‘ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിൽ താൽപര്യമില്ലാതായി, കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം’: മനസ്സ് തുറന്ന് പാർവതി
Mail This Article
കുട്ടിക്കാലത്തേ അമ്മയാകണം എന്നു തോന്നിയിരുന്നുവെന്നും ഏഴ് വയസ്സിൽ തന്നെ കുഞ്ഞിന്റെ പേര് വരെ കണ്ടുവച്ചിരുന്നുവെന്നും നടി പാർവതി തിരുവോത്ത്. എന്നാൽ പ്രസവിക്കാൻ താൽപര്യമില്ലെന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായും ഹൗട്ടർഫ്ളൈ എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു.
‘കുട്ടിക്കാലത്തേ അമ്മയാകണം എന്നു തോന്നിയിരുന്നു. ഏഴ് വയസ്സിൽ കുഞ്ഞിന്റെ പേരു വരെ കണ്ടുവച്ചിരുന്നു. എന്നാൽ മുതിർന്നപ്പോൾ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിൽ താൽപര്യമില്ലാതായി. ഇപ്പോൾ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം. നന്നേ ചെറുപ്പത്തിലേ ദത്തെടുക്കണം എന്ന ആഗ്രഹം തോന്നിയിരുന്നു’.– പാർവതി പറയുന്നു.
തന്റെ അണ്ഡം ശീതീകരിച്ചിട്ടില്ലെന്നും ശരീരത്തെ അതിലൂടെ കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ദത്തെടുക്കാൻ ഒരിക്കൽ തയാറായേക്കുമെന്നും താരം. മകളുടെ പേര് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ടെന്നും പാർവതി വ്യക്മാക്കി.
‘‘അമ്മയാകുന്നതിനായാണ് ഞാൻ ജനിച്ചതെന്നു വരെ തോന്നിയിട്ടുണ്ട്. ഭാഗ്യത്തിന് അന്നാ ചിന്തയിൽ നിന്നു ഞാൻ പുറത്ത് കടന്നു. ദൈവത്തിന് നന്ദി. അന്നത്തെ ആ ഞാൻ ഇന്ന് എവിടെയും ഇല്ല. പക്ഷേ പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. അത് എനിക്ക് എന്റെ വളർത്തുനായയിൽ നിന്ന് ലഭിച്ചതാണ്. ഒരു കുഞ്ഞ് വേണമെന്ന് ഭാവിയിൽ തോന്നിയാല്‍ അത് എന്റെ പങ്കാളിയുടെയും അംശങ്ങൾ ഉള്ള ഒരു കുഞ്ഞ് വേണമെന്ന നിമിഷത്തിൽ മാത്രമായിരിക്കും’.– പാർവതി അഭിമുഖത്തിൽ വ്യക്തമാക്കി.