Tuesday 08 January 2019 11:10 AM IST : By സ്വന്തം ലേഖകൻ

സിനിമാ വിളംബരങ്ങളിൽ ഇത് വിപ്ലവം; 15 ചാനലുകളിൽ ‘9’ ട്രെയിലർ‌ ലോഞ്ച്

9

രണ്ടായിരത്തി പത്തൊമ്പതിന്റെ കാത്തിരിപ്പിൽ മുൻപന്തിയിലാണ് പൃഥ്വിാജ് ചിത്രം ‘9’. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

ഇപ്പോഴിതാ ആകാംക്ഷയേറ്റി ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്കു മുന്നിലേക്കുത്തുകയാണ്. ബഹുവിശേഷമെന്തെന്നാൽ, കേരളത്തിലെ പ്രമുഖ 15 മലയാളം ചാനലുകൾ തത്സമയം ചിത്രത്തിന്റെ ട്രെയിലർ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കു മുന്നിലേക്കെത്തിക്കുകയാണ്. ജനുവരി 9ന് രാത്രി 9 മണിക്കാണ് ട്രെയിലർ ലോഞ്ച്. എല്ലാ ചിത്രങ്ങളുടേയും ട്രെയ്‌ലറും, ടീസറും, ഫസ്റ്റ് ലുക്കും, ഗാനങ്ങളും സമൂഹ മാധ്യമങ്ങൾ വഴി റിലീസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ ജനപ്രിയ മാധ്യമമായ ടെലിവിഷൻ വഴി ട്രെയിലർ പുറത്ത് വിട്ട് വിപ്ലവം സൃഷ്ടിക്കുകയാണ്് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ്.

100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും നയനിനുണ്ട്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രകാശ് രാജ് ആവും മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുക. നായികമാരായി മംമ്ത മോഹൻദാസും വാമിഖ ഗബ്ബിയും ഉണ്ടാവും. ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വാമിഖയുടെ രണ്ടാമത് മലയാള ചിത്രമാണിത്. ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെയും മലയാള സിനിമ പരീക്ഷിക്കാത്ത മേഖലകളിലേക്കുള്ള പ്രയാണമാവും ചിത്രമെന്നാണ് വിലയിരുത്തൽ.