‘ഒരിക്കലും ഒരു ‘ചൈൽഡ് ആർട്ടിസ്റ്റ്’ ആയി കണ്ടില്ല, എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് കണ്ടത്’: രേവതി ശിവകുമാർ
Mail This Article
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.
ഇപ്പോഴിതാ, മകന്റെ അച്ഛൻ, കഥപറയുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസന്റെ മകളായി അഭിനയിച്ച നടി രേവതി ശിവകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
‘ശ്രീനി അങ്കിള്‍,
അങ്ങ് ഇനി ഇല്ല..എന്റെ മനസിന് താങ്ങാനാവാത്ത ഭാരം തോന്നുന്നു....
എന്നെ സിനിമയുടെ ലോകത്തേക്ക് കൈ പിടിച്ച് കൊണ്ടുപോയ എന്റെ ഗോഡ് ഫാദർ, എന്റെ ഗാർഡിയൻ, എന്റെ വഴികാട്ടി. സിനിമയിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പ് ‘കഥപറയുമ്പോള്‍’ എന്ന സിനിമയില്‍ അങ്ങയുടെ മകളായിട്ടായിരുന്നു. അതിനുശേഷം വീണ്ടും ‘മകന്റെ അച്ഛനി’ലും മകളായി. അത് വെറും വേഷങ്ങള്‍ ആയിരുന്നില്ല ശ്രീനി അങ്കിള്‍.. ജീവിതവും സിനിമയും ഒരുമിച്ച് ലയിച്ച നിമിഷങ്ങളായിരുന്നു അവ.
ഞാൻ ഒരു കുട്ടി മാത്രമായിരുന്നു. എങ്കിലും എന്നെ ഒരിക്കലും ഒരു ‘ചൈല്‍ഡ് ആർട്ടിസ്റ്റ്’ ആയി കണ്ടില്ല. എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് കണ്ടത്. അത് തന്നെയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഞാൻ എന്നെ വിശ്വസിക്കുന്നതിന് മുൻപ് നിങ്ങളെന്നെ വിശ്വസിച്ചു. ആ വിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. നിങ്ങള്‍ എന്നെ സംരക്ഷിച്ചു, എന്നെ നയിച്ചു, പുതിയതും അതിശക്തവുമായ ഒരു ലോകത്തില്‍ എന്നെ സുരക്ഷിതയാക്കി. ഒരുപാട് പാഠങ്ങള്‍...വാക്കുകള്‍ക്കതീതമായ ഒരുപാട് സ്നേഹം. ഒപ്പം ഓർമ്മകളും. ഇനി ഒരിക്കലും മായാത്ത ഓർമ്മകള്‍, എന്റെ ഉള്ളില്‍ എന്നും ജീവിക്കുന്ന ഓർമ്മകള്‍.
എന്റെ വിവാഹ ദിവസം അങ്ങ് വന്നിരുന്നു. ആ അനുഗ്രഹം എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ അർത്ഥമാക്കി, സിനിമയിലെ എന്റെ ആദ്യ ഫ്രെയിം മുതല്‍ ജീവിതത്തിന്റെ പുതിയ തുടക്കം വരെ, ശ്രീനി അങ്കിളിന്റെ കയ്യൊപ്പ് എല്ലായിടത്തും ഉണ്ടായിരുന്നു. മലയാള സിനിമയ്ക്ക് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടെന്നാണ് ലോകം പറയുന്നത്. എന്നാല്‍ എനിക്ക് ഇന്ന് നഷ്ടമായത്, എന്റെ ബാല്യത്തിലെ ഒരു ഭാഗമാണ്, എന്റെ ഗുരുവാണ്, എന്നെ ഞാൻ ആക്കാൻ സഹായിച്ച ഒരാളാണ്. എന്നെ കൈ പിടിച്ച് നയിച്ചതിന്, എന്നില്‍ വിശ്വസിച്ചതിന്, എനിക്ക് ഒരു തുടക്കം തന്നതിന് നന്ദി ശ്രീനി അങ്കിള്‍..നിങ്ങളുടെ സിനിമകള്‍ എന്നും ജീവിക്കും. നിങ്ങളുടെ വാക്കുകള്‍ നിലനില്‍ക്കും. പിന്നെ നിങ്ങള്‍..എന്റെ ഓർമ്മകളില്‍, എന്റെ പ്രാർത്ഥനകളില്‍, എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും....’ എന്നാണ് രേവതി ശിവകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.