Saturday 13 April 2019 04:04 PM IST

ഞാനൊരു ബ്രേക്കെടുത്തു, അതിനു കാരണമുണ്ട്! ജയകൃഷ്ണന്‍ നടൻ മാത്രമല്ല, ബിസിനസ്സിലും സൂപ്പർസ്റ്റാർ

V.G. Nakul

Sub- Editor

j1

ചിലർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. എത്രകാലം കഴിഞ്ഞാലും അവരങ്ങനെ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കും. മലയാളം ടെലിവിഷൻ – സീരിയൽ രംഗത്തും, വിശദീകരണങ്ങളൊന്നും വേണ്ടാതെ, പ്രേക്ഷകർ തിരിച്ചറിയുന്ന, ഇഷ്ടപ്പെടുന്ന ചിലരുണ്ട്. താരങ്ങൾ എന്നതിലുപരി സ്വന്തം വീട്ടിലെ ഒരാൾ എന്നു തോന്നിപ്പിക്കുന്നവർ... അതിൽ ഒരാളാണ് ജയകൃഷ്ണൻ. രണ്ടു പതിറ്റാണ്ടിലേറെയായി, അഭിനയത്തിന്റെ അഴകും മിഴിവുമായി ജയകൃഷ്ണൻ മലയാളികൾക്കു മുമ്പിലുണ്ടെങ്കിലും കുറച്ചു കാലമായി ജയകൃഷ്ണനെ സീരിയലുകളിൽ കാണാറില്ല. സിനിമയിലെ ചില ശ്രദ്ധേയ പ്രകടനങ്ങൾ ഒഴിച്ചു നിർത്തിയാൽ, ഏറിയ പങ്കും അദ്ദേഹം സ്ക്രീനിനു പുറത്തായിരുന്നു. എന്താണ് കാരണം...? ഇതിന്റെ മറുപടിയെന്നോണം ‘വനിത ഓൺലൈനി’ൽ ജയകൃഷ്ണൻ ജീവിതം പറഞ്ഞു തുടങ്ങി.

j3

ഡിഗ്രി കഴിഞ്ഞ് നിന്റെ ഇഷ്ടം പോലെ

കോട്ടയം കുഴിമറ്റത്താണ് നാട്. അച്ഛന്‍ നാരായണൻകുട്ടി അധ്യാപകനായിരുന്നു. അമ്മ ശ്രീദേവി. ഞാനും സഹോദരിയുമടങ്ങിയ ഇടത്തരം കുടുംബം. അച്ഛൻ കുറച്ച് പുരോഗമനപരമായി ചിന്തിക്കുന്ന ആളായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ആഗ്രഹങ്ങൾക്കൊന്നും ആരും എതിരു നിന്നിട്ടില്ല. ‘ഡിഗ്രി കഴിഞ്ഞ് നിന്റെ ഇഷ്ടം പോലെ ചെയ്തോളൂ’ എന്ന നിലപാടായിരുന്നു വീട്ടിൽ.

ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മകൾ; മകളുമൊത്ത് ആദ്യമായി രേവതി; എക്സ്ക്ലൂസീവ്

തുടക്കം നാടകം

j5

കുട്ടിക്കാലം മുതല്‍ അഭിനയ മോഹം മനസ്സിലുണ്ട്. നാട്ടിൽ, ക്ലബിന്റെ നേതൃത്വത്തിൽ കൂട്ടുകാരോടൊപ്പം നാടകം കളിച്ചാണ് തുടക്കം. മത്സരങ്ങൾക്കൊക്കെ പങ്കെടുക്കുകയും എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്തതോടെ സുഹൃത്തുക്കളും നിർബന്ധിച്ചു. അങ്ങനെയാണ് ഡിഗ്രി കഴിഞ്ഞ് തിരുവന്തപുരത്തേക്കു പോയത്.

ശബ്ദം വിറ്റ് ജീവിതം

തനി ഗ്രാമപ്രദേശമാണ് കുഴിമറ്റം. അവിടെ നിന്ന് തിരുവന്തപുരത്തേക്കു പോകുകയെന്നാൽ അമേരിക്കയിലേക്കു പോകും പോലെയാണ്. ചങ്കൂറ്റം മാത്രമായിരുന്നു കൈമുതൽ. തുടക്കത്തിൽ ഒരു ചെറിയ ലോഡ്ജിലായിരുന്നു താമസം. പിന്നീട് അൽപ്പം കൂടി സൗകര്യമുള്ള ഒരിടത്തേക്കു മാറി. ദൂരദർശനിൽ ഡോക്യുമെന്ററികൾക്ക് ശബ്ദം കൊടുക്കുന്നതായിരുന്നു പ്രധാന വരുമാന മാർഗം. 1995, 96, 97 കാലമാണ്. അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താൽ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററികളൊക്കെയുണ്ടാകും.

സിനിമാ മോഹികളുടെ കൂട്ടം

എന്റെ സഹതാമസക്കാരായി, ആ ലോഡ്ജിൽ തന്നെ കുറേ സിനിമാ മോഹികളുണ്ട്. അവർക്കൊന്നും കാര്യമായ വരുമാനമില്ല. മിക്കവരും പല ദിവസവും പട്ടിണിയാണ്. എനിക്ക് വർക്കുള്ള ദിവസം എല്ലാവരും ചേര്‍ന്ന് പുറത്തു പോയി ഫുഡ് കഴിക്കും. ആ കൂട്ടത്തിൽ നിന്ന് ഞാൻ മാത്രമാണ് സിനിമയിലെത്തിയത്.

