‘രണ്ട് മീനാക്ഷി...ഒന്ന് തള്ളയില്ലാത്ത മീനാക്ഷി... അടുത്തത് കാവ്യ മാധവന്‍, അടുത്ത് ഹണി റോസ്...’: വിദ്വേഷ കമന്റിനു മറുപടിയുമായി താരം
Mail This Article
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ മോശം കമന്റുമായി എത്തിയയാൾക്ക് മറുപടിയുമായി യുവനടി മീനാക്ഷി. മതബോധത്തെ കുറിച്ചുള്ള കുറിപ്പിനൊപ്പം ഒരു കണ്ണാടിക്കരുകിൽ നിൽക്കുന്ന തന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്.
‘കമന്റുകളിലെ മതബോധങ്ങളുടെ പ്രതിഫലനം’ എന്ന തലക്കെട്ടില്‍,
‘കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കുറച്ച് കമന്റുകള്‍ വിവിധ മതങ്ങളില്‍ പെട്ടവരെങ്കിലും അവരില്‍ പൊതുവായി ഒരു ഏകീകരണമുണ്ടായത് (അത് സ്ഥിരമായി നിന്നിരുന്നുവെങ്കില്‍ മനോഹരമായേനെ) ഞാന്‍ പറഞ്ഞതിന് എതിരായി രൂപപ്പെട്ടതാണ്.
അപ്പോള്‍ എനിക്ക് തോന്നിയത് മതത്തെ തീവ്രമായി ഇഷ്ടപ്പെടുന്ന വിവിധ മത പ്രതിനിധികളും മതങ്ങളെ അത്ര ഇഷ്ടമല്ലാത്ത (വെറുപ്പില്ല) ഞാനും ഒരു പൊതു വേദിയില്‍ ഒരു സംവാദമുണ്ടാവുകയാണെങ്കില്‍ ഈ പ്രതിനിധികള്‍ ഒന്നു ചേര്‍ന്ന് എന്നെ എതിര്‍ക്കുകയും ‘നിശബ്ദ’യാക്കുകയും ചെയ്യും എന്നതുറപ്പ്. പിന്നെയവിടെ നടക്കുക പരസ്പരം ‘നിശബ്ദ’മാക്കുന്നതിന്റെ….‘ശബ്ദകോലാഹല’ ങ്ങളായിരിക്കും….’ എന്നായിരുന്നു മീനാക്ഷിയുടെ കുറിപ്പ്.
ഇതിനാണ്, ദിലീപിന്റേയും മഞ്ജു വാരിയരുടേയും മകള്‍ മീനാക്ഷിയുടെ പേര് ചേര്‍ത്ത് ഒരു ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നു മോശം കമന്റെത്തിയത്.
‘രണ്ട് മീനാക്ഷി ഒന്ന് തള്ളയില്ലാത്ത മീനാക്ഷി. അടുത്തത് കാവ്യ മാധവന്‍ അടുത്ത് ഹണി റോസ് വിവരമില്ലാത്ത ഇതിനെയൊക്കെ പിടിച്ചു വിവരം വെക്കാന്‍ വേണ്ടി ഏതെങ്കിലും വലിയ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ക്കണം അല്ലാതെ ഇതിന്റെ അഹങ്കാരം തീരില്ല’ എന്നായിരുന്നു കമൻറ്.
ഇതിന് മറുപടിയായി, ‘പണ്ഡിതയും … സര്‍വ്വോപരി സകലതും തികഞ്ഞ എന്നാല്‍ FB അക്കൗണ്ട് കെട്ടിപ്പൂട്ടിയ ധീര വനിതയുമായ സൂസന്‍ മാഡത്തിന് ശിഷ്യപ്പെടുന്നതിനേക്കുറിച്ചൊന്ന് പഠിക്കട്ടെ…’ എന്നാണ് മീനാക്ഷി കുറിച്ചത്.
മീനാക്ഷിക്ക് പിന്തുണയുമായി നിരവധിയാളുകളാണ് എത്തുന്നത്.