Wednesday 03 January 2024 02:13 PM IST

36 വയസ്സിലെ പ്രണയവിവാഹം, ഭർത്താവിന്റെ അകാലമരണം, രോഗങ്ങൾ... 3 വർഷം മുമ്പേ ബീന പറഞ്ഞു, ‘ഞാൻ ദുരിതക്കയത്തിലാണ്’

V.G. Nakul

Sub- Editor

beena 3

ആർക്കു വേണ്ടിയാണോ ജീവിച്ചത്, അവർ ബീനയെ ദുരിതക്കയത്തിലേക്കു തള്ളിയിട്ടു. കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി തന്റെ സന്തോഷങ്ങളും ഭാവിയും മറന്നു കഷ്ടപ്പെട്ടതിന് ബീനയ്ക്ക് കിട്ടിയ പ്രതിഫലം ശരണാലയമാണ്. തന്റേതെന്നു കരുതിയതെല്ലാം തട്ടിയെടുക്കപ്പെട്ട്, ആർക്കും വേണ്ടാത്തവളായി തെരുവിലേക്കിറങ്ങേണ്ട ഗതികേടിൽ നിന്നാണ് നടി ബീന കുമ്പളങ്ങിയെ നടി സീമ ജി നായരുടെ നേതൃത്വത്തിൽ ഗാന്ധിഭവനിലേക്കെത്തിച്ചത്.

സഹോദരിയുടെയും ഭർത്താവിന്റെയും പീഡനം സഹിക്ക വയ്യാതെ വീടുവിട്ടിറങ്ങിയ ബീനയുടെ പ്രയാസങ്ങൾ താനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണെങ്കിലും താരത്തിന്റെ ദുരിതജീവിതം ആദ്യം പുറംലോകമറിഞ്ഞത്, മൂന്നു വർഷം മുമ്പ് ‘വനിത ഓൺലൈനി’ലൂടെയാണ്.

‘‘ഞാനിപ്പോൾ ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ്’’.– നിറകണ്ണുകളോടെ ബീന അന്നു പറഞ്ഞു.

സിനിമയിൽ നിന്ന് ഏറെക്കുറേ ഫീൽഡ് ഔട്ട് ആണ്. സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. ഭർത്താവ് മരിച്ചു. മക്കളില്ല. ഒപ്പം രോഗങ്ങളും കീഴടക്കിയിരിക്കുന്നു. സഹോദരങ്ങൾക്കൊപ്പമാണ് ഇപ്പോൾ താമസം. താരസംഘടനയായ അമ്മ നൽകുന്ന കൈനീട്ടം മാത്രമാണ് ഏക വരുമാനം. അത് മരുന്നിനു പോലും തികയാറില്ല... ഇങ്ങനെ വേദനകളുടെയും പ്രയാസങ്ങളുടെയും കഥകളാണ് ബീന പറഞ്ഞത്.

നാല് പതിറ്റാണ്ടിലേറെയായി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങി മലയാള സിനിമയുടെ ഭാഗമായിട്ട്. മലയാള സിനിമയിലെ ക്ലാസിക് സിനിമകളിലൊന്നായ, പി.പത്മരാജന്റെ ‘കള്ളൻ പവിത്രനി’ലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം തിളങ്ങിയ 18 വയസ്സുകാരി സുന്ദരിയെ മലയാളി മറക്കില്ല. ദമയന്തിയിലൂടെ ബീന എന്ന യുവനടി മലയാള സിനിമയുടെ ഭാവി പ്രതീക്ഷയായി വാഴ്ത്തപ്പെട്ടെങ്കിലും വിധി മറ്റൊന്നായിരുന്നു...

പുതിയ തലമുറ ബീനയെ തിരിച്ചറിയുക ‘കല്യാണരാമനി’ൽ പ്യാരിയുടെ പഞ്ചാരയടിയില്‍ മയങ്ങാത്ത ഭവാനിയെന്ന വേലക്കാരിയിലൂടെയാണ്. പക്ഷേ, രണ്ടാം വരവും അവരുടെ ജീവിതത്തിൽ നേട്ടമായില്ല.

അർഹിക്കുന്ന അംഗീകാരം ഒരിക്കലും ബീനയെ തേടിയെത്തിയില്ല. ‘കള്ളൻ പവിത്രനി’ലെ നായികാ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് കരിയർ ചെറുവേഷങ്ങളിലേക്ക് ഒതുങ്ങി. അതിനിടെ ദീർഘമായ ഇടവേളയുമുണ്ടായി. തിരിച്ചു വരവിൽ ചെറുതെങ്കിലും ശ്രദ്ധേയമായ ചില വേഷങ്ങൾ തേടി വന്നെങ്കിലും പോകെപ്പോകെ അതും ഇല്ലാതെയായി. ഒപ്പം ജീവിതത്തിലെ ദുരിത ദിനങ്ങളും കടന്നു വന്നു.

