Monday 18 December 2023 03:35 PM IST

കൂടുതൽ വേഷങ്ങൾക്കു കാത്തു നിൽക്കാതെ പെട്ടെന്നൊരു ദിവസം അനിൽ പോയി...കൊല്ലം തുളസിയുടെ മകനോ ‘ഹൈവേ’ താരം...

V.G. Nakul

Sub- Editor

anil-thulasi-1

എക്കാലവും സിനിമയിൽ ചില മുഖങ്ങൾ തെളിയും. ശ്രദ്ധേയമായ വേഷങ്ങളുമായി പ്രേക്ഷകരുടെ മനസ്സിലിടമുറപ്പിച്ച്, കരിയറിലെ നല്ല ഘട്ടത്തിലേക്കുള്ള യാത്രയ്ക്കിടെ അവരിൽ പലരെയും പെട്ടെന്നൊരു നാൾ കാണാതെയാകും. ചിലർ മറവിയിൽ മറയും. മറ്റുള്ളവർ ഇതല്ല ഞങ്ങളുടെ ലോകമെന്ന തിരിച്ചറിവിൽ വേറെ മേഖലകളില്‍ അവസരം തേടിപ്പോകും. അക്കൂട്ടത്തിലൊരാളാണ് അനിൽ.

സാബ് ജോണിന്റെ തിരക്കഥയിൽ, ജയരാജ് സംവിധാനം ചെയ്ത്, 1995 ൽ തിയറ്ററുകളിലെത്തിയ ‘ഹൈവേ’ എന്ന മെഗാഹിറ്റ് സിനിമയിലൂടെയാണ് അനിൽ അഭിനയരംഗത്തെത്തിയത്. ഈ ചിത്രത്തിലെ സ്ത്രൈണ ഭാവങ്ങളുള്ള ക്രൂരനായ വില്ലന്റെ വേഷം അനിൽ ഗംഭീരമായി അവതരിപ്പിച്ചു. ചിത്രം വൻ വിജയമായതിനൊപ്പം കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, പിന്നീടധികം സിനിമകളിലൊന്നും അനിലിനെ കണ്ടില്ല. വർഷമിത്ര കഴിഞ്ഞ്, പുതിയ തലമുറയിലെ പ്രേക്ഷകർ ‘ഹൈവേ’ കണ്ട് ചോദിക്കുന്നു, ‘ഈ നടൻ ആരാണ് ? അയാൾ ഇപ്പോള്‍ എവിടെയാണ് ?’.

‘‘ഹൈവേയിൽ ആ കഥാപാത്രം ചെയ്യാൻ യോജിക്കുന്ന ഒരു നടനെ തിരയുമ്പോഴാണ് അയച്ചു കിട്ടിയ ചിത്രങ്ങളിൽ നിന്ന് അനിലിനെ കാണുന്നത്. പിന്നീട് ഞാൻ പറഞ്ഞപ്രകാരം അനിൽ എന്നെ വന്നു കണ്ടു. അക്കാലത്തെ ചെറുപ്പക്കാരിൽ ഏറെ സ്റ്റൈലിഷ് ആയ രൂപവും ഭാവവുമായിരുന്നു അവന്. നീണ്ട മുടിയും ക്ലീൻ ഷേവും പ്രത്യേക വസ്ത്രധാരണവുമൊക്കെയായി ഒരു ഫ്രീക്ക് ഗെറ്റപ്പ്. കണ്ടപ്പോഴേ എനിക്കിഷ്ടമായി. സംസാര ശൈലിയും വ്യത്യസ്തമായിരുന്നു. ആ ലുക്ക് അൽപ്പം കൂടി പരിഷ്കരിച്ചാണ് ഹൈവേയിൽ അവതരിപ്പിച്ചിരിക്കുന്നത്. അനിൽ അവന്റെ ചെറുപ്പകാലം കൂടുതൽ ചെലവിട്ടത് ഇറ്റലിയിലായിരുന്നു. അതിന്റെ സ്വാധീനവും മൊത്തത്തിലുണ്ടായിരുന്നു.

ഹൈവേയിലെ ക്യാരക്ടർ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടധികം സിനിമകളിലൊന്നും അനിലിനെ കണ്ടില്ല. കുറച്ചു കാലം കൂടി ഇടയ്ക്കിടെ എന്നെ കോൺടാക്ട് ചെയ്തിരുന്നുവെങ്കിലും പിന്നീടത് പൂർണമായി നിലച്ചു. പോകെപ്പോകെ യാതൊരു വിവരവും ഇല്ലാതെയായി’’.– സംവിധായകൻ ജയരാജ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

നടൻ കൊല്ലം തുളസിയുടെ ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് അനിൽ. സിനിമയിൽ നിന്നു പിൻവാങ്ങിയ ശേഷം അനിൽ മരണപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

‘‘ഞാനുമായുള്ള വിവാഹം നടക്കുമ്പോൾ ഭാര്യയ്ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. സിനിമയിലൊക്കെ അഭിനയിച്ച അനിൽ ആണ് മൂത്തയാൾ‌. ഹൈവേ, ഏഴരക്കൂട്ടം എന്നീ സിനിമകളിലൊക്കെ അനിൽ അഭിനയിച്ചു. ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും എന്റെ ശുപാർശയിലാണ് സിനിമയിൽ ആദ്യം കയറിയത്. അദ്ദേഹം മരിച്ചു പോയി’’.– നേരത്തെ ഒരു ചാനൽ പരിപാടിയിൽ കൊല്ലം തുളസി പറഞ്ഞിരുന്നു.

‘ഹൈവേ’യിൽ അഭിനയിക്കാൻ വരുമ്പോൾ, കൊല്ലം തുളസിയുമായുള്ള ബന്ധം അനിൽ പറഞ്ഞിരുന്നില്ലെന്ന് ജയരാജ് പറയുന്നു. കൂടുതൽ സംസാരിച്ചപ്പോഴാണ് അതറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും, ചുരുക്കം റോളുകളാണ് കിട്ടിയതെങ്കിലും അതിലൊന്ന് ഏറെ ശ്രദ്ധേയമാക്കിയാണ് അനിൽ മരണത്തിലേക്ക് കടന്നു പോയത്. ‘ഹൈവേ’യിലെ ചെറിയ കവലയിലേക്ക് ബൈക്കിൽ പാഞ്ഞെത്തിയിറങ്ങി, ഇംഗ്ലീഷ് പാട്ടിന്റെ പശ്ചാത്തലത്തിൽ, ഒരു പ്രത്യേത താളത്തിൽ നടന്നു വന്ന്, ജിപ്സിയുടെ ബോണറ്റിലേക്ക് ചാടിക്കയറിയിരുന്ന്, ഇംഗ്ലീഷിൽ പുലമ്പുന്ന, ഡ്രഗ് അഡിക്റ്റ് ആയ സൈക്കോപാത്തിന്റെ റോൾ അനിൽ മനോഹരമാക്കി, പകരക്കാരെ ചിന്തിക്കാനാകാത്ത വിധം...