‘വളരെ അച്ചടക്കമുള്ള നടനാണ്, വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്’: മമ്മൂട്ടിയുടെ വാക്കുകൾ ചർച്ചയാകുന്നു
Mail This Article
നടനെന്ന നിലയില്‍ വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും വിനായകന്‍ അച്ചടക്കമുള്ള നടനാണെന്നും മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. റിലീസിനൊരുങ്ങുന്ന ‘കളങ്കാവൽ’ സിനിമയിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് വിനായകനാണ്.
‘‘വിനായകനും ചേഞ്ചായിരിക്കും, നമുക്കും ഒരു ചേഞ്ച് ആയിരിക്കും. വിനായകന്‍ മുമ്പ് പോലീസായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനത്തെ വേഷങ്ങള്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. മറ്റ് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ സ്‌പോയിലര്‍ ആയിപ്പോവും. വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഠിനപ്രയത്‌നവും ആത്മാര്‍ഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാന്‍ പറ്റുകയുള്ളൂ.
അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരേ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ അയാള്‍ക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്. ഏത് നടനായാലും അയാള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍, നല്ല പ്രകടനം കാഴ്ചവെക്കണം. വിശ്വസിപ്പിക്കാന്‍ കഴിയണം. അതാണ് വിനായകന്റെ വിജയവും ഇപ്പോള്‍ എത്തിനില്‍ക്കുന്നതിന്റെ രഹസ്യവും’.– കളങ്കാവല്‍ റിലീസുമായി ബന്ധപ്പെട്ട് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.