ്റ് സിനിമകളായ കത്തനാരിന്റെയും എംപുരാന്റെയും ഷൂട്ടിങ് ഒരേസമയം പുരോഗമിക്കുകയാണ്. കത്തനാർ സെറ്റിലെത്തിയ അണിയറപ്രവര്‍ത്തകര്‍ ഓരോരുത്തരെയും നേരിൽ കണ്ട് വിശേഷങ്ങൾ ചോദിച്ചു. അതിനു വ്യക്തമായ മറുപടിയും അണിയറ പ്രവർത്തകർ നൽകുകയുണ്ടായി. ഗംഭീരമായിട്ടുണ്ട് സെറ്റ്, സിനിമയും ഗംഭീരമാകുമെന്ന് നിർമാതാവായ ഗോകുലം ഗോപാലനോട് മോഹന്‍ലാല്‍ ആശംസകൾ അറിയിക്കുകയും ചെയ്തു.

‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്‌കാര ജേതാവായ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചിനു ഷൂട്ടിങ് തുടങ്ങിയ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ നവംബർ ഏഴിനാണ് ആരംഭിച്ചത്. ഐതിഹ്യങ്ങളിലൂടെ പ്രശസ്തനായ അദ്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്തു കത്തനാരുടെ ജീവിതം പറയുന്ന 'കത്തനാർ: ദ് വൈൽഡ് സോഴ്സറർ' ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമിക്കുന്നത്. ഇനിയും 150 ദിവസത്തോളം ഷൂട്ട് ബാക്കിയുണ്ട്.

'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയിൽ ഒരുങ്ങുന്ന കത്തനാർ, ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. ആദ്യമായാണ് അനുഷ്ക മലയാളത്തിൽ അഭിനയിക്കാനെത്തുന്നത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. 

Tags:
  • Movies