മോശം അവസ്ഥയിൽ ശ്രീനിയോട് ഞാൻ ചോദിച്ചു, ‘അഡ്വാൻസ് തിരികെ തരാൻ സാധിക്കുമോ’: ഹൃദയം തൊടും കുറിപ്പ്
Mail This Article
അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവച്ച് കുറിപ്പുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ. ഒരിക്കൽ നൽകിയ അഡ്വാൻസ് തുക, തന്റെ മോശം കാലത്ത് തിരികെ ചോദിച്ചപ്പോൾ മടക്കി നൽകി സഹായിച്ചയാളാണ് ശ്രീനിയെന്ന് ദിനേശ്.
‘1989 ൽ കിരീടം നിർമിച്ചതിനുശേഷം 1991ൽ ‘ചെപ്പു കിലുക്കണ ചങ്ങാതി’ എന്ന മുകേഷ് - ജഗദീഷ് ചിത്രം ആയിരുന്നു എന്റെ അടുത്ത സിനിമാ നിർമാണം. തിരക്കഥ രാജൻ കിരിയത്ത്, വിനു കിരീയത്. സംവിധാനം കലാധരൻ. സിനിമയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ശ്രീനിവാസനും.
ഇനി നടന്ന ഒരു സംഭവം കൂടി പറയട്ടെ. അടുത്ത ഒരു ചിത്രത്തിനുവേണ്ടി ശ്രീനിവാസന് ആയിടയ്ക്ക് ഞാൻ അഡ്വാൻസ് നൽകുകയുണ്ടായി. എങ്ങനെയൊക്കെയോ സിനിമ നടക്കാതെ പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം 2000 ത്തിൽ എന്റെ മോശം അവസ്ഥയിൽ ശ്രീനിയോട് ഞാൻ അഡ്വാൻസ് തിരികെ തരാൻ സാധിക്കുമോ എന്ന് ചോദിക്കേണ്ട നിമിഷം, എനിക്ക് മടക്കി നൽകുകയുണ്ടായി. അതായിരുന്നു ശ്രീനിവാസന്റെ മഹത്വം. സ്നേഹവും നന്മയും ചിരിയും തമാശയും മാത്രം എന്നോട് കാണിച്ചിട്ടുള്ള ശ്രീനിയെ എന്നും ഞാൻ മിസ് ചെയ്യും’ എന്നാണ് ദിനേശ് കുറിച്ചത്.
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.