‘ഞാൻ ഇപ്പോൾ സിംഗിളാണ്’: ഒരു വർഷം നീണ്ട ദാമ്പത്യം അവസാനിച്ചു: ‘ഏറ്റവും മനോഹരവും സമാധാനപരവുമായ ഘട്ടത്തില്‍’ എന്നു മീര
Mail This Article
ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് നടി മീര വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്’.– മീര കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. മീര പ്രധാന വേഷത്തിലെത്തിയ ‘കുടുംബവിളക്ക്’ അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്ന മകൻ മീരയ്ക്കുണ്ട്.