‘ജിഷ്ണുവിനെ ഓർക്കാതിരിക്കാൻ അവന്റെ ഒരു ഫോട്ടോ പോലും വീട്ടിൽ വച്ചിട്ടില്ല’: ജിഷ്ണുവിനെക്കുറിച്ച് പറഞ്ഞ് രാഘവൻ
Mail This Article
നടൻ രാഘവന്റെ മകനും യുവനായകനുമായിരുന്ന ജിഷ്ണു രാഘവന്‍ കാൻസർ ബാധിതനായി അകാലത്തിൽ മരണപ്പെട്ടത് മലയാളികൾക്ക് മറക്കാനാകാത്ത ഒരു വേദനയാണ്. ബാലതാരമായി സിനിമയിലെത്തിയ ജിഷ്ണു 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായത്. 2016 ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി.
ഇപ്പോഴിതാ, മകന്റെ ചികിത്സയെ പറ്റി ‘കാൻ ചാനൽ’ യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രാഘവൻ പറഞ്ഞതാണ് ചർച്ചയാകുന്നത്. ആരുടെയൊക്കെയോ വാക്കുകേട്ട് ജിഷ്ണു ബെംഗളൂരുവിൽ നിന്ന് ഓപ്പറേഷൻ ചെയ്തുവെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘ഞാൻ ഒരു കാര്യത്തെക്കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു. കാലമെല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ആരുടെയൊക്കെയോ വാക്കു കേട്ട് അവൻ ബെംഗളൂരുവിൽ നിന്ന് ഓപ്പറേഷൻ ചെയ്തു. ഓപ്പറേറ്റ് ചെയ്ത് തൊണ്ട മുഴുവൻ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. ഓപ്പറേഷന് പോകരുതെന്ന് ഞാനും അവന്റെ അമ്മയും പറഞ്ഞതാണ്. പക്ഷേ, പോയി ഓപ്പറേഷൻ ചെയ്തു. അതോടെ കാര്യം കഴിഞ്ഞു. ഞങ്ങൾ അനുഭവിച്ചു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പക്ഷേ, അത് കേട്ടില്ല. അവനെ ഓർക്കത്തക്ക രീതിയിൽ ഞങ്ങൾ വീട്ടിൽ ഒന്നും വച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും അവനെ ഓർക്കാറേ ഇല്ല. നിങ്ങൾ ഇപ്പോൾ ഓർമിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല’.– രാഘവന്‍ പറഞ്ഞു.