‘നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു’: മറുപടിയിൽ ‘ഭീഷണി’ വിഡിയോയുമായി ബാദുഷ
Mail This Article
കടം കൊടുത്ത 20 ലക്ഷം രൂപ തിരികെച്ചോദിച്ചതിനു മലയാള സിനിമയിലെ ഒരു പ്രമുഖനിർമാതാവ് തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ ഹരീഷ് കണാരൻ തുറന്നു പറഞ്ഞത് അടുത്തിടെയാണ്. ആ നിർമാതാവ് ബാദുഷയാണെന്നു കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തി. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹരീഷ്.
ഇപ്പോഴിതാ, ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ എൻ എം. ‘എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം. ബാദുഷ എൻ എം.’ എന്നാണ് ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ചത്.
എന്നാൽ ഈ കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ ബാദുഷ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഹരീഷ് കണാരനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ധ്വനിയുണ്ട്. ഇരുപതാം നൂറ്റാണ്ട് സിനിമയിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് മോഹൻലാലിന്റെ കഥാപാത്രം പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് ഹരീഷ് കണാരനും പ്രതികരിച്ചു. ഈ ഭീഷണി സന്ദേശത്തിൽ ഭാര്യ അടക്കം പേടിച്ചിരിക്കുകയാണെന്നും ഹരീഷ് പറയുന്നു.
കടമായി നൽകിയ 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ ബാദുഷ തന്നെ സിനിമകളിൽ നിന്ന് നീക്കം ചെയ്യുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന ഹരീഷിന്റ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.