Monday 07 January 2019 04:39 PM IST

‘എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്താൽ നിന്നെ വച്ചേക്കില്ലടാ...’! സീരിയൽ കാര്യമായപ്പോൾ ഗിരിധറിന് സമ്മാനം ഉടനടി

V.G. Nakul

Sub- Editor

giri-1

സീരിയലുകളും അതിലെ അഭിനേതാക്കളും ജീവിതവുമായും അതിലെ യാഥാർത്ഥ്യങ്ങളുമായും കുറച്ചു കൂടി ചേർന്നു നിൽക്കുന്നതായാണ് പ്രേക്ഷകർക്കു തോന്നുക. അത്തരം ചിന്തകളിൽ നിന്നുണ്ടാകുന്ന ചില അപ്രതീക്ഷിത പ്രതികരണങ്ങൾ ഏതൊരു സീരിയലിനെക്കാളും നാടകീയത നിറഞ്ഞതും ഞെട്ടിക്കുന്നതുമാകും. അങ്ങനെയൊരു കഥ ഗിരിധറിനും പറയാനുണ്ട്. ഗിരിധറിനെ നിങ്ങളറിയും. ബാലാമണിയിലെ ആനന്ദായും കറുത്തമുത്തിലെ ശ്രീകാന്തായും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി വളർന്ന യുവതാരം. കറുത്ത മുത്തിലെ നായികയെ കൊല്ലാൻ വരുന്ന വില്ലൻ കഥാപാത്രം തനിക്കു നേടിത്തന്ന മറക്കാനാകാത്ത ഒരു ‘സമ്മാന’ത്തെക്കുറിച്ച് പറയവേ ഗിരിധർ പതിയെ തന്റെ ഇടതു കവിളിലൊന്നു വിരലോടിച്ചു...

‘‘കോവളത്ത് ഒരു സീരിയലിന്റെ ഷൂട്ട് നടക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ബസിൽ കുറെ വിനോദ സഞ്ചാരികൾ അവിടെ വന്നിറങ്ങി. ഷൂട്ട് നടക്കുന്നതു കണ്ടപ്പോൾ അതിൽ പലരും വന്ന് പരിചയപ്പെടാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ തുടങ്ങി. പെട്ടെന്നാണ് തിരക്കിനിടയിൽ നിന്നു പ്രായമായ ഒരു സ്ത്രീ ഏന്തി വലിഞ്ഞ് മുന്നോട്ട് വന്നത്. എന്റെയടുത്തെത്തിയതും അവർ ഉയർന്നു ചാടി എന്റെ കവിളത്ത് ഒറ്റയടി. സത്യം പറഞ്ഞാൽ കണ്ണിൽ നിന്ന് പൊന്നീച്ച പാറി. ഞെട്ടിനിൽക്കുന്നതിനിടെ, ‘‘എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്താൽ നിന്നെ വച്ചേക്കില്ലടാ’’ എന്നും പറഞ്ഞ് അവരൊരു മുഴുത്ത തെറി കൂടി വിളിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഒരാൾ എന്നെ അടിക്കുന്നത്. ആകെ ഷോക്കായിപ്പോയി. അതിനിടെ അവരുടെ ഒപ്പം വന്നവർ എന്നോട് ക്ഷമയൊക്കെ പറഞ്ഞ്, ആ സ്ത്രീയെയും പൊക്കിയെടുത്ത് വന്ന വഴിയേ ഓടി’’. പറഞ്ഞു തീർന്നതും ഗിരിധർ പൊട്ടിച്ചിരിച്ചു.

giri-3

സീരിയൽ രംഗത്ത് ഗിരിധറിനിപ്പോൾ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. സഹനായകനായും നായകനായും വില്ലനായുമൊക്കെ വേറിട്ട കഥാപാത്രങ്ങളുടെ മിഴിവുമായി ചുരുങ്ങിയ കാലത്തിനിടെ മിനിസ്ക്രീനിൽ ഒന്നാം നിരയിലേക്കെത്താൻ ഈ യുവനടനായി. നാടകത്തിൽ തുടങ്ങി സിനിമയിലും സീരിയലിലും സജീവമായ തന്റെ അഭിനയജീവിതത്തെക്കുറിച്ച് ഗിരിധർ ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

അമ്മാവൻ മുൻഗാമി

മലപ്പുറം ജില്ലയിൽ അരീക്കോടിനടുത്ത് കുഴക്കോട്ടൂരാണ് നാട്. അച്ഛനും അമ്മയും രണ്ടു ചേട്ടൻമാരും സർക്കാർ ജീവനക്കാരാണ്. പക്ഷേ, ഓര്‍മ്മ വെച്ച നാൾ മുതല്‍ കലാപരമായ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ചിത്രം വരയ്ക്കുമായിരുന്നു.

അമ്മയുടെ സഹോദരനാണ് വിജയൻ കിഴിശ്ശേരി. ഗായകനും മിമിക്രി ആർട്ടിസ്റ്റും അഭിനേതാവുമൊക്കെയായിരുന്നു അമ്മാവൻ. ചെറുതിലേ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടും അഭിനയം കണ്ടുമൊക്കെ ഞാനും ആ വഴിയിൽ നടന്നു തുടങ്ങി. ചുരുക്കത്തിൽ അമ്മാവനാണ് എന്നെ സ്വാധീനിച്ചതെന്നു പറയാം.

കലാകാരനാകണം എന്ന എന്റെ ആഗ്രഹത്തിന് വീടും നാടുമൊക്കെ ഒപ്പം നിന്നു. അതൊരു വലിയ അനുഗ്രഹമായി. വീട്ടിൽ നിന്നുള്ള പിന്തുണ എടുത്തു പറയണം. കലാരംഗമാണ് ലക്ഷ്യം എന്നതിനാൽ അതിനു ഗുണമാകുന്ന രീതിയിലായിരുന്നു പഠനം. ഡിഗ്രിയ്ക്ക് മലയാളമാണ് തിരഞ്ഞെടുത്തത്.

നാടകങ്ങളിലാണ് അഭിനയത്തിന്റെ തുടക്കം. കൂട്ടുകാർക്കൊപ്പം ചേർന്ന് അമക്ച്വർ നാടകങ്ങളും തെരുവു നാടകങ്ങളും ധാരാളം ചെയ്തു. നാട്ടിലും അയൽ ഗ്രാമങ്ങളിലുമൊക്കെയാണ് അവ പ്രധാനമായും അവതരിപ്പിച്ചിരുന്നത്.

പതിനെട്ടാം വയസ്സിൽ ഒരു സംസ്ഥാന നാടകമത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഒ.വി വിജയന്റെ ‘കടൽ തീരത്ത്’ എന്ന കഥയാണ് അതേ പേരിൽ നാടകമാക്കിയത്. അതിലെ വെള്ളായിയപ്പൻ എന്ന വൃദ്ധ കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു അവാർഡ്. ആ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടൻ ഞാനായിരുന്നു. അതോടൊപ്പം ഏറ്റവും പ്രായം കൂടിയ കഥാപാത്രവും എന്റെതായിരുന്നു. തുടർന്ന് മികച്ച നടനുള്ള കുറേ പുരസ്ക്കാരങ്ങൾ പലയിടങ്ങളിൽ നിന്നു കിട്ടി.

giri-2

ബെസ്റ്റ് ആക്ടർ

‘ബെസ്റ്റ് ആക്ടർ’ എന്ന റിയാലിറ്റി ഷോയാണ് വഴിത്തിരിവായത്. അതോടെയാണ് ഇതാണ് എന്റെ തട്ടകമെന്നുറപ്പിച്ചത്. ഇന്ത്യയൊട്ടുക്ക് 5000 പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് മത്സരിച്ചത്. എനിക്ക് മൂന്നാം സ്ഥാനം കിട്ടി. ഒന്നാം സ്ഥാനം സുരഭി ലക്ഷ്മിക്കും രണ്ടാം സ്ഥാനം സിദ്ധാർഥ് ശിവയ്ക്കുമായിരുന്നു. ആ ഏഴു മാസം വലിയ അനുഭവമായിരുന്നു.

‘സ്വാർത്ഥ’മാണ് ആദ്യ സീരിയൽ. അതിൽ മുരളി എന്ന എഴുത്തുകാരന്റെ വേഷമായിരുന്നു. തുടർന്ന് ‘നിലവിളക്ക്’, ‘ഇളം തെന്നൽ പോലെ’ എന്നീ രണ്ടു സീരിയലുകൾ കൂടി ചെയ്തു. ‘അഗ്നി പുത്രി’യിൽ നായകനുമായി.

ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം ‘ബാലാമണി’യിലെ ആനന്ദാണ്. അതു വലിയ അംഗീകാരവും സ്വീകാര്യതയും നേടിത്തന്നു. ഇപ്പോഴും ആ കഥാപാത്രത്തോടുള്ള ഇഷ്ടം ആളുകളുടെ മനസ്സിലുണ്ട്. ‘കറുത്തമുത്തി’ൽ വില്ലനായി വന്ന കഥാപാത്രമാണ് ശ്രീകാന്ത്. ഇപ്പോൾ ഒമ്പതാമത്തെ സീരിയലിലാണ് അഭിനയിക്കുന്നത്. പത്തു വർഷമായി റേഡിയോ അനൗൺസറും കോഴിക്കോട് ആകാശവാണിയിൽ സ്ഥിരം ആർട്ടിസ്റ്റുമാണ്.

എല്ലാം നല്ലതിന്

രഞ്ജിത് സാർ സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’യാണ് ആദ്യ സിനിമ. അതിൽ ധർമ്മദത്തൻ നമ്പൂതിരി എന്ന കഥാപാത്രമായിരുന്നു. ‘അകം’ എന്ന ചിത്രത്തിൽ ഫഹദിന്റെ കൂട്ടുകാരനായും അഭിനയിച്ചു. പിന്നീട് ‘ലൈഫ്’, ‘കുഞ്ഞിരാമന്റെ കുപ്പായം’ എന്നീ സിനിമകൾ കൂടി ചെയ്തെങ്കിലും സിനിമയെന്നോ സീരിയലെന്നോ ഉള്ള വേർതിരിവെനിക്കില്ല. തൃപ്തി കിട്ടുക എന്നതാണ് പ്രധാനം. ചില സീരിയലിൽ നിന്നൊക്കെ അവസാന നിമിഷം ഒഴിവാക്കപ്പെട്ടപ്പോൾ സങ്കടമായെങ്കിലും പിന്നീടാലോചിച്ചപ്പോൾ നന്നായി എന്നു തോന്നി. എല്ലാം നല്ലതിനെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. തികഞ്ഞ ഈശ്വരവിശ്വാസിയാണ്.

giri-4

ഞാന്‍ എന്റെ ഡ്യൂപ്പ്

1300– ാം എപ്പിസോഡിൽ അഭിനയിക്കുമ്പോഴും നാളെ ഷൂട്ട് ചെയ്യുന്ന സീൻ എങ്ങനെ പുതുമയോടെ അവതരിപ്പിക്കാം എന്നാണ് ഞാനെപ്പോഴും ചിന്തിക്കുക. ഒരേ സമയം ഒരു സീരിയൽ മാത്രം ചെയ്യുന്നതിനു പിന്നിൽ, ഒരേ പോലെ മറ്റൊരു സീരിയലിൽ വരരുതെന്നുള്ളതാണ് കാരണം. അതിനാൽ തന്നെ കഴിഞ്ഞ രണ്ടു വർഷമായി പല അവസരങ്ങളും വേണ്ട എന്നു വെച്ചിട്ടുണ്ട്.

തിരിച്ചറിയപ്പെടുക എന്നതു പോലെ തിരിച്ചറിയപ്പെടാതിരിക്കുക എന്നതും എനിക്കിഷ്ടമാണ്. ഒരു കഥാപാത്രം കണ്ടിട്ട് ആളുകൾ അതു ഞാനാണെന്നു തിരിച്ചറിയാത്തതിൽ കൗതുകമുണ്ട്. ഒരിക്കൽ ഒരു ട്രെയിൻ യാത്രയ്ക്കിടെ ചായ കുടിക്കാൻ പുറത്തിറങ്ങി. ചായ കുടിക്കുന്നതിനിടെ ഒരാൾ എന്റെ ഒപ്പം വന്നിരുന്നു. പോകുന്നവരും വരുന്നവരുമൊക്കെ എന്നെ നോക്കി ചിരിക്കുന്നതും കൈ വീശി കാണിക്കുന്നതുമൊക്കെ കക്ഷി ശ്രദ്ധിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് അയാൾ എന്നോട് ചോദിക്കുകയാണ്, ‘‘ഈ പോകുന്നവരൊക്കെ നിങ്ങളെ ശ്രദ്ധിക്കുന്നതിന്റെയും കൈവീശികാണിക്കുന്നതിന്റെയും കാരണമറിയാമോ’’ എന്ന്. ‘‘എന്താ’’ എന്നു ഞാൻ തിരികെ ചോദിച്ചപ്പോൾ, ‘‘നിങ്ങൾക്ക് കറുത്തമുത്ത് സീരിയലിലെ ഒരു നടന്റെ ഛായയുണ്ട്’’ എന്നായിരുന്നു മറുപടി. അതും പുശ്ചത്തോടെ... ട്രെയിൻ വിടാൻ നേരം ഞാൻ പുള്ളിയുടെ കൈപിടിച്ച് ‘‘അതു ഞാൻ തന്നെയാണ്’’ എന്നു പറഞ്ഞ് ട്രെയിനിലേക്കു കയറി. അപ്പോഴുള്ള അദ്ദേഹത്തിന്റെ ഭാവം ഒന്നു കാണേണ്ടതായിരുന്നു.

ഭാര്യ പ്രഭിതയും മകൻ വാസവുമാണ് ഗിരിധറിന്റെ കരുത്ത്. പുതിയ വേഷങ്ങളും അവസരങ്ങളുമായി അഭിനയ രംഗത്ത് പുതിയ തലങ്ങൾ തേടുകയാണ് ഈ ചെറുപ്പക്കാരനിപ്പോൾ.