‘എന്റെ ജീവിതത്തിനു ദിശ നൽകിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്’: ലാൽ ജോസ്
Mail This Article
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.
ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.
‘ശ്രീനിയേട്ടന്റെ ശരീരത്തിൽ തീയാളുകയാണിപ്പോൾ..
പതിറ്റാണ്ടുകൾക്ക് മുമ്പ് ആ മുഖത്തിനു മുന്നിൽ ക്ളാപ്പ് ബോർഡും പിടിച്ചുനിന്ന ആ പയ്യൻ ഇപ്പോൾ ഇവിടെ ഒറ്റക്കാണ്. പാവം പാവം രാജകുമാരന്റെ സെറ്റിൽ പ്രിയനടനെ, ആരാധ്യനായ എഴുത്തുകാരനെ ആദ്യമായി അടുത്തുകണ്ടപ്പോൾ അവന്റെയുളളിൽ ഉണർന്ന കൗതുകങ്ങൾ, അദ്ഭുതം, ആരാധന..ശ്രീനിയേട്ടാ, അടുത്തപ്പോൾ അതൊന്നും ഒട്ടും കുറഞ്ഞില്ല.. എത്രേയോ ഇരട്ടിയായി കൂടിയിട്ടേയുളളൂ.ഓരോ തവണ കാണുമ്പോഴും പുതിയ ഒരു ശ്രീനിവാസൻ , പുതിയ ഒരു കാഴ്ചപ്പാട്, പുതിയ ഒരു കഥ. അതായിരുന്നു അദ്ദേഹം. എന്തിന് രണ്ട് മാസം മുമ്പ് കണ്ടപ്പോഴും ഒരു കഥയുടെ പ്ളോട്ടുണ്ടായിരുന്നു അദ്ദേഹത്തിന് പറയാൻ…മുപ്പത് കൊല്ലം മുമ്പ് ലാൽജോസാണ് സംവിധാനം ചെയ്യുന്നതെങ്കിൽ താൻ എഴുതാം എന്ന് അദ്ദേഹം പറഞ്ഞ ആ നിമിഷം! അപ്രന്റീസും ജൂനിയർ അസിസ്റ്റന്റും ഒക്കെയായി ഓടിപാഞ്ഞുനടന്ന ചെറുപ്പക്കാരന് അസോസിയേറ്റ് ഡയറക്ടർ എന്ന കുറേക്കുടി വേതനവും പദവിയും ഉളള പദവിയിലേക്ക് സ്ഥാനകയറ്റം കിട്ടിയിട്ടേയുണ്ടായിരുന്നുളളൂ.. കല്ല്യാണം ജസ്റ്റ് കഴിഞ്ഞിട്ടേയുളളൂ..സംവിധാനം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടപടിയായില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന പേടി..അന്ന് ആ ചെറുപ്പക്കാരന്റെ ഏക ധൈര്യം ശ്രീനിയേട്ടന്റെ ഉളളിന്റെ ഉളളിൽ അടുത്തവർഷങ്ങളിൽ എന്നെങ്കിലും തെളിഞ്ഞേക്കാൻ സാധ്യതയുളള ഒരു ‘കനവ്’ ആയിരിന്നു..രണ്ട് രണ്ടരവർഷം ആ കനവിനായി ഞങ്ങൾ ഒരുമിച്ചിരുന്നു..അത് മറവത്തൂർ കനവായി..ലാൽ ജോസ് സംവിധായകനായി..സിനിമയെ എന്നല്ല, ലോകത്തേയും ജീവിതത്തേയും എല്ലാത്തിനേയും അമ്പരപ്പോടെ മാത്രം നോക്കിനിന്നിരുന്ന ഒറ്റപാലംകാരൻ പയ്യന് അവന്റെ ലോകത്തിലേക്ക് സഞ്ചരിക്കാനുളള ദിശ നൽകിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ ഞങ്ങളൊരുമിച്ച് ഇനിയുമൊരു സിനിമയുണ്ടെന്ന് മറവത്തൂർ കനവ് റിലീസായി എൺപത്തിനാലാം ദിവസം കയ്യടിച്ച് പറഞ്ഞൊരു വാക്ക്..പലവുരു പലകഥകളുമായി ഇരുന്നെങ്കിലും ആ വാക്ക് പാലിക്കാനായില്ല..എങ്കിലും അപാര സുന്ദരമായ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ ഓരത്ത് ഒരു ചെറു മൈൽക്കുറ്റിയായി ഞാനും ഉണ്ടായല്ലോ.. എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും..ശ്രീനിയേട്ടാ വിട!’.– ലാൽ ജോസ് കുറിച്ചു.