‘‘എന്റെ നാട് കുമ്പളങ്ങിയാണ്. വാടകയ്ക്ക് താമസിച്ച വീടിന്റെ മുകൾനിലയിൽ നിന്ന് വീണാണ് ഭർത്താവ് സാബു മരിച്ചത്. ഭർത്താവ് മരിച്ചപ്പോൾ ഒറ്റയ്ക്കായി. 25 വർഷത്തോളം പല സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇപ്പോഴും സ്വന്തം വീട് എന്ന സ്വപ്നം പൂർത്തിയായിട്ടില്ല. ഒപ്പം അസുഖങ്ങളും ദുരിതങ്ങളും. എത്ര കാലം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും’’.– ബീന പറഞ്ഞു.

beena 1

നായികയായി തുടക്കം

എന്റെ ആദ്യ സിനിമ ‘രണ്ട് മുഖങ്ങൾ’ ആണ്. തുടർന്ന് ‘മാമാങ്ക’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീടാണ് ‘കള്ളന്‍ പവിത്രനി’ൽ അഭിനയിച്ചത്. അതിനു ശേഷം നായിക വേഷങ്ങൾ കിട്ടിയില്ല. സിനിമയെക്കുറിച്ച് അക്കാലത്ത് വലിയ അറിവുണ്ടായിരുന്നില്ല. കിട്ടുന്ന വേഷം ചെയ്യുന്ന രീതിയായിരുന്നു. വേഷമെന്താണ് എന്ന് ചോദിക്കാനോ, നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനോ അന്ന് അറിയില്ലായിരുന്നു. അങ്ങനെ നായികയില്‍ നിന്ന് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി. ‘കള്ളൻ പവിത്രനി’ൽ ബ്ലൗസും മുണ്ടുമായിരുന്നു എന്റെ വേഷം. പിന്നീട് വന്ന എല്ലാ സിനിമകളിലും എനിക്ക് കിട്ടിയത് മുണ്ടും ബ്ലൗസും റോളുകളായിരുന്നു. പലരും നല്ല റോൾ എന്നു പറഞ്ഞ് വിളിക്കും. പക്ഷേ, അഭിനയിച്ച് തുടങ്ങുമ്പോൾ ചെറിയ വേഷങ്ങളാകും. കുറച്ചു കഴിഞ്ഞപ്പോൾ മടുപ്പുതോന്നി. അങ്ങനെ 13 വർഷത്തോളം മാറി നിന്നു. അതിനിടെ വിവാഹവും നടന്നു. കല്യാണത്തിനു ശേഷം ‘ഷാർജ ടു ഷാർജ’യിലൂടെയാണ് തിരിച്ചു വന്നത്. അതിനു ശേഷം കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ച്ലർ‌ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചു. ‘സദാനന്ദന്റെ സമയ’ത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളാണ് കൂടുതൽ കിട്ടിയിരുന്നത്. ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങൾ കുറഞ്ഞു. പത്തു വർഷത്തിലേറെയായി അഭിനയിച്ചിട്ട്. ഫീൽഡ് ഔട്ട് ആയതു പോലെയാണ്. എത്ര സിനിമ ചെയ്തു എന്ന് കൃത്യമായി ഓർമയില്ല. 100 സിനിമ കഴിഞ്ഞിട്ടുണ്ടാകും.

പ്രണയം, വിവാഹം

36 വയസ്സിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട്ട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ടുവേണമെന്ന് തോന്നിത്തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ടു പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ചു പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസ്സിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ടു വച്ചോളൂ വീട് വച്ചു തരാൻ ഏർപ്പാട് ചെയ്യാമെന്ന്. ഇപ്പോൾ ‘അമ്മ’ സംഘടന നൽകുന്ന കൈനീട്ടമുള്ളതു കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അതു മാത്രമാണ് പ്രാർഥന.

വർഷങ്ങൾക്കു ശേഷം ബീനയുടെ ദുരിതജീവിതം ഇപ്പോൾ ലോകമറിഞ്ഞിരിക്കുന്നു. നടി സീമ ജീ നായർ ആശ്വാസവും സഹായവുമായെത്തിയപ്പോൾ ബീനയ്ക്ക് അഭയമൊരുങ്ങി.

beena 2

സീമ സ്വർഗത്തിലാണ് തന്നെ കൊണ്ടാക്കിയതെന്ന ബീന പറയുന്നു. പോറ്റി വളർത്തി കൂടെപ്പിറപ്പുകൾ തന്നോടിങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ.

‘ആധാരവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എന്റെ ആധാരം ചോദിച്ചപ്പോൾ അനുജത്തിയും ഭർത്താവും പരിസഹിച്ച് ചിരിച്ചു. അന്നവിടെ നിന്നിറങ്ങി കൊപ്രാകളത്തിൽ മൂന്ന് നാല് ദിവസം കിടന്നു. ആരും അന്വേഷിച്ചില്ല. വാർഡ് മെമ്പർ വഴിയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഇതിനിടയിൽ സീമയെ വിളിച്ചു. എന്നെ ഗാന്ധിഭവനിൽ കൊണ്ടാക്കി.

കുടുംബപരമായ പ്രശ്നം വന്നപ്പോൾ ഞാൻ മാനസികമായി തളർന്നു. എന്നിൽ തന്നെ ചുരുങ്ങി. അപ്പോഴും ഒത്തിരിയാളുകൾ എനിക്കു വേണ്ടി പ്രാർത്ഥിച്ചു. അതാണ് ഞാൻ തിരിച്ചു വന്നത്. ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഭ്രാന്തായേനെ. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ. അതിന്റെ വക്കിൽ വരെ എത്തിയിരുന്നു’’. – ഗാന്ധി ഭവനിൽ എത്തിയ ശേഷം ബീന പറഞ്ഞതിങ്ങനെ.