രജിഷയ്ക്കു പകരം ദുഷാര വിജയൻ, സ്വാഗതം ചെയ്ത് ‘കാട്ടാളൻ’ ടീം
Mail This Article
ക്യൂബ്സ് എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ. മുൻപ് ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചിരുന്നത് രജിഷ വിജയനെയായിരുന്നു. രജിഷയ്ക്കു പകരമാണ് ദുഷാര എത്തുന്നത്.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന, വൻ സാങ്കേതിക മികവോടെ വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, ലോക ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നു.
കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആർ ആണ്. എഡിറ്റിങ് നിർവഹിക്കുന്നത് എഡിറ്റർ ഷമീർ മുഹമ്മദ്. രെണദേവാണ് ഡിഒപി.