രാജന്‍ സക്കറിയ ഒരു വരവ് കൂടി വരും...‘ടോക്സിക്’ ചർച്ചകൾക്കിടെ ‘കസബ’ നിർമാതാവിന്റെ പോസ്റ്റ്
Mail This Article
‘ടോക്സിക്’ സിനിമയിലെ ചൂടൻ രംഗങ്ങളുടെ പേരിൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെ, രാജന്‍ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് ‘കസബ’ നിര്‍മാതാവ് ജോബി ജോര്‍ജിന്റെ പോസ്റ്റ്. മുൻപ് കസബ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്നു ചൂണ്ടിക്കാട്ടി നടി പാർവതി തിരുവോത്ത് ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചർച്ചയായിരുന്നു. ആ വേദിയിൽ പാർവതിക്കൊപ്പം പിന്തുണയുമായി ഉണ്ടായിരുന്നതിലൊരാൾ ഗീതുമോഹൻദാസാണ്.
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ കന്നഡ സിനിമ ‘ടോക്സിക്ക്’ന്റെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാണ്. യാഷിന്റെ കഥാപാത്രം റായയുടെ മാസ് ഇൻട്രൊയാണ് ടീസറില്‍. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
കടുത്ത ഹോട്ട് ദൃശ്യങ്ങളാണ് ടീസറിൽ.
ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നടി പാര്‍വതി തിരുവോത്തിനു നേരെയും സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം കടുക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പാര്‍വതി പങ്കുവച്ച വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും ചുവടെയാണ് രൂക്ഷമായ പ്രതികരണങ്ങളും പരിഹാസവും നിറയുന്നത്. ഇതിനിടെയാണ് രാജന്‍ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് ‘കസബ’ നിര്‍മാതാവ് ജോബി ജോര്‍ജും ഫെയ്സ്ബുക്കില്‍ കുറിച്ചത്.
യാഷും ഗീതു മോഹൻദാസും ചേർന്നാണ് ‘ടോക്സിക്’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്.