Thursday 21 December 2023 12:30 PM IST : By സ്വന്തം ലേഖകൻ

നാല് സൂപ്പർഹിറ്റുകളല്ല ചർച്ചയാകേണ്ടത്, പരാജയത്തിന്റെ പടുകുഴിയിൽ വീണ ബാക്കിയുള്ളവയാണ്...മലയാള സിനിമ 2023

2023-cinema

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം സിനിമകള്‍ റിലീസ് ചെയ്ത വർഷമാണ് 2023. സൂപ്പർതാരങ്ങളുടെയും പ്രമുഖ സംവിധായകരുടെയുമുൾപ്പടെ 209 സിനിമകളാണ് തിയറ്റർ, ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലായി പ്രേക്ഷകരെ തേടിയെത്തിയത്. എന്നാൽ, ഇതിൽ സൂപ്പർ ഹിറ്റുകൾ 4 എണ്ണം മാത്രം. ഹിറ്റ്, മുടക്കു മുതൽ തിരിച്ചു കിട്ടിയവയെന്നീ ഗണത്തിൽ 13 സിനിമകളും. ബാക്കിയെല്ലാം നാടൻഭാഷയിൽ പറഞ്ഞാൽ ‘നിലം തൊടാതെ പൊട്ടി’. ഈ പ്രയോഗത്തെ ഒരു പരിഹാസമോ, തമാശയോ ആയല്ല, വലിയ പ്രതിസന്ധിയായി വേണം പരിഗണിക്കാൻ. എത്രയെത്ര പണമാണ് കുത്തിയൊഴുകിപ്പോയത്. എത്ര മനുഷ്യരുടെ അധ്വാനം, പ്രതീക്ഷകൾ, കിനാവുകളൊക്കെയാണ് വെള്ളത്തിൽ വരച്ച വരയായത്. അതുകൊണ്ടു തന്നെ വിജയിച്ച 17 സിനിമകളെക്കുറിച്ചല്ല, പരാജയത്തിന്റെ പടുകുഴിയിൽ വീണ ബാക്കിയുള്ളവയെക്കുറിച്ചാണ് സിനിമ പ്രവർത്തകർ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടത്. എന്തെന്നാൽ, ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവർത്തിക്കരുത്...മലയാള സിനിമയെന്ന വലിയ വ്യവസായം തകരരുത്...പോയ വർഷം മലയാള സിനിമയിലെ നഷ്ടക്കണക്ക് 700 കോടിയോളം രൂപ വരുമെന്ന ഫിലിം ചേംബറിന്റെ വിലയിരുത്തൽ കൂടി മുന്നിൽ കണ്ടു വേണം ഇനിയുള്ള നീക്കങ്ങൾ.

movie-2

ആരാണ് ഈ പരാജയങ്ങളുടെ ഉത്തരവാദികൾ. റിവ്യൂ ബോംബിങ്ങെന്നോ, ബ്ലാക്ക് മെയിലെന്നോ, അന്യഭാഷാ തള്ളിക്കയറ്റമെന്നോ കുറ്റം ചാർത്തി രക്ഷപ്പെടാനാണ് ശ്രമമെങ്കിൽ, സിനിമ വ്യവസായം അതിജീവിക്കാൻ പാടുപെടും...പകരം, സ്വയം വിമർശനത്തിലൂടെ, നല്ല കഥ, തിരക്കഥ, സംവിധാനം, പ്രയാഗിക നിർമാണ രീതികൾ, വിപണിയെക്കുറിച്ചുള്ള ബോധ്യം എന്നിവയിലൂന്നി മുന്നോട്ടു പോയാൽ അതിവേഗം പരിഹരിക്കാവുന്നതുമാണ് ഈ കുഴപ്പങ്ങൾ. അതോടൊപ്പം പ്രേക്ഷകരെ ബഹുമാനിക്കുക, അവരെ മുൻവിധിയോടെ സമീപിക്കാതിരിക്കുക എന്നിവ കൂടെ ശ്രദ്ധിച്ചാൽ ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ള ബാല്യം ഇനിയുമിനിയും മലയാള സിനിമയ്ക്കുണ്ട്.

ജൂഡ് ആന്തണി ജോസഫിന്റെ ‘2018’, റോബി വർഗീസിന്റെ ‘കണ്ണൂർ സ്ക്വാഡ്’, നഹാസ് ഹിദായത്തിന്റെ ‘ആർഡിഎക്സ്’, ജിത്തുമാധവന്റെ ‘രോമാഞ്ചം’ എന്നിവയാണ് 2023 ൽ മലയാളത്തിലെ സൂപ്പർഹിറ്റുകൾ. 2022 ഡിസംബർ 29ന് റിലീസ് ചെയ്ത് ‘മാളികപ്പുറം’ ത്തെയും ഈ വർഷത്തെ കണക്കിൽ ഉൾപ്പെടുത്താം. ‘2018’ ന്റെ ഓസ്‌കർ നാമനിർദേശവും അഭിമാനിക്കാവുന്ന നേട്ടമായി.

movie-3

‘നൻപകൽ നേരത്ത് മയക്കം’, ‘നെയ്‌മർ’, ‘പ്രണയവിലാസം’, ‘പാച്ചുവും അത്ഭുതവിളക്കും’, ‘പൂക്കാലം’, ‘ഗരുഡൻ’, ‘ഫാലിമി’, ‘കാതൽ’, ‘മധുര മനോഹര മോഹം’ എന്നിവയാണ് ഹിറ്റ് ചാർ‌ട്ടിലുള്ളവ. ബാക്കിയൊക്കെയും അടയാളപ്പെടുത്തലുകളില്ലാതെ കടന്നു പോയപ്പോൾ, വിജയിക്കേണ്ട ചില ചിത്രങ്ങൾക്ക് അർഹിക്കുന്ന ശ്രദ്ധ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒടിടി, സാറ്റലൈറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം തീരെ കുറഞ്ഞതും തിരിച്ചടിയായി.

മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രം ‘നേര്’, മീരാജാസ്മ‌ിൻ - നരേൻ ജോടിയുടെ ‘ക്വീൻ എലിസബത്ത്’ തുടങ്ങിയ സിനിമകളുൾപ്പെടെ ഈ വർഷം ചില സിനിമകൾ കൂടി റിലീസാകുന്നുണ്ട്. അവയുടെ വിജയപരാജയക്കണക്കുകൾ അടുത്ത വർഷത്തേക്ക് പരിഗണിക്കാവുന്ന പരുവത്തിലാകും.

അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കിയെന്നതും 2023 ന്റെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്. രജനീകാന്തിന്റെ ‘ജയിലർ’, വിജയ് ചിത്രം ‘ലിയോ’, കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട’, ഷാറുഖ് ഖാന്റെ ‘ജവാൻ’, ‘പഠാൻ’ എന്നിവ വൻ ഹിറ്റുകളായി.

movie-4

2023 ൽ മലയാള സിനിമയുടെ താരം മമ്മൂട്ടിയാണ്. ‘കണ്ണൂർ സ്ക്വാഡ്’ സൂപ്പർഹിറ്റ് ആയപ്പോൾ, ‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ’ എന്നിവ ഹിറ്റ് ചാർട്ടിലെത്തി. നടൻ, താരം, നിർമാതാവ് എന്നീ നിലകളിൽ അദ്ദേഹം നിറഞ്ഞു നിന്ന വർഷമാണ് കടന്നു പോയത്. 2022 ലെ സമാനനേട്ടം അദ്ദേഹം ആവർത്തിച്ചു എന്നതാണ് ശരി.

ശ്രദ്ധിച്ചാൽ മനസ്സിലാകുക, വിവിധ ഫ്രേയിമുകളിലുള്ള സിനിമകള്‍, വലുപ്പച്ചെറുപ്പമോ താരസാന്നിധ്യമോ പരസ്യത്തള്ളുകളോ ഇല്ലെങ്കിലും, ‘നല്ലതെങ്കിൽ കാണും’ എന്ന നിലപാടാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. അതെല്ലാക്കാലവും അങ്ങനെയാണല്ലോ, ഇനിയുമങ്ങനെയാകും. മാറ്റമില്ല...പ്രണയവിലാസം, പൂക്കാലം, ഫാലിമി, മധുര മനോഹര മോഹം എന്നിങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ...

movie-1

മുകളിൽ പറഞ്ഞതു പോലെ ഇനിയെങ്കിലും ഒരു സിനിമ തട്ടിക്കൂട്ടാം എന്ന ലാഘവത്വം ഉപേക്ഷിച്ചില്ലെങ്കിൽ‌, ഗൗരവത്തോടെ ഈ മാധ്യമത്തെ സമീപിച്ചില്ലെങ്കിൽ‌ നിർമാതാക്കളുടെ കാശ് പോകും, പലരും കടക്കെണിയിൽ പെട്ട് നട്ടം തിരിയും, ഇന്ത്യൻ സിനിമയിലെ പ്രധാന ഇൻഡസ്ട്രികളിലൊന്നായ മലയാളത്തിന്റെ ഭാവി തുലാസിലുമാകും....