‘സാരമില്ല മോളേ, വിഷമിക്കേണ്ട...അദ്ദേഹത്തിനു നിന്നെ ഓർമ്മയുണ്ടാകും’: മനോഹരമായ കുറിപ്പുമായി കുഞ്ഞാറ്റ Teja Lakshmi's Joyful Encounter with Kamal Haasan
Mail This Article
ഇന്ത്യൻ സിനിമയുടെ അഭിനയചക്രവർത്തി കമൽ ഹാസനെ നേരിൽ കണ്ടതിന്റെയും വിശേഷങ്ങൾ പങ്കുവച്ചതിന്റെയും സന്തോഷം കുറിച്ച് നടി ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി. ഉർവശിക്കും തനിക്കുമൊപ്പമുള്ള കമലിന്റെ ചിത്രങ്ങളും താരപുത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിക്കാലത്ത് അമ്മയോടൊപ്പം സിനിമ സെറ്റിൽ വാശിപിടിച്ചു കരഞ്ഞിരുന്ന തന്നെ കമൽ സാർ എടുത്തു നടക്കുമായിരുന്നു എന്നും തനിക്കിഷ്ടപ്പെട്ട പലഹാരങ്ങൾ തരുമായിരുന്നു എന്നും തേജാലക്ഷ്മി കുറിച്ചു.
‘വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, അമ്മയോടൊപ്പം ‘പഞ്ചതന്ത്രം’ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ പൊതുവേ വാശികാണിക്കുന്ന കുട്ടിയായിരുന്നില്ല എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ ഞാൻ കരയാതിരിക്കാന്‍ കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കും, എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരും. ചെറുപ്പം മുതലേ കേൾക്കുന്ന കഥയാണ്, എനിക്കതൊന്നും ഓർമ്മയില്ലെങ്കിലും.
വർഷം 2025, സൈമ അവാർഡ്സ്. ഞാൻ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും. അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്താൻ മറന്നു. ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കി, എങ്ങനെ അടുത്തുചെന്ന് ഒരു ‘ഹായ്’ പറയുമെന്ന് മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്കു വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്നു നേരത്തെ പോകേണ്ടിയും വന്നു. അന്നു ഞാൻ ശരിക്കും കരഞ്ഞു പോയി. അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’. അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കാണാം’. ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ‘ആ ഒരു ദിവസം’ വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.
ഒടുവിൽ ആ ദിവസം വന്നെത്തി!! എന്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി. ശരിയായ സമയമാകുമ്പോൾ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ’– തേജാലക്ഷ്മി കുറിച്ചതിങ്ങനെ.