‘പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്’: ഗീതുവിനു പിന്തുണയുമായി റിമ rima kallingal support geethu mohandas toxic controversy
Mail This Article
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ കന്നഡ സിനിമ ‘ടോക്സിക്ക്’ന്റെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാണ്. യാഷിന്റെ കഥാപാത്രം റായയുടെ മാസ് ഇൻട്രൊയാണ് ടീസറില്‍. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കടുത്ത ഹോട്ട് ദൃശ്യങ്ങളാണ് ടീസറിൽ.
ടീസര്‍ വന്നതിനു പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനു നേരെ കടുത്ത സൈബർ ആക്രമണമാണുണ്ടാകുന്നത്. ഇപ്പോഴിതാ, ഗീതുവിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ടീസറിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ അശ്ലീലം എന്നു വിളിച്ചു അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായി ‘ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും’ എന്ന പേരിൽ എന്ന സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി റിമ പങ്കുവച്ചു.
റിമ ഷെയർ ചെയ്ത കുറിപ്പ് –
ഡീയസ് ഈറെ പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ എത്രത്തോളം ആളുകളാണ് അതുല്യ ചന്ദ്രയെ വെറുമൊരു ‘സെഡക്റ്റീവ് ഒബ്ജക്റ്റ്’ (ഭോഗവസ്തു) ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്‌നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവത്തെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.
ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ‘ഡീയസ് ഈറെ’യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പൊലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു; ലൈംഗികതയുടെ മുഴുവൻ സദാചാര ഭാരവും സ്ത്രീ മാത്രം ചുമക്കേണ്ട ഒന്നാണോ ?
ലൈംഗികതയെക്കുറിച്ചാണെങ്കിൽ ഉടനെ നമ്മുടെ നോട്ടം സ്ത്രീയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇപ്പോൾ, ‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് ‘വൃത്തികെട്ടത്’ ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ വസ്തുവൽക്കരണമായും, അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങൾ. കൂടുതൽ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാർമ്മികമായും സ്ത്രീകൾക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു. ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ഭാവങ്ങളോ ശബ്ദങ്ങളോ ഒക്കെ ഇവിടെ ഇപ്പോഴും അഴുക്കായാണ് കാണപ്പെടുന്നത്.
നമുക്ക് ‘മായാനദി’യും ‘4 ഇയേഴ്സും’ ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു പക്വതയെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെകുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും ആ നോട്ടത്തിലെ വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാരണ ചെയ്യുകയും യഥാർത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.