പ്രതിഫലം എത്രയെന്ന് ചോദ്യം? സനയെ മെയില്‍ വഴി ഡേറ്റിങ്ങിന് ക്ഷണിച്ച് വ്യവസായി: പരസ്യമായി പ്രതികരിച്ച് താരം Sana Althaf Exposes Dating Proposal Emails
Mail This Article
മോശമായി പെരുമാറിയ വ്യക്തിക്ക് കണക്കിന് പൊതുജനധ്യത്തിൽ തുറന്നുകാട്ടി നടി സന അൽത്താഫ്. ഇ മെയിൽ വഴി തുടർച്ചയായി ഡേറ്റിങ്ങിന് ക്ഷണിച്ച വ്യക്തിയെയാണ് സ്ക്രീന്‍ഷോട്ട് സഹിതം സന അൽത്താഫ് സോഷ്യൽ മീഡിയയിലൂടെ തുറന്നുകാട്ടിയത്.. മൂന്ന് തവണയായി തനിക്ക് വന്ന ഇ മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് സന പ്രതികരിച്ചത്. സനയ്ക്ക് ഡേറ്റിങ്ങിന് നൽകുന്ന പ്രതിഫലമടക്കം സൂചിപ്പിച്ചാണ് മെയില്‍ അയച്ചിരിക്കുന്നത്.
‘വൗ.. എന്തൊരു പ്രഫഷണൽ റൊമാന്റിക് പ്രൊപ്പോസൽ’ എന്ന് പറഞ്ഞാണ് സന ഇ–മെയിൽ സന്ദേശങ്ങളുടെ സ്കീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എൻ.ബാലാജി ബാലാജി എന്ന മെയിൽ ഐഡിയിൽ നിന്നാണ് സനയ്ക്ക് ഡേറ്റിങ്ങിനുള്ള ക്ഷണം വന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തുന്നത്. സനയുമായി ഡേറ്റിങ്ങിന് താൽപര്യമുണ്ടെന്ന് അറിയിച്ചാണ് ബാലാജിയുടെ സന്ദേശം. എത്രയാണ് പ്രതിഫലമെന്നും ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലോ ഡേറ്റിങ്ങ് പ്ലാൻ ചെയ്യാമെന്നും സനയ്ക്ക് വന്ന സന്ദേശത്തിൽ ബാലാജി പറയുന്നുണ്ട്. സെപ്റ്റംബറിലും ഡിസംബറിലുമായി മൂന്ന് മെയിലുകളാണ് ഇയാൾ അയച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സന തനിക്ക് ഇ മെയിൽ സന്ദേശം അയച്ച വ്യക്തിയെ തുറന്നു കാട്ടിയത്. ഒരേ തരത്തിലുള്ള സന്ദേശമാണ് പല തവണയായി ഈ വ്യക്തി അയച്ചിരിക്കുന്നത് ഇവയുടെ സ്ക്രീൻഷോട്ടുകൾ സന പങ്കുവച്ചു.
നടൻ ഹക്കീം ഷാജഹാന്റെ പങ്കാളിയാണ് സന അൽത്താഫ്. ‘വിക്രമാദിത്യന്‍’ എന്ന സിനിമയിൽ ദുൽഖറിന്റെ സഹോദരിയായാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘മറിയം മുക്കിൽ’ ഫഹദ് ഫാസിലിന്റെ നായികയായി. ‘റാണി പദ്മിനി’ ‘ബഷീറിന്റെ പ്രേമലേഖനം’ ‘ഒടിയൻ’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിൽ ‘ചെന്നൈ 28’ന്റെ രണ്ടാം ഭാഗത്തിലും ‘ആർകെ നഗറി’ലും പ്രധാന സന വേഷങ്ങൾ ചെയ്തു.