നിനവുകളോടെ തുടക്കം

j6

അക്കാലത്തു തന്നെ ചില മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിരുന്നു. അതു വഴിയാണ് സീരിയലിലേക്കെത്തിയത്. 1998 ലാണ് ഞാൻ ആദ്യ സീരിയലായ ‘നിനവുകൾ നോവുകളി’ൽ അഭിനയിക്കുന്നത്. കുടപ്പനക്കുന്ന് രാജീവ് എന്ന പ്രൊഡക്ഷൻ കണ്‍ട്രോളർ വഴി വന്ന അവസരമാണ്. പ്രശസ്ത ഛായാഗ്രഹകൻ സണ്ണി ജോസഫ് സാറായിരുന്നു അതിന്റെ സംവിധായകൻ. രണ്ടു നായകൻമാരിൽ ഒരാളായ ബാലു എന്ന കഥാപാത്രമായിരുന്നു എനിക്ക്.

ഖുശ്ബുവിന്റെയും ഗൗതമിയുടെയും നായകൻ

j2

ഇത്ര കാലത്തിനിടെ വളരെക്കുറച്ച് മെഗാസീരിയലുകളിലെ ഞാൻ അഭിനയിച്ചിട്ടുള്ളൂ. ഏറിയാൽ പത്തോ പന്ത്രണ്ടോ മാത്രം. പക്ഷേ അതിൽ കൂടുതലും വലിയ ഹിറ്റുകളായിരുന്നു. ‘അമ്മ’യിലെ ജഗനും ‘സൂര്യകാന്തി’യിലെ ദത്തനും ‘താലി’യിലെ കേശുവുമൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു. 98 മുതൽ 2003 വരെ മലയാളത്തിൽ നിന്ന ശേഷം ഞാൻ തമിഴിൽ സജീവമായി. അവിടെ മൂന്ന് സീരിയലുകളിൽ അഭിനയിച്ചു. ഒന്നിൽ ഖുശ്ബുവും ഒന്നിൽ ഗൗതമിയും ഒന്നിൽ കാലായിൽ രജനീകാന്തിന്റെ നായികയായിരുന്ന ഈശ്വരി റാവുവും ആയിരുന്നു എന്റെ നായികമാർ. അതിൽ ഒരു സീരിയൽ 7 വർഷം തുടർന്നു. മലയാളത്തിൽ അവസാനം ചെയ്തത് രണ്ടു വർഷം മുമ്പ് ‘സി.ബി.ഐ ഡയറി’ എന്ന സീരിയലാണ്. 2008 മുതൽ 2012 വരെ, നാല് വർഷത്തോളം ഞാൻ ഒരു ബ്രേക്ക് എടുത്തു. കുറച്ചു കാലമായില്ലേ, ഒരു ബ്രേക്ക് വേണമെന്നു തോന്നി. ആ സമയത്താണ് ബഹ്റൈനിലെ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിച്ചത്.

സിനിമ

‘ഹാബേലിന്റെ വയലുകളാ’ണ് എന്റെ ആദ്യ സിനിമ. ഇതുവരെ 35 സിനിമകളോളം ചെയ്തു. അതിൽ തന്നെ ചില സിനിമകളിൽ നായകനായെങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ‘നാട്ടുരാജാവ്’, ‘രൗദ്രം’, ‘പരുന്ത്’, ‘പാവാട’, ‘അബ്രഹാമിന്റെ സന്തതികൾ’, ‘21–ാം നൂറ്റാണ്ട്’, ‘പുലിമുരുകൻ’ തുടങ്ങിയ സിനിമകളിലൊക്കെ നല്ല വേഷം കിട്ടി. ‘ഓർമ’, ‘തെങ്കാശിക്കാറ്റ്’, ‘മുല്ലപ്പൂ വിപ്ലവം’ തുടങ്ങിയവയാണ് അടുത്തിടെ റിലീസ് ചെയ്തത്.

അമ്മ എന്ന നോവ്

വ്യക്തി ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ട ഒരാളാണ് ഞാൻ. അതിൽ പ്രധാനം അമ്മയുടെ മരണമാണ്. 1993 ൽ ആണ് അമ്മ മരിക്കുന്നത്. ഞാൻ അപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. അത് വലിയ ഷോക്കായി. ആ ഞെട്ടലിൽ നിന്ന് ഞാൻ ഇപ്പോഴും മുക്തനല്ല. ഇപ്പോഴും അമ്മയെ ഓർക്കുമ്പോൾ കണ്ണുകൾ നിറയും. പല ഘട്ടത്തിലും അമ്മയുണ്ടായിരുന്നുവെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്. ജീവിതത്തിന്റെ തിരക്കിനിടെ വിഷമങ്ങൾ മറക്കാൻ ശ്രമിക്കും. എല്ലാ മേഖലയിലും നല്ല സുഹൃത്തുക്കൾ ധാരാളമുണ്ട്. അതാണ് വലിയ സന്തോഷം. കരിയറിൽ‌ ഞാൻ ഹാപ്പിയാണ്. എന്താഗ്രഹിച്ചുവോ അതിലേറെ കിട്ടി. ഇപ്പോൾ എറണാകുളത്താണ് താമസം.

ഞാൻ സീരിയൽ വിട്ടിട്ടൊന്നുമില്ല. നല്ല അവസരം വന്നാൽ ഇനിയും ചെയ്യും. സിനിമയിൽ വലിയ അവസരങ്ങൾ വരുന്നുണ്ട്. തമിഴിലും പടങ്ങള്‍ വരുന്നു.