Monday 10 June 2019 03:43 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ട്യൂമർ, നടി ശരണ്യ ശശിയുടെ ജീവിതം ദുരിതക്കയത്തിൽ! ഏഴാമത്തെ ശസ്ത്രക്രിയ ഉടൻ: സഹായം തേടി വിഡിയോ

saranya-new

പ്രശസ്ത സിനിമ – സീരിയൽ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവർത്തകൻ. സൂരജ് പാലാക്കാരനാണ് െഫയ്സ്ബുക്ക് വിഡിയോയിലൂടെ ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവർ അവരെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദർശിച്ച ശേഷം പങ്കുവച്ച വിഡിയോയിൽ സൂരജ് പറയുന്നു.

ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായർ പറയുന്നതും വിഡിയോയിൽ കാണാം.

‘പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’–സൂരജ് പറയുന്നു.

‘ശരണ്യയ്ക്ക് ആറുവർഷം മുമ്പ് ട്യൂമർ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാർ സഹായിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഓരോ വർഷവും ബ്രെയിൻ ട്യൂമർ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിൽ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്’.– സീമ ജി. നായർ പറഞ്ഞു.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷൻ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്നിവയാണ് പ്രധാനചിത്രങ്ങൾ. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

ഒന്ന് എഴുന്നേൽക്കണമെങ്കിൽ നാലു പേരുടെ സഹായം വേണം, ഏഴാം വട്ടവും ട്യൂമറിനോട് പൊരുതാൻ ശരണ്യ ഒറ്റയ്ക്ക്! ഹൃദയം നുറുങ്ങും ഇവളുടെ കഥ കേട്ടാൽ