Monday 18 December 2023 10:14 AM IST

‘സൗഭാഗ്യയെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചു, പ്രതികരിച്ചപ്പോൾ അശ്ലീല ചേഷ്ടകളും...’: ആ രാത്രി എന്താണ് സംഭവിച്ചത് ? അർജുൻ പറയുന്നു

V.G. Nakul

Sub- Editor

arjun-somasekhar

കൊച്ചിയിൽ വച്ച് നടൻ അർജുൻ സോമശേഖറും ഒരു ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് അർജുനെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ‌ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്.

തുടർന്ന്, ഭർത്താവിനെ രക്ഷിക്കാൻ അർജുന്റെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ് കിണഞ്ഞു പരിശ്രമിക്കുകയാണെന്നും കരഞ്ഞ് നിലവിളിയ്ക്കുകയാണെന്നുമൊക്കെ ചില യൂ ട്യൂബ് ചാനലുകളുടെ റിപ്പോർട്ടുകളും എത്തി.

എന്നാൽ, ഇത്തരം വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും തങ്ങൾ ഈ വിഡിയോ റിപ്പോർട്ടുകളെല്ലാം ഒരു തമാശ പോലെയാണ് ആസ്വദിച്ചതെന്നും അർജുൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘എന്താണ് സംഭവിച്ചതെന്ന് പലരും ചോദിച്ചു. ഉണ്ടായ കാര്യം തുറന്ന് പറയണമെന്നും പറഞ്ഞു. പക്ഷേ, ഇതിനെയൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് ഞങ്ങളുടെ കാര്യം നോക്കി മുന്നോട്ടു പോകാനാണ് പദ്ധതി. പിന്നെ ഒരു കാര്യം, സൗഭാഗ്യ കുഞ്ഞുമായി ഓടിനടക്കാറുണ്ട്, അത് എന്നെ ജാമ്യത്തിലിറക്കാനല്ല, മോളെ ഭക്ഷണം കഴിപ്പിക്കാനാണ്...’’.– ചിരിയോടെ അർ‌ജുൻ പറയുന്നു.

എന്താണ് സംഭവിച്ചത് ?

സത്യത്തിൽ ഈ സംഭവം നടക്കുന്നത് ഹോളിഡേ ഇൻ ഹോട്ടലിന്റെ പരിസരത്ത്, രാത്രി ഒമ്പതരയോടെയാണ്. ഞാനും സൗഭാഗ്യയും കാർ പാർക്ക് ചെയ്ത്, ഒരു പർച്ചേസുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യം സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ഓട്ടോറിക്ഷ ഞങ്ങളുടെ കാറിന്റെ വലത് വശം വഴി വന്ന്, ക്രോസ് ചെയ്ത്, ഇടത് വശത്തേക്ക് കയറ്റി നിർത്തി ചീത്ത വിളിച്ചത്. സൗഭാഗ്യ പെട്ടെന്ന് ഗ്ലാസ് താഴ്ത്തി, ‘എന്താണ് ?’ എന്നു ചോദിച്ചതും അയാൾ ‘പൊടീ...’ എന്നു പറഞ്ഞ് ഒരു വലിയ തെറി കൂടി വിളിച്ചു. അതു കേട്ടപ്പോൾ ഞാൻ പിന്നാലെ ചെന്ന്, ‘എന്താടോ ചീത്ത വിളിക്കുന്നത് ’എന്നു ചോദിച്ചു. അപ്പോൾ അയാൾ വീണ്ടും ഞങ്ങളെ തെറി വിളിച്ച്, ഒരു വൃത്തികെട്ട ആഗ്യം കാണിച്ചു. ഞാനപ്പോൾ കാർ മുന്നോട്ടെടുത്തതും, അയാൾ ഓട്ടോറിക്ഷ വളച്ച് കാറിന്റെ പിന്നിൽ ഇടിച്ചു. അപ്പോഴാണ് ഞാൻ പുറത്തിറങ്ങി സംസാരിച്ചത്. ഇതാണ് സംഭവം. അല്ലാതെ, ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ല സത്യം’’.– അർ‌ജുൻ പറയുന്നു.

‘‘കൊച്ചി എന്റെ നാടല്ല. ഇവിടെ എനിക്ക് കൂടുതൽ പരിചയങ്ങളുമില്ല. മാത്രമല്ല, എന്റെ ഭാര്യയും കുഞ്ഞുമൊക്കെയായി രാത്രിയിൽ യാത്ര ചെയ്യുമ്പോൾ, വെറുതേ റോഡിൽ വച്ച് ഇങ്ങനെയൊരു വഴക്കുണ്ടാക്കാനോ, തല്ലുണ്ടാക്കാനോ ഞാൻ തയാറാകില്ല.

മാത്രമല്ല, സംഭവം കഴിഞ്ഞ ശേഷം ആദ്യം പൊലീസ് സ്റ്റോഷനിലേക്ക് പോയത് ഞങ്ങളാണ്. തിരക്കിപ്പിടിച്ച് മരട് സ്റ്റേഷനിലെത്തിയപ്പോഴേക്കും പാലാരിവട്ടം സ്റ്റേഷനിൽ നിന്നു കോൾ വന്നു, അങ്ങോട്ട് ചെല്ലാൻ. ഞങ്ങൾ ചെന്നു. കള്ള് കുടിച്ചിട്ടുണ്ടെങ്കിൽ ഞാന്‍ സ്റ്റേഷനിലേക്ക് ധൈര്യത്തോടെ കയറിച്ചെല്ലുമോ.

കാര്യങ്ങൾ പറഞ്ഞപ്പോൾ, പൊലീസുകാർക്ക് സംഭവം കൃത്യം മനസ്സിലായി. കേസ് ആയതിനാൽ, ജാമ്യം വേണം. സൗഭാഗ്യയുടെ ജാമ്യത്തിൽ എന്നെ വിട്ടു. അപ്പോഴേക്കും പത്തെഴുപത് പേർ‌, അവരുടെ ആളുകൾ, സ്റ്റേഷന് ചുറ്റും കൂടി. അതിനാൽ, ‘‘അർ‌ജുൻ അൽപ്പം കൂടി കഴിഞ്ഞിട്ട് പോയാൽ മതി. വെറുതേ ഒരു സീന്‍ ഉണ്ടാകണ്ട’’ എന്ന് എസ്.ഐ പറഞ്ഞു. പിന്നീട്, അവരെയൊക്കെ പൊലീസുകാർ പിരിച്ചു വിടുകയായിരുന്നു.

ഇത്രയുമാണ് സംഭവിച്ചത്. അതിനെയാണ്, ‘വാവിട്ട് കരഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്, മർദ്ദനമേറ്റ് തളർന്ന് അർജുൻ സോമശേഖർ’ എന്നൊക്കെ ചിലർ വാർത്തയാക്കി പ്രചരിപ്പിച്ചത്. സൗഭാഗ്യ കരഞ്ഞതുമില്ല, നിലവിളിച്ചതുമില്ല, മാപ്പും പറഞ്ഞിട്ടില്ല. കേസ് അതിന്റെ വഴിക്ക് നടക്കട്ടേ. പക്ഷേ, പിന്നീടുള്ള ആ ഓട്ടോറിക്ഷ ഡ്രൈവറുടെ അഭിനയം കണ്ട് ഞാൻ അമ്പരന്നു. എന്തൊരു പ്രകടനമാണ് കക്ഷി. സിനിമയിൽ ശ്രമിക്കാവുന്നതാണ്’’. – അർ‌ജുൻ പറയുന്നു.

ഈ വാർത്തകളോട് രസകരമായി പ്രതികരിച്ച് സോഷ്യൽ മീഡിയയില്‍ സൗഭാഗ്യയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മകൾക്കൊപ്പമുള്ള തന്റെയും അർജുന്റെയും ഒരു കുടുംബനിമിഷത്തിന്റെ ചിത്രം പങ്കുവച്ച്, ‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും. തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല’ എന്നാണ് സൗഭാഗ്യ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയുടെ രസികൻ